Quantcast

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ വിടുന്നു; പി.എസ്.ജിയിലേക്ക്?

കുറഞ്ഞത് നാലു വർഷമെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളിൽ താനുണ്ടാകുമെന്ന് ജനുവരിയിൽ ക്രിസ്റ്റ്യാനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

MediaOne Logo

André

  • Updated:

    2022-03-08 10:51:40.0

Published:

8 March 2022 10:43 AM GMT

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ വിടുന്നു; പി.എസ്.ജിയിലേക്ക്?
X

Cristiano Ronaldo and Lionel Messi

വർത്തമാന ഫുട്‌ബോളിലെ രണ്ട് ധ്രുവനക്ഷത്രങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. കളിക്കളത്തിന്റെ സ്പന്ദനങ്ങളെ രണ്ട് പതിറ്റാണ്ടുകളോളം തങ്ങളുടെ കാലിനു ചുറ്റും ബന്ധിച്ചു നിർത്തിയ ഇതിഹാസങ്ങൾ. ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിലും മെസി ബാഴ്‌സലോണയിലും കളിച്ചിരുന്നപ്പോഴുള്ള വാശിയും വീറും, ഇരുവരും പുതിയ തട്ടകങ്ങളിലേക്ക് ചേക്കേറിയ ശേഷം നഷ്ടമായെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങൾ ഇവർ തന്നെ.

ഇപ്പോഴിതാ, കരിയറിലുടനീളം പരസ്പരം മത്സരമുയർത്തിയിരുന്ന രണ്ട് താരങ്ങളും ഒന്നിച്ച് ഒരു ക്ലബ്ബിൽ കളിക്കാനുള്ള സാധ്യത തെളിയുന്നു. പ്രീമിയർ ലീഗിൽ തപ്പിത്തടയുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിൽ ക്രിസ്റ്റ്യാനോ അസ്വസ്ഥനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇടുപ്പിലെ പരിക്കിന്റെ പേരിൽ ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഡർബി നഷ്ടമായ താരം സ്വന്തം നാടായ പോർച്ചുഗലിലേക്ക് തിരിച്ചിരിക്കുകയാണ്. ടീമിന്റെ മോശം പ്രകടനത്തിലും തന്റെ ഫോമിലും നിരാശനായ താരം ഈ സീസൺ ഒടുവിൽ ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ, പോർച്ചുഗീസ് സൂപ്പർ താരം പി.എസ്.ജിയിൽ ചേരാൻ ശക്തമായ സാധ്യതയുള്ളതായി 'ഫുട്‌ബോൾ ട്രാൻസ്‌ഫേഴ്‌സ്' അവകാശപ്പെടുന്നു.

മാഞ്ചസ്റ്റർ യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാതെ വന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടുമെന്നാണ് 'ഫുട്‌ബോൾ ട്രാൻസ്‌ഫേഴ്‌സ്' ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തുന്നത്. ലീഗിൽ പത്ത് മത്സരങ്ങൾ കൂടി ശേഷിക്കെ അഞ്ചാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ. ആദ്യ നാല് സ്ഥാനങ്ങളിലുള്ളവർക്കു മാത്രമേ ചാമ്പ്യൻസ് ലീഗിലേക്ക് പ്രവേശനമുണ്ടാകൂ എന്നതിനാൽ അത്ര എളുപ്പമല്ല അവർക്ക് കാര്യങ്ങൾ. തങ്ങളേക്കാൾ മൂന്ന് മത്സരം കുറവ് കളിച്ച ആർസനലിനെയും രണ്ട് മത്സരങ്ങൾ കൈയിലുള്ള ചെൽസിയെയും മറികടന്നു മാത്രമേ അവർക്ക് ആദ്യനാലിൽ ഇടം നേടാൻ കഴിയൂ. നിലവിൽ ക്ലബ്ബുകളുടെ ഫഫോം പരിഗണിക്കുമ്പോൾ അത് ഏറെക്കുറെ അസാധ്യമാണ്.

താൻ മുമ്പ് കളിച്ചിട്ടുള്ള റയൽ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകളിലേക്ക് മടങ്ങുക നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് എളുപ്പമല്ല. യുവതാരം കെയ്‌ലിയൻ എംബാപ്പെയെ സ്വന്തം തട്ടകത്തിൽ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റയലിനു മുന്നിൽ ക്രിസ്റ്റ്യാനോ ഇപ്പോൾ ഒരു ഓപ്ഷനല്ല. യുവന്റസും അനുകൂലമായല്ല പ്രതികരിക്കുന്നത് എന്ന് ഫുട്‌ബോൾ ട്രാൻസ്‌ഫേഴ്‌സ് പറയുന്നു. താൻ കളി തുടങ്ങിയ സ്‌പോർട്ടിങ് ലിസ്ബണിൽ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ക്രിസ്റ്റ്യാനോ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പോർച്ചുഗീസ് ക്ലബ്ബിൽ ചേരാനുള്ള സമയം ആയിട്ടില്ലെന്നാണ് 37-കാരൻ കണക്കുകൂട്ടുന്നത്. കുറഞ്ഞത് നാലു വർഷമെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളിൽ താനുണ്ടാകുമെന്ന് ജനുവരിയിൽ ക്രിസ്റ്റ്യാനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് ലീഗിലെ ഭീമന്മാരായ പി.എസ്.ജിയിൽ ക്രിസ്റ്റ്യാനോ ചേരാനുള്ള സാധ്യത ശക്തമാകുന്നത്. ക്രിസ്റ്റ്യാനോ - മെസ്സി സഖ്യത്തിന്റെ വിപണിമൂല്യം അറിയാവുന്ന പി.എസ്.ജി, താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കും. ഈ സീസൺ ഒടുവിൽ ക്ലബ്ബ് വിടാൻ സാധ്യതയുള്ള എംബാപ്പെയ്ക്കു പകരം ആക്രമണനിരയിലാവും ക്രിസ്റ്റ്യാനോയുടെ സ്ഥാനം. ക്രിസ്റ്റിയാനോ - നെയ്മർ - മെസി എന്ന ആക്രമണത്രയം കളിക്കളത്തിൽ മാത്രമല്ല, പുറത്തും ക്ലബ്ബിന് ഗുണം ചെയ്യും.

ഈ സീസൺ അവസാനിക്കുമ്പോൾ മാഞ്ചസ്റ്ററുമായി ഒരുവർഷത്തെ കരാർ കൂടിയാണ് ക്രിസ്റ്റ്യാനോയ്ക്കുