മെൽബണിൽ നടത്താനിരുന്ന അർജന്റീന - ബ്രസീൽ സൗഹൃദ മത്സരം റദ്ദാക്കി
ഖത്തർ ലോകകപ്പിന് മുന്നോടിയായി അടുത്ത മാസം പതിനൊന്നിനാണ് മെൽബണിൽ അർജന്റീന ബ്രസീൽ സൗഹൃദമത്സരം തീരുമാനിച്ചിരുന്നത്

മെല്‍ബണ്‍: ലോകകപ്പിന് മുന്നോടിയായി മെൽബെണിൽ നടത്താനിരുന്ന അർജന്റീന - ബ്രസീൽ മത്സരം റദ്ദാക്കി. മെൽബണിൽ കളിക്കാനാകില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി ബ്രസീലിയൻ ഫെഡറേഷൻ സ്ഥിരീകരിച്ചു. എ.എഫ്.എയ്ക്കെതിരെ വിക്ടോറിയ കായികമന്ത്രി രംഗത്തെത്തി.
ഖത്തർ ലോകകപ്പിന് മുന്നോടിയായി അടുത്ത മാസം പതിനൊന്നിനാണ് മെൽബണിൽ അർജന്റീന ബ്രസീൽ സൗഹൃദമത്സരം തീരുമാനിച്ചിരുന്നത്. അഞ്ച് വർഷം മുൻപും അർജന്റീന ബ്രസീൽ മത്സരത്തിന് മെൽബൺ വേദിയായിട്ടുണ്ട്. അന്ന് അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. എന്നാൽ ഇത്തവണ മെൽബണിലേക്ക് യാത്രചെയ്യാൻ കഴിയില്ല എന്ന് അർജന്റീന ടീം അറിയിച്ചതോടെയാണ് മത്സരം റദ്ദ് ചെയ്തത്.
ബ്രീസിലിയൻ ഫെഡറേഷനാണ് മത്സരം ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ തന്നെ വിക്ടോറിയ കായികമന്ത്രി മാർട്ടിൻ പക്കൂല എ.എഫ്.എയ്ക്കെതിരെ രംഗത്തെത്തി.
മത്സരം റദ്ദ് ചെയ്തത് മോശമാണെന്നും കാണികളോട് എ.എഫ്.എ ഉത്തരം പറയണമെന്നും മന്ത്രി പറഞ്ഞു. അറുപതിനായിരം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിച്ചത്. കാണികൾക്ക് പണം തിരികെ നൽകാനാണ് നിലവിലെ തീരുമാനം. അതേസമയം ഇരുവരും തമ്മിലുള്ള മാറ്റിവെച്ച ലോകകപ്പ് യോഗ്യത മത്സരം സെപ്തംബറിൽ നടന്നേക്കും. അർജന്റീനയ്ക്ക് പകരം ഏതെങ്കിലും ആഫ്രിക്കൻ രാജ്യവുമായി സൗഹൃദമത്സരം കളിക്കാനാണ് ബ്രസീലിന്റെ തീരുമാനം. കൊറിയയേയും ജപ്പാനേയും ജൂൺ ആദ്യവാരം അവർ നേരിടുന്നുണ്ട്. കോപ്പ അമേരിക്ക - യൂറോകപ്പ് ജേതാക്കളുടെ സൂപ്പർ പോരാട്ടത്തിൽ ജൂൺ 1 ന് അർജന്റീന ഇറ്റലിയോട് ഏറ്റുമുട്ടും.
Adjust Story Font
16