ചാരിറ്റി മാച്ചിൽ കക്കയെ വീഴ്ത്തി അപകടകരമായ ടാക്ലിങ്; ബ്രസീലിയൻ താരം രക്ഷപ്പെട്ടത് ഭാഗ്യത്തിന്- വീഡിയോ
റോബർട്ടോ കാർലോസ്, ഡേവിഡ് വിയ, ഏദൻ ഹസാർഡ്, ദിദിയർ ദ്രോഗ്‌ബെ തുടങ്ങി ഇതിഹാസ താരങ്ങൾ ബൂട്ടുകെട്ടി.
ദോഹ: മാസ്മരിക പ്രകടനത്തിലൂടെ ഫുട്‌ബോൾ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ബ്രസീലിയൻ ഇതിഹാസ താരം റിക്കാർഡോ കക്ക. കാൽപന്തുകളിയിൽ നിന്ന് വിരമിച്ചെങ്കിലും 41ാം വയസിലും കളിക്കളത്തിലെ സ്‌കിലുകൾ നഷ്ടമായില്ലെന്ന് തെളിയിക്കുകയായിരുന്നു ദോഹയിൽ നടന്ന പ്രദർശന മത്സരത്തിൽ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 'മാച്ച് ഫോർ ഹോപ്പ് ' സംഘടിപ്പിച്ചത്. മുൻ ആഴ്‌സനൽ പരിശീലകൻ ആഴ്‌സൻ വെങ്ങർ പരിശീലിപ്പിക്കുന്ന ടീം ചങ്ക്‌സും മുൻ ടോട്ടനം കോച്ച് ആന്റോണിയോ കോണ്ടേയുടെ നേതൃത്വത്തിലുള്ള ടീം അബോഫ്‌ളയുമാണ് കളത്തിലിറങ്ങിയത്. കക്കയെ കൂടാതെ റോബർട്ടോ കാർലോസ്, ഡേവിഡ് വിയ, ഏദൻ ഹസാർഡ്, ദിദിയർ ദ്രോഗ്‌ബെ, ക്ലൗഡ് മക്കലേല തുടങ്ങി ഇതിഹാസ താരങ്ങൾ ചാരിറ്റി മാച്ചിൽ ബൂട്ടുകെട്ടി. അബോഫ്‌ളക്കായി കളത്തിലിറങ്ങിയ കക്ക അത്യുജ്ജ്വല ഗോളും സ്‌കോർ ചെയ്തു.
Speed just tackled Kaka 😭😭pic.twitter.com/jPkMK5qxs6
— CentreGoals. (@centregoals) February 23, 2024
മാച്ചിൽ മുൻ എസി മിലാൻ താരത്തിന്റെ ഗോൾനേട്ടത്തോടൊപ്പം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു നിമിഷം കൂടിയുണ്ടായിരുന്നു. പന്തുമായി മുന്നേറുന്നതിനിടെ പിറകിൽ നിന്ന് വേഗതയിലെത്തി എതിർതാരം കക്കയെ ടാക്ലിൽ ചെയ്തതാണ് വൈറലായത്. ഐ ഷോ സ്പീഡ് എന്നറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബറാണ് നിയന്ത്രണം നഷ്ടമായി അപകടകരമാംവിധം ടാക്ലിങ് നടത്തിയത്. ഇതേ തുടർന്ന് കക്ക നിലതെറ്റി താഴെവീണു.
ഈ നീക്കത്തിൽ റഫറി മഞ്ഞക്കാർഡും നൽകി. റീപ്ലേയിൽ പന്തിനല്ല കാലിലാണ് ലക്ഷ്യം വെച്ചതെന്ന് കൃത്യമായി കാണുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ഗുരുതര പരിക്കേൽക്കാതെ ബ്രസീലിയൻ താരം രക്ഷപ്പെട്ടത്. ഈ നീക്കത്തിന് മഞ്ഞ കാർഡല്ല നേരിട്ട് ചുവപ്പ് കാർഡാണ് നൽകേണ്ടിയിരുന്നതെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു. 2007ൽ ബാലൻഡിയോർ പുരസ്‌കാരം നേടിയ കക്ക റിട്ടയർമെന്റ് കാലത്തും ഫുട്‌ബോൾ വേദികളിൽ സജീവമാണ്. യൂട്യൂബറായ താരം കണ്ടന്റ് സൃഷ്ടിക്കാനായി മന:പൂർവ്വം സൃഷ്ടിച്ചതാണെന്ന ആരോപണവും ആരാധകർ ഉന്നയിക്കുന്നു
Adjust Story Font
16