Quantcast

ക്ലബ് ഫുട്‌ബോളിൽ തകർപ്പൻ ഫോമിൽ; എന്നിട്ടും ഹമ്മൽസ് 'ജർമനി'ക്ക് പുറത്ത്

സമീപകാലത്തെ ഫോമാണ് പരിശീലകൻ നാഗെൽസ്മാൻ സെലക്ഷന്റെ മാനദണ്ഡമാക്കിയതെങ്കിൽ ആ ടീമിൽ ഉറപ്പായും ഇടംപിടിക്കേണ്ട താരമായിരുന്നു ഹമ്മൽസ്.

MediaOne Logo

Sports Desk

  • Published:

    2 Jun 2024 6:58 PM GMT

ക്ലബ് ഫുട്‌ബോളിൽ തകർപ്പൻ ഫോമിൽ; എന്നിട്ടും ഹമ്മൽസ് ജർമനിക്ക് പുറത്ത്
X

ബുണ്ടെസ് ലീഗയിലെ മോസ്റ്റ് ഗ്ലാമറസ് ഡിഫൻഡർ.. മാറ്റ്‌സ് ജൂലിയൻ ഹമ്മൽസിനെ ആരാധകർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. വർഷങ്ങൾ ഏറെയായി ദേശീയ ജഴ്‌സിയിലും ജർമൻ ക്ലബ് ഫുട്‌ബോളിലും തലയെടുപ്പോടെ നിൽക്കുന്ന താരം. 2014 ലോകകപ്പ് നേടിയ ജർമൻ ടീമിലെ അംഗം. 'നിർണായക സമയങ്ങളിൽ ഗോളടിക്കുന്ന പ്രതിരോധ താരം'... വർത്തമാനകാല ഫുട്‌ബോളിൽ ചുരുക്കം പേരാണ് ഈ ഗണത്തിൽ ഉൾപ്പെടുന്നത്. ഇതിൽ ആദ്യ പേരുകാരനാണ് മാറ്റ് ഹമ്മൽസ്. സെറ്റ്പീസുകളിൽ എതിരാളികളുടെ വലതുളക്കുന്ന ഹമ്മൽസിന്റെ ബുള്ളറ്റ് ഹെഡ്ഡറുകൾ ഫുട്‌ബോൾ ലോകം ഒരുപാടു തവണ കണ്ടതാണ്. മത്സര ഗതിമാറ്റിയ ഈ ഗോളുകളാണ് ബയേൺ മ്യൂണികിന്റേയും ബൊറൂസിയ ഡോർട്ട്മുണ്ടിന്റേയും ജർമൻ ടീമിന്റേയും ഷെൽഫിലിരിക്കുന്ന പല ട്രോഫികളായി പരിണമിച്ചത്. കരിയറിലെ അവസാന ലാപ്പിലാണെങ്കിലും തളരാത്ത പോരാളിയായി കാൽപന്തു മൈതാനങ്ങളിൽ അയാൾ നിറഞ്ഞുനിൽക്കുന്നു. മുൻനിര യൂറോപ്യൻ ക്ലബുകളെ പരാജയപ്പെടുത്തി ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിയപ്പോൾ പ്രതിരോധ കോട്ടയുടെ കാവൽകാരനായി ഈ 35 കാരനുണ്ടായിരുന്നു.

കളിക്കളത്തിൽ സ്വയം മറന്ന് പോരാടുമ്പോഴും ദേശീയ ടീമിന് ഹമ്മൽസിനെ ആവശ്യമില്ല. സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചപ്പോൾ പ്രതിരോധ നിരയിൽ താരത്തിന്റെ പേരില്ല. സമീപകാലത്തെ ഫോമാണ് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ സെലക്ഷന്റെ മാനദണ്ഡമാക്കിയതെങ്കിൽ ആ ടീമിൽ ഉറപ്പായും ഇടംപിടിക്കേണ്ട താരമായിരുന്നു ഹമ്മൽസ്. മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ ടാക്കിളുകളും (27), ഡ്യുവലുകളുമായി (79) കളംനിറഞ്ഞ ഹമ്മൽസ് ക്ലിയറൻസിലും കഴിഞ്ഞ സീസണിൽ മുന്നിലായിരുന്നു. 120 കിലോമീറ്ററാണ് വെറ്ററൻ താരം ഇതിനകം ഗ്രൗണ്ടിൽ ഓടിതീർത്തത്. നാല് താരങ്ങൾ മാത്രമാണ് ഈ നേട്ടത്തിൽ താരത്തിന് മുന്നിലുള്ളത്.

