Quantcast

ബ്രസീൽ പരിശീലകനാകാൻ ഡോറിവൽ ജൂനിയർ; ലക്ഷ്യം കോപ്പ അമേരിക്ക

നേരത്തെ സാന്റോസ് എഫ്സി, ഫ്ളമെംഗോ, അത്ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Jan 2024 6:48 AM GMT

ബ്രസീൽ പരിശീലകനാകാൻ ഡോറിവൽ ജൂനിയർ; ലക്ഷ്യം കോപ്പ അമേരിക്ക
X

റിയോ ഡി ജനീറോ: ഖത്തർ ലോകകപ്പിന് ശേഷം സ്ഥിരത പുലർത്താൻ പ്രയാസപ്പെടുന്ന ബ്രസീൽ ദേശീയ ടീമിന് പ്രതീക്ഷയേകി പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്സിയുടെ ഹെഡ് കോച്ച് ഡാറിവൽ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ബ്രസീലിന്റെ ക്ഷണം ഡോറിവൽ സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. മോശം പ്രകടനത്തെ തുടർന്ന് താൽകാലിക കോച്ച് ഫെർണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഡോറിവൽ ജൂനിയർ സാവോ പോളോയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.നേരത്തെ സാന്റോസ് എഫ്സി, ഫ്ളമെംഗോ, അത്ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്. സാവോ പോളോ, ഫ്ളമെംഗോ, സാന്റോസ് എഫ്സി എന്നീ ക്ലബ്ബുകൾക്കൊപ്പം ബ്രസീലിയൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയാണ് പുതിയ പരിശീലകനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ഡിനിസ് എത്തിയത്. കഴിഞ്ഞ ജൂലൈയിൽ സ്ഥാനമേറ്റെടുത്ത ദിനിസിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങൾ മാത്രമാണ് നേടാനായത്. നവംബറിൽ അർജന്റീനയോട് സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർച്ചയായ മൂന്ന് പരാജയങ്ങൾ നേരിട്ടിരുന്നു. തുടർന്ന് വിദേശ പരിശീലകനെ കൊണ്ടുവരുന്നതിനും ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമം നടത്തി. റയൽമാഡ്രിഡ് പരിശീലകൻ കാർലോ അൻസലോട്ടിയായെയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അടുത്തിടെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി രണ്ട് വർഷത്തേക്ക് കൂടി ഇറ്റാലിയൻ പരിശീലകൻ കരാർ പുതുക്കിയതോടെ ബ്രസീലിൽ നിന്നുതന്നെ പരിശീലകനെ കണ്ടെത്തുകയായിരുന്നു.

TAGS :

Next Story