Quantcast

'ജോവോ മരിയോ, നിങ്ങൾ പത്രത്തിന്റെ തലക്കെട്ടുകൾ നശിപ്പിക്കുകയാണ്'; ക്രിസ്റ്റിയാനോയെ അവഗണിച്ചെന്ന വാദം നിഷേധിച്ച്‌ ബ്രൂണോ ഫെർണാണ്ടസ്

ടീമിൽ ഭിന്നതയില്ലെന്നും ക്രിസ്റ്റിയാനോയും ബ്രൂണോയും തമ്മിൽ തമാശ പറഞ്ഞതാണെന്നും ജോവോ മരിയോ ആദ്യം പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-16 12:26:01.0

Published:

15 Nov 2022 4:13 PM GMT

ജോവോ മരിയോ, നിങ്ങൾ പത്രത്തിന്റെ തലക്കെട്ടുകൾ നശിപ്പിക്കുകയാണ്; ക്രിസ്റ്റിയാനോയെ അവഗണിച്ചെന്ന വാദം നിഷേധിച്ച്‌ ബ്രൂണോ ഫെർണാണ്ടസ്
X

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ദേശീയ ടീം ക്യാമ്പിൽ വെച്ച് അവഗണിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രുണോ ഫെർണാണ്ടസ്. മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്ന കാര്യമാണിതെന്നും അല്ലാതെ യാതൊരു കഴമ്പുമില്ലെന്ന മട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. വിഷയത്തിൽ സഹതാരമായ പോർച്ചുഗീസ് മിഡ്ഫീൽഡർ ജോവോ മരിയോ ആദ്യം പ്രതികരിച്ചിരുന്നു. 'ഞാൻ ചിത്രങ്ങൾ കണ്ടു, അതവർക്കിടയിലുള്ള ഒരു തമാശയായിരുന്നു. ക്യാമ്പിൽ അവസാനമെത്തിയത് ബ്രൂണോയായിരുന്നു. അപ്പോൾ ക്രിസ്റ്റിയാനോ ചോദിച്ചു : നീ ബോട്ടിൽ കയറിയാണോ വന്നത്' മരിയോ വ്യക്തമാക്കി. ടീമിൽ യാതൊരു ഭിന്നതയുമില്ലെന്നും പറഞ്ഞു. ഈ ക്ലിപ്പ് പങ്കുവെച്ചാണ് ബ്രൂണോ ഇൻസ്റ്റഗ്രാമിൽ കാര്യം വ്യക്തമാക്കിയത്. 'ഓ ജോവോ മരിയോ, അവിടെ നിങ്ങൾ പത്രത്തിന്റെ തലക്കെട്ടുകൾ നശിപ്പിക്കുകയാണ്' ഇമോജികൾ സഹിതം ബ്രൂണോ ഇൻസ്റ്റഗ്രാം സ്റ്ററ്റസിൽ കുറിച്ചു.

മിക്കപ്പോഴും റൊണാൾഡോയെ കേന്ദ്രീകരിച്ച് വാർത്തകൾ വരാറുണ്ടെന്നും എല്ലാവരും എല്ലായിപ്പോഴും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നുവെന്നും ജോവോ പറഞ്ഞു. തങ്ങൾക്ക് ഇത് സ്ഥിരം കാര്യമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജ്മെന്റിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരെ തുറന്നടിച്ചതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബിലെ സഹതാരം കൂടിയായ ബ്രുണോ ഫെർണാണ്ടസ് അവഗണിച്ചുവെന്നായിരുന്നു വിവാദം. ഹസ്തദാനം ചെയ്യാൻ കൈനീട്ടിയ ക്രിസ്റ്റിയാനോയോട് മാഞ്ചസ്റ്റർ താരമായ ബ്രുണോ തണുപ്പൻ മട്ടിൽ പ്രതികരിക്കുന്നതിന്റെയും അധികം സംസാരത്തിനു നിൽക്കാതെ നടന്നകലുന്നതിന്റെയും ദൃശ്യങ്ങൾ സി.എൻ.എൻ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നു. എന്നാൽ വീഡിയോ തമാശ മട്ടിലുള്ളതാണെന്നും ബ്രുണോ ക്രിസ്റ്റിയാനോയെ അവഗണിച്ചു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പോർച്ചുഗീസ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ അവകാശപ്പെട്ടിരുന്നു.

ലോകകപ്പിനു മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിർത്തിവെച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ ലോകകപ്പിനൊരുങ്ങുന്ന ദേശീയ ടീമിന്റെ ക്യാമ്പിൽ ചേർന്നിരുന്നു. ക്യാമ്പിൽ മാഞ്ചസ്റ്ററിലെ സഹതാരം ഡിയോഗോ ഡാലോട്ടിനൊപ്പം സൂപ്പർ താരം പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും അവസാനമായി ടീമിനൊപ്പം ചേർന്ന ബ്രുണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ഹസ്തദാന വീഡിയോ പുറത്തുവന്നത്.

പോർച്ചുഗൽ ദേശീയ ടീമിന്റെ ഡ്രസ്സിങ് റൂം എന്ന് തോന്നിക്കുന്ന സ്ഥലത്തുവെച്ചാണ് ക്രിസ്റ്റ്യാനോ ബ്രുണോ ഫെർണാണ്ടസിനു നേരെ കൈനീട്ടിയത്. ആദ്യം അവഗണിച്ച ബ്രുണോ പിന്നീട് താൽപര്യമില്ലാത്ത മട്ടിൽ ഹസ്തദാനം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ സൂപ്പർ താരത്തോട് ഒന്നുരണ്ട് വാക്കുകൾ പറഞ്ഞ് മിഡ്ഫീൽഡർ നടന്നകലുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജ്മെന്റിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരെ ക്രിസ്റ്റിയാനോ നടത്തിയ ആരോപണങ്ങൾ യുനൈറ്റഡിലെ കളിക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടീമിൽ അംഗമായിരിക്കെ സീസൺ നടുവിൽ വെച്ച് താരം അധികൃതർക്കെതിരെ തുറന്നടിച്ച് ശരിയല്ലെന്ന പക്ഷക്കാരാണ് മിക്ക കളിക്കാരും. ക്ലബ്ബ് ആരാധകരും സൂപ്പർതാരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.

Bruno Fernandes has denied allegations that he neglected Cristiano Ronaldo

TAGS :

Next Story