പി.എസ്.ജി തട്ടകമായ പാർക്ക് ഡെസ് പ്രിൻസസിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് നിർണായക സെമി. എംബാപെയുടേയും ടീമിന്റേയും സ്വപ്‌നങ്ങൾ തച്ചുടച്ച് 50ാം മിനിറ്റിൽ ഹമ്മൽസിന്റെ ബുള്ളറ്റ് ഹെഡ്ഡർ. ആ ഒരൊറ്റ ഗോൾ ബൊറൂസിയയെ എത്തിച്ചത് പ്രസ്റ്റീജ്യസായ യൂറോപ്പിന്റെ സ്വപ്ന ഫൈനലിലേക്കായിരുന്നു. ജർമനിക്കായും തന്റെ മുൻക്ലബായ ബയേൺ മ്യൂണികിനായും സമാനമായ ഗോളുകൾ താരത്തിന്റെ ബൂട്ടിൽ നിന്ന് പിറന്നിട്ടുണ്ട്.

സ്വന്തം നാട്ടിൽ നടക്കുന്നതിനാൽ ഇത്തവണ യൂറോ ജർമനിക്ക് ജീവൻമരണ പോരാട്ടമാണ്. സമീപകാലത്തെ കിരീടവരൾച്ചക്ക് പരിഹാരം ഈ യൂറോയിലൂടെ കാണാനാകുമെന്നാണ് ടീം ഉറച്ചുവിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായി തയാറെടുപ്പുകൾ നേരത്തെതന്നെ നാഗെൽസ്മാൻ ആരംഭിച്ചിരുന്നു. ദേശീയ ടീമിനോട് വിടപറഞ്ഞ ടോസി ക്രൂസിനെ തിരിച്ചു കൊണ്ടുവന്നു. എന്നാൽ പ്രതിരോധത്തിൽ റയൽ മാഡ്രിഡ് താരം ആന്റോണിയോ റൂഡിഗർ-ലെവർകൂസൻ താരം ജൊനാഥൻ താ കോമ്പിനേഷനാണ് മുൻ ബയേൺ മാനേജറുടെ മനസിൽ. വയസ് എന്ന മാനദണ്ഡമുപയോഗിച്ചാണ് ഹമ്മൽസിനെ ജർമൻ ടീം മാനേജ്‌മെന്റ് വെട്ടിയത്.

'വ്യക്തിയെന്ന നിലയിൽ ഈ തീരുമാനം ഹൃദയ ഭേദകമാണ്. ജർമനിയിലെ അഞ്ച് പ്രതിരോധ താരങ്ങളിലൊരാളാണ് ഞാനെന്ന് പറയാൻ എനിക്ക് കോൺഫിഡൻസുണ്ട്. എന്നാൽ കഴിഞ്ഞ മാർച്ച് മുതൽ അവിടെ ഒരു ഗ്രൂപ്പ് വളരുകയാണ്. ഞാനത് മനസിലാക്കുന്നു' - യൂറോകപ്പ് സ്‌ക്വാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ഹമ്മൽസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ചാമ്പ്യൻസ് ലീഗിലടക്കം സ്വപ്‌നതുല്യ പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്കുള്ള പ്രവേശനം നിഷേധിച്ചതിൽ താരത്തിന്റെ ഏറ്റവും സൗമ്യമായ പ്രതികരണമായി ഇതിനെ കാണാം.

TAGS :

Next Story