ട്വിസ്റ്റ്: രണ്ട് ഗോളിന് പിന്നിട്ട ശേഷം തകർപ്പൻ തിരിച്ചുവരവുമായി മുംബൈ സിറ്റി എഫ്.സി
ജയത്തോടെ മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു
ചെന്നൈ: എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിന്നിടുക, എന്നിട്ട് കളി അവസാനിക്കുമ്പോൾ പിന്നിട്ട ടീം നാല് ഗോളിന്റെ മാർജിനിൽ വിജയിക്കുക. ഇതായിരുന്നു ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കണ്ടത്. മുംബൈ സിറ്റി എഫ്.സിയുടെതാണ് ട്വിസ്റ്റോടെയുള്ള വിജയം. എതിരാളി ചെന്നൈയിൻ എഫ്.സി. രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം.
ജോർജ് പെരെയ്ര ഡയസ്, ഗ്രെറ്റ് സ്റ്റെവാർട്ട്, വിനീത് റായ്, വിഗ്നേഷ് ദക്ഷിണമൂർത്തി, അൽബർട്ടോ നൊഗേര, ബിപിൻ സിങ് എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ വിസിലിന് പിന്നാലെ തന്നെ കളി മുറുകിയിരുന്നു. പന്ത് ഇരുഗോൾമുഖത്തും കയറിയിറങ്ങിയപ്പോൾ ആദ്യ ഗോൾ വന്നത് 19ാം മിനുറ്റിൽ. ചെന്നൈക്കായി പീറ്റർ സ്ലിസ്‌കോവിച്ച് ആദ്യ വെടിപ്പൊട്ടിച്ചു. 32ാം മിനുറ്റിൽ ഖയാതിയുടെ വക രണ്ടാം ഗോൾ. ചെന്നൈ എതില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന നിമിഷം.
അല്‍പായുസെ ആഘോഷങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. രണ്ടാം ഗോളിന്റെ ആരം അടങ്ങും മുമ്പെ പെരേര ഡയസിലൂടെ മുംബൈ ഗോൾ മടക്കി. സ്‌കോർ 2-1. ആദ്യ പകുതിയിടെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് സ്റ്റെവാർട്ട് മുംബൈക്ക് സമനില നേടിക്കൊടുത്തു(2-2). രണ്ടാം പകുതിയിലായിരുന്നു മുംബൈയുടെ ആറാട്ട്. 15 മിനുറ്റുകൾക്കുള്ളിൽ വന്നത് മൂന്ന് ഗോളുകൾ. അതോടെ ചെന്നൈ തളർന്നു. അത്ഭുതങ്ങൾക്കായി ചെന്നൈയുടെ മുന്നേറ്റ നിര കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ ലഭിച്ച അവസരം ഗോളാക്കി ബിപിൻ സിങ്, മുംബൈക്കായി ആറാം ഗോളും നേടി.
ജയത്തോടെ മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ആറാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്.സി. ഇരു ടീമുകളും പുതിയ സീസണില്‍ തോറ്റിട്ടില്ല എന്നതാണ് കൗതുകകരം. ആറ് മത്സരങ്ങള്‍ ഇരു ടീമുകളും പൂര്‍ത്തിയാക്കി. മൂന്ന് വീതം ജയവും സമനിലയുമാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഹൈദരാബാദ് അഞ്ച് മത്സരങ്ങളും വിജയിച്ചു. ഒന്നില്‍ സമനില. 16 പോയിന്റോടെ ഹൈദരാബാദ് എഫ്.സിയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.
Adjust Story Font
16