Quantcast

തെരുവില്‍ ഐസ്ക്രീം വിറ്റും കാറുകള്‍ കഴുകിയും ബാല്യം, തോക്കിന്‍ മുനയില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍... ആരാണ് റിച്ചാർലിസന്‍?

ഫുട്ബോൾ രക്ഷിച്ച ജീവിതമെന്നാണ് സ്വന്തം ജീവിതത്തെ റിച്ചാർലിസൻ അടയാളപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Published:

    25 Nov 2022 1:13 AM GMT

തെരുവില്‍ ഐസ്ക്രീം വിറ്റും കാറുകള്‍ കഴുകിയും ബാല്യം, തോക്കിന്‍ മുനയില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍... ആരാണ് റിച്ചാർലിസന്‍?
X

ലോകത്ത് ഇന്നുള്ള ഏതൊരു യുവ ഫുട്ബോളറെക്കാളും സാഹസികത നിറഞ്ഞ ജീവിതകഥയാണ് ബ്രസീലിന്റെ വീരനായകനായ റിച്ചാർലിസന്റേത്. ഫുട്ബോൾ രക്ഷിച്ച ജീവിതമെന്നാണ് സ്വന്തം ജീവിതത്തെ റിച്ചാർലിസൻ അടയാളപ്പെടുത്തുന്നത്.

അസാധാരണമായൊരു ജീവിതകഥയാണ് റിച്ചാർലിസൻ എന്ന ഇരുപത്തിയഞ്ചുകാരന്റേത്. ആറാം വയസ്സിൽ തന്നെ അച്ഛനും അമ്മയും പിരിഞ്ഞുപോയൊരു കുട്ടി. പല ബ്രസീലിയൻ താരങ്ങളെയും പോലെ ഫവേലകളിൽ അഥവാ ചേരികളിൽ ഉടലെടുത്ത ജീവിതം.തെരുവിൽ ഐസ്ക്രീമും ചോക്ലേറ്റും വിറ്റു. കാറുകൾ കഴുകി. ഒരു കഫേയിൽ വെയിറ്ററായി. കൽപ്പണിക്കാരനൊപ്പം സഹായിയായി. പഠിക്കാൻ മിടുക്കനല്ലാതിരുന്ന വിദ്യാർഥിയെക്കുറിച്ച് അധ്യാപകർ ഓർക്കുന്നുണ്ട്. പക്ഷെ അവൻ അച്ചടക്കം ഇല്ലാത്ത കുട്ടി ആയിരുന്നില്ലെന്ന് പറയും എലിസാഞ്ചേല എന്ന അധ്യാപിക.

പതിനാലാം വയസ്സിൽ നെറുകയിൽ അമർന്ന ഒരു തോക്കിന്റെ കാഞ്ചിയിൽ നിന്ന് ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തിയിട്ടുണ്ട് റിച്ചാര്‍ലിസൻ. ഒരു മയക്കുമരുന്ന് വ്യാപാരിയുടെ കോംപൗണ്ടിലേക്ക് അബദ്ധത്തിൽ കടന്നുപോയതിനായിരുന്നു അത്. ഒരുപാട് സുഹൃത്തുക്കൾ തെറ്റിലേക്ക് നടന്നപ്പോൾ ഫുട്ബോളിന്റെ ലോകത്തേക്ക് അവൻ വഴിമാറി. അവന്റെ കഴിവുകൾ ബോധ്യപ്പെട്ട അയൽക്കാരന്റെ വാക്കു കേട്ട് അച്ഛൻ 10 ഫുട്ബോളുകൾ വാങ്ങി നൽകി. കഠിനമായ ചുറ്റുപാടിൽ നിന്ന് നൊവാ വെനേസിയയിലെ അമ്മായിയുടെ അടുത്തേക്ക് വിട്ടു. ആ യാത്രയാണ് തന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ ബ്രസീലിനായി ഇരട്ട ഗോൾ നേടുന്ന അവിസ്മരണീയ മുഹൂർത്തത്തിലേക്ക് റിച്ചാര്‍ലിസനെ എത്തിച്ചിരിക്കുന്നത് .

ഒരു കളിക്കാരനെന്നതിലുപരി ഒരു നല്ല മനുഷ്യനാണ് ഈ ഇരുപത്തിയഞ്ചുകാരനെന്ന് സഹതാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കരിയർ റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും മണ്ണിൽചവിട്ടി നിൽക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് നേരത്തേ പറഞ്ഞ കല്ലും മുള്ളും നിറഞ്ഞ കുട്ടിക്കാല വഴികളാകാം.

TAGS :

Next Story