Quantcast

ബ്രസീല്‍ അവസാനമായി തോല്‍വി വഴങ്ങിയത് അര്‍ജന്‍റീനയോട്, അര്‍ജന്‍റീനയുടെ അവസാന തോല്‍വി ബ്രസീലിനോടും...!

ചിരവൈരികളായ ഇരു ടീമുകളും ഒരു രാജ്യാന്തര മത്സരത്തില്‍ തോല്‍വി അറിഞ്ഞിട്ട് രണ്ട് വര്‍ഷമായി... അതിനൊരവസാനമാകും കോപ്പ ഫൈനല്‍

MediaOne Logo

Web Desk

  • Updated:

    2021-07-09 05:01:00.0

Published:

9 July 2021 2:47 AM GMT

ബ്രസീല്‍ അവസാനമായി തോല്‍വി വഴങ്ങിയത് അര്‍ജന്‍റീനയോട്, അര്‍ജന്‍റീനയുടെ അവസാന തോല്‍വി ബ്രസീലിനോടും...!
X

കോപ്പ അമേരിക്കയുടെ കലാശപ്പോരിന് ഞായറാഴ്ച പന്തുരുളുമ്പോള്‍ മറ്റൊരു അപൂര്‍വതയും പിറക്കും. ചിരവൈരികളായ ഇരു ടീമുകളും ഒരു രാജ്യാന്തര മത്സരത്തില്‍ തോല്‍വി അറിഞ്ഞിട്ട് രണ്ട് വര്‍ഷമായി... അതിനൊരവസാനമാകും കോപ്പ ഫൈനല്‍. മത്സരത്തെ രസകരമാക്കുന്ന മറ്റൊരു വസ്തുതയെന്താണെന്ന് വെച്ചാല്‍ ബ്രസീല്‍ അവസാനമായി തോല്‍വി വഴങ്ങിയത് അര്‍ജന്‍റീനയോടും അര്‍ജന്‍റീന അവസാനമായി തോല്‍വി വഴങ്ങിയത് ബ്രസീലുമായുമാണ് എന്നതാണ്.

അർജന്‍റീന അവസാനമായി ഒരു മത്സരം തോല്‍ക്കുന്നത് 2019 ജൂലൈൈയിലാണ്. അതും കോപ്പ അമേരിക്ക സെമിയില്‍. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറിപ്പടയാണ് മെസിയെയും കൂട്ടരേയും ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ അതിന് ശേഷം നടന്ന 19 മത്സരങ്ങളിലും അര്‍ജന്‍റീന തോല്‍വിയറിഞ്ഞിട്ടില്ല. 12 ജയവും ഏഴ് സമനിലയും. സെമിയില്‍ കൊളംബിയയുമായി ഷൂട്ടൗട്ട് യുദ്ധം ജയിച്ചെത്തുന്ന അർജന്‍റീന വീണ്ടും ബ്രസീലിന് മുന്നിലേക്ക് എത്തുകയാണ്...

അതേസമയം തുടർച്ചയായി പതിമൂന്ന് മത്സരങ്ങളിൽ തോൽവിയറിയാതെയെത്തുന്ന ബ്രസീലും അവസാനമായി തോറ്റത് അർജന്‍റീനയോടാണ്. അതും രണ്ട് വര്‍ഷം മുമ്പ് 2019 നവംബറില്‍. അന്ന് നടന്ന സൗഹൃദ മത്സരത്തിൽ മെസിയുടെ ഗോളിലാണ് അർജന്‍റീന ബ്രസീലിനെ കീഴടക്കിയത്. പിന്നീട് നടന്ന 13 മത്സരങ്ങളില്‍ നിന്നായി പന്ത്രണ്ട് ജയവും ഒരു സമനിലയും. ഒടുവില്‍ പെറുവിനെ ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ കോപ്പ ഫൈനലിലേക്കും. ഇതോടെ ഫൈനലില്‍ ഏറ്റുമുട്ടുന്ന ഇരുടീമുകളും അവസാനമായി തോൽവി വഴങ്ങിയവരോട് തന്നെയാണ് കലാശപ്പോരിനിറങ്ങുന്നതെന്ന അപൂര്‍വതക്കും ഫുട്ബോള്‍ ലോകം സാക്ഷിയാകുകയാണ്.

2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല എന്നതും ഈ കോപ്പ ഫൈനലിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ വീഴ്ത്താനായിട്ടില്ല . 91ന് ശേഷം ഇരുവരും ആദ്യം ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്. പിന്നീട് നടന്ന 2007ലെ കോപ്പ ഫൈനലിലും ബ്രസീലിനായിരുന്നു വിജയം.

എങ്കിലും നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം അര്‍ജന്‍റീനക്ക് തന്നെയാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്‍റീനക്കൊപ്പമായിരുന്നു. 91ന് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയനിക്കാനായത്. പിന്നെ ഒരു സെമിഫൈനലിലും...ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അര്‍ജന്‍റീനയാണ് മുന്നില്‍. 14 തവണ അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്. പക്ഷേ 90കള്‍ക്ക് ശേഷമുള്ള ബ്രസീലിന്‍റെ കരുത്ത് പരിശോധിക്കുമ്പോള്‍ അര്‍ജന്‍റീന പിന്നിലാണെന്ന് തന്നെ പറയേണ്ടിവരും. 91ലും 93ലും കിരീടം നേടിയ ശേഷം അര്‍ജന്‍റീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. 89 തൊട്ട് 2019 വരെയുള്ള കണക്കെടുക്കുമ്പോള്‍ ബ്രസീല്‍ കിരീടമുയര്‍ത്തിയത് ആറ് തവണയും...മാത്രമല്ല, നിലവിലെ കോപ്പ ചാമ്പ്യന്മാര്‍ കൂടിയാണ് ബ്രസീല്‍ എന്ന വസ്തുതയും ചേര്‍ത്ത് വായിക്കേണ്ടി വരും. മറുവശത്ത് 90ന് ശേഷം കിരീടനേട്ടമുണ്ടാക്കാന്‍ അര്‍ജന്‍റീനക്ക് സാധിച്ചില്ലെങ്കിലും നാല് തവണ ഫൈനലിലാണ് ടീം വീണുപോയത്..

TAGS :

Next Story