ഐ ലീഗ് മത്സരങ്ങൾക്ക് വേദിയാകാൻ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം
കോഴിക്കോട്: തുടങ്ങാനിരിക്കുന്ന ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ അരങ്ങേറും. ഡിസംബർ മൂന്നിന് രാത്രി ഏഴ് മണിക്ക് നടക്കുന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ മിസോറം ക്ലബ് ആയ ഐസ്വാൾ എഫ് സിയെയാണ് ഗോകുലം കേരള എഫ്.സി നേരിടുന്നത്.
തുടർന്ന് ഡിസംബർ 7ന് ചർച്ചിൽ ബ്രദേഴ്സ് എഫ്.സി ഗോവയുമായാണ് രണ്ടാം ഹോം മത്സരം. പുതിയ സ്പാനിഷ് പരിശീലകനായ അന്റോണിയോ റൂയെഡക്ക് കീഴിൽ കഴിഞ്ഞ മൂന്നുമാസങ്ങളായി ടീം പരിശീലനം നടത്തിവരികയാണ്. സെപ്റ്റംബറിൽ ലേയിൽ വച്ച് നടന്ന ക്ലൈമറ്റ് കപ്പിൽ മുഴുവൻ ഇന്ത്യൻ പ്ലയേഴ്സുമായി മത്സരിച്ച ടീം ചാമ്പ്യൻമാരായിരുന്നു.
ബാഴ്സലോണ ബി താരമായിരുന്ന സ്പാനിഷ് താരം ആബേലഡോ, സെർജിയോ (സ്പെയിൻ ), മാർട്ടിൻ ചാവേസ് (ഉറുഗ്വായ്), അഡാമാ (മാലി ) തുടങ്ങിയ വിദേശ താരങ്ങളും വി പി സുഹൈർ, മൈക്കിൾ സൂസൈ രാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ അടക്കമുള്ള അനുഭവ സമ്പന്നരായ ഇന്ത്യൻ താരങ്ങളും ടീമിലുണ്ട്.
മൂന്നാം ഐലീഗ് കിരീടം നേടി ഐ.എസ്.എൽ പ്രവേശനം നേടുകയാണ് ടീമിന്റെ ലക്ഷ്യം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തിവരുന്നത്. നവംബർ 22ന് നടക്കുന്ന സീസണിലെ ആദ്യമത്സരത്തിൽ ഹൈദരാബാദ് ക്ലബ്ബായ ശ്രീനിധി എഫ്.സി യെ നേരിടാനായി ടീം 20ന് പുറപ്പെടും.
Adjust Story Font
16