Quantcast

സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ തകർത്ത് കാലിക്കറ്റ് എഫ്സി, പോയിന്റ് പട്ടികയിൽ ഒന്നാമത്

കാലിക്കറ്റിന് വേണ്ടി ബെൽഫോർട്ടാണ് രണ്ട് ഗോളും നേടിയത്

MediaOne Logo

Web Desk

  • Published:

    13 Oct 2024 1:11 AM GMT

calicut fc
X

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ മലപ്പുറം എഫ്സിക്കെതിരെ കാലിക്കറ്റ് എഫ്സിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. കാലിക്കറ്റിന് വേണ്ടി ബെൽഫോർട്ടാണ് രണ്ട് ഗോളും നേടിയത്. ജയത്തോടെ ടീം പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി.

സ്വന്തം ഗ്രൗണ്ടിൽ വിജയിക്കാനാകുന്നില്ലെന്ന പരാതി തീർത്ത മത്സരമായിരുന്നു കാലിക്കറ്റ് എഫ് സിയുടേത്. രണ്ട് ടീമുകളും മികച്ച കളി പുറത്തെടുത്ത മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായി. 23ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം മലപ്പുറത്തിൻറെ അലക്സ് സാഞ്ചസിന് ഗോളാക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറം കളം നിറഞ്ഞു. ഫസലു റഹ്മാനും അലക്സിസ് സാഞ്ചസും ആക്രമിച്ച് കളിച്ചു. അൻപത്തിയാറാം മിനിറ്റിൽ കാലിക്കറ്റിൻറെ ലീഡ് . ജിജോക്ക് പകരം നായകനായെത്തിയ ഗനി നിഗം നൽകിയ പാസ് ബെൽഫോർട്ട് ലക്ഷ്യത്തിലെത്തിച്ചു. ആറ് മിനിറ്റിനുള്ളിൽ ബ്രിട്ടോയുടെ ക്രോസിൽ തലവെച്ച് ബെൽഫോർട്ട് രണ്ടാം ഗോളും നേടി.

81ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ പെഡ്രോ മാൻസി മലപ്പുറത്തിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ഒമ്പത് മഞ്ഞകാർഡുകളാണ് കളിയിൽ കണ്ടത്. കാലിക്കറ്റ് എഫ് സി കിരീടം നേടുമെന്ന് ടീം അംബാസിഡർ ബേസിൽ ജോസഫ് പറഞ്ഞു. 13,000ത്തോളം കാണികൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയിരുന്നു.

TAGS :

Next Story