മരണമുഖത്തു നിന്ന് ജീവിതത്തിലേക്ക്; ഒടുക്കമിതാ വീണ്ടും മൈതാനത്ത്
നീണ്ട ഏഴുമാസത്തെ ഇടവേളക്കു ശേഷം ക്രിസ്റ്റ്യന്‍ എറിക്‌സൺ വീണ്ടും മൈതാനങ്ങളിലേക്ക് തിരിച്ചെത്തുകയാണ്
ഡെന്മാർക്ക് സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്‌സണെ ഫുട്‌ബോൾ ആരാധകർക്ക് പെട്ടെന്ന് മറക്കാനാവുമോ. യൂറോ കപ്പിൽ ഫിൻലന്‍റിനെതിരായ മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് ആരാധകരെ മുഴുവൻ കണ്ണീലിരാഴ്ത്തിയ എറിക്‌സൺ മരണമുഖത്തു നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫുട്‌ബോൾ ലോകം എങ്ങനെ മറക്കാനാണ്. ഫുട്ബോള്‍ ലോകത്തിന്‍റെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമായിരുന്നു എറിക്സന്‍റെ തിരിച്ചുവരവ്.
ഇപ്പോഴിതാ നീണ്ട ഏഴുമാസത്തെ ഇടവേളക്കു ശേഷം എറിക്‌സൺ വീണ്ടും മൈതാനങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. ഇക്കുറി ജനുവരി ട്രാൻസ്ഫര്‍ വിന്റോ അവസാനിക്കുമ്പോൾ അത്ര ശ്രദ്ധേയമായ കൂടുമാറ്റങ്ങളൊന്നും ഫുട്‌ബോൾ ലോകത്ത് നടന്നിട്ടില്ല. എന്നാല്‍ എറിക്‌സന്‍റെ തിരിച്ചുവരവിനെ ഫുട്‌ബോൾ ലോകം ആഘോഷമാക്കുകയാണിപ്പോൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ് ഫോർഡാണ് എറിക്‌സണെ സ്വന്തമാക്കിയത്. ഈ സീസൺ അവസാനിക്കുന്നത് വരെ എറിക്‌സൺ ബ്രെന്റ്‌ഫോർഡിനായി പന്തുതട്ടും.
മുമ്പ് ലോകഫുട്‌ബോളിലെ പലമുൻനിര ടീമുകൾക്കും വേണ്ടി എറിക്‌സൺ പന്തുതട്ടിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ തന്നെ ടോട്ടനത്തിന്റെ താരമായിരുന്ന എറിക്‌സൺ പിന്നീട് ഇന്റർമിലാനിലേക്ക് കൂടുമാറി. ഇന്‍ററിനൊപ്പം സീരി എ കിരീടനേട്ടത്തിൽ പങ്കാളിയാവാനും എറിക്‌സണ് സാധിച്ചു.
അയാക്സിലാണ് എറിക്സണ്‍ കളിച്ചുതുടങ്ങിയത്. പിന്നീട് ടോട്ടനത്തിലേക്ക് ചേക്കേറുകയായിരുന്നു. ടോട്ടനത്തിനായി 305 മത്സരങ്ങളിൽ എറിക്സണ്‍ ബൂട്ടണിച്ചിട്ടുണ്ട്. ഡെന്മാർക്കിന് വേണ്ടി 109 മത്സരങ്ങൾ കളിച്ച എറിക്സൺ 36 ഗോളുകൾ നേടിയിട്ടുണ്ട്.
Adjust Story Font
16