Quantcast

നാഴികക്കല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ, എവർട്ടനെ കീഴടക്കി മാഞ്ചസ്റ്റർ

സീസണിലെ ആദ്യ ഫീൽഡ് ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ 700-ാം ക്ലബ്ബ് ഗോൾ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-10-10 01:24:00.0

Published:

10 Oct 2022 1:23 AM GMT

നാഴികക്കല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ, എവർട്ടനെ കീഴടക്കി മാഞ്ചസ്റ്റർ
X

ലണ്ടൻ: സീസണിലാദ്യമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടനെ കീഴടക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. 700 കരിയർ ഗോളുകളെന്ന നാഴികക്കല്ല് ക്രിസ്റ്റ്യാനോ പിന്നിട്ട എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ച റെഡ് ഡെവിൾസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. ലിവർപൂളിനെ കീഴടക്കി ആഴ്‌സനൽ കരുത്തുകാട്ടിയപ്പോൾ ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം ടീമുകളും ജയം കണ്ടു.

പോയ വാരത്തിലെ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് 6-3 ന് തോറ്റ യുനൈറ്റഡ് ഇന്നലെ ആദ്യമായി കാസമിറോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ക്രിസ്റ്റിയാനോ ഒരിക്കൽക്കൂടി ബെഞ്ചിലിരുന്നാണ് കളിയാരംഭിച്ചത്. അഞ്ചാം മിനുട്ടിൽ കാസമിറോ വരുത്തിയ പിഴവ് മുതലെടുത്ത് എവർട്ടൻ അല്കസ് ഇവോബിയിലൂടെ മുന്നിലെത്തിയപ്പോൾ ഒരിക്കൽക്കൂടി കളി കൈവിടുകയാണോ എന്ന് തോന്നിച്ചു.

എന്നാൽ, 15-ാം മിനുട്ടിൽ യുവതാരം ആന്റണി സന്ദർശകരെ ഒപ്പമെത്തിച്ചു. ആന്റണി മാർഷ്യൽ നൽകിയ പാസ് ബോക്‌സിൽ സ്വീകരിച്ച ബ്രസീലിയൻ താരം എവർട്ടൻ കീപ്പർക്ക് അവസരം നൽകാതെ മികച്ച രീതിയിൽ ഫിനിഷ് ചെയ്യുകയായിരുന്നു. അരങ്ങേറ്റത്തിനു ശേഷം തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തിയ ആന്റണി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ യുനൈറ്റഡ് താരമായി.

പരിക്കേറ്റ ആന്റണി മാർഷ്യലിന് പകരക്കാരനായി 29-ാം മിനുട്ടിലാണ് ക്രിസ്റ്റിയാനോ കളത്തിലെത്തിയത്. 44-ാം മിനുട്ടിൽ സൂപ്പർ താരം തന്റെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തു. പ്രത്യാക്രമണത്തിനിടെ ഇടതു ഫ്‌ളാങ്കിൽ കാസമിറോ നൽകിയ പാസ് പിടിച്ചെടുത്തു കുതിച്ച ക്രിസ്റ്റ്യാനോ ഇടങ്കാൽ കൊണ്ടുള്ള ഷോട്ടിൽ വലകുലുക്കി.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്ററിന്റെ ടോപ് സ്‌കോററായിരുന്ന ക്രിസ്റ്റിയാനോ ഈ സീസണിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. യൂറോപ്പ ലീഗിൽ പെനാൽട്ടിയിലൂടെ നേടിയ ഗോൾ മാത്രമാണ് സീസണിൽ താരത്തിന് ഇതിനു മുമ്പുണ്ടായിരുന്ന ഏക സമ്പാദ്യം.

സ്പോർട്ടിങ് ലിസ്ബൺ, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കു വേണ്ടി കളിച്ച ക്രിസ്റ്റ്യാനോ 942 -ാം മത്സരത്തിലാണ് 700 ഗോൾ എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. 820 മത്സരങ്ങളിൽ 691 ഗോളുകളുള്ള ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്.

TAGS :

Next Story