അർജന്റീന കളിക്കാരെ പിടികൂടാൻ പൊലീസ് ഗ്രൗണ്ടിൽ; ബ്രസീൽ - അർജന്റീന മത്സരം മാറ്റിവച്ചു
കളി തുടങ്ങി ഏഴാം മിനുട്ടിലാണ് അസ്വാഭാവിക സംഭവങ്ങളുണ്ടായത്
ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് മൂന്ന് അർജന്റീനാ കളിക്കാരെ പിടികൂടാൻ ബ്രസീൽ പൊലീസ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടർന്ന് ലോകകകപ്പ് ദക്ഷിണ അമേരിക്ക യോഗ്യതാ റൗണ്ടിലെ ബ്രസീൽ - അർജന്റീന മത്സരം മാറ്റിവെച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഇംഗ്ലണ്ടിൽ നിന്നെത്തിയ പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനസ്, ജിയോവനി ലോസെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ പിടികൂടാനാണ് പൊലീസെത്തിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു നാടകീയ സംഭവങ്ങൾ.
യു.കെ, ദക്ഷിണാഫ്രിക്ക, വടക്കേ അയർലന്റ്, ഇന്ത്യ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസങ്ങളിൽ സഞ്ചരിച്ചവർ ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് ബ്രസീൽ ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് നിലനിൽക്കെയാണ് ടോട്ടനം താരങ്ങളായ ലോസെൽസോ, റൊമേറോ, ആസ്റ്റൻവില്ല കീപ്പർ മാർട്ടിനസ് എന്നിവരെ അർജന്റീന കോച്ച് ലയനൽ സ്‌കലോനി സ്റ്റാർട്ടിങ് ഇലവനിൽ എടുത്തത്. മറ്റൊരു പ്രീമിയർ ലീഗ് താരമായ എമിലിയാനോ ബുവെൻഡിയയും ടീമിലുണ്ടായിരുന്നു. കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ നേരിട്ട അതേ ടീമിനെയാണ് ഇന്നു പുലർച്ചെ ഇറക്കിയത്.
ദക്ഷിണ അമേരിക്കയിലെ വൻശക്തികൾ തമ്മിലുള്ള മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന മത്സരത്തിനെത്തുന്ന പ്രീമിയർ ലീഗിലെ കളിക്കാരെ തടഞ്ഞുവെക്കണമെന്ന് ബ്രസീൽ ആരോഗ്യവിഭാഗമായ അൻവിസ, എമിഗ്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ 14 ദിവസത്തിൽ ഇംഗ്ലണ്ടിൽ തങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അർജന്റീനാ താരങ്ങൾ സത്യവാങ്മൂലം നൽകിയത്. ഇതേത്തുടർന്ന് പാസ്‌പോർട്ട് പരിശോധിച്ചപ്പോഴാണ് കളിക്കാർ പറയുന്നത് അസത്യമാണെന്ന് ബോധ്യമായതെന്ന് അൻവിസ പറയുന്നു.
കോവിഡ് റെഡ് ലിസ്റ്റിലുള്ള ബ്രസീലിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് അർജന്റീന കളിക്കാരെ പ്രീമിയർ ലീഗ് അധികൃതരും വിലക്കിയിരുന്നു. ഇത് വകവെക്കാതെയാണ് കോപ ഫൈനലിൽ കളിച്ച താരങ്ങൾ കോച്ചിന്റെ ക്ഷണം സ്വീകരിച്ചെത്തിയത്. ഇന്നലെ അർജന്റീനക്കെതിരെ പ്രഖ്യാപിച്ച സ്റ്റാർട്ടിങ് ഇലവനിൽ ഒരു പ്രീമിയർ ലീഗ് താരത്തെ പോലും ബ്രസീൽ കോച്ച് ടിറ്റേ ഉൾപ്പെടുത്തിയിരുന്നില്ല.
Adjust Story Font
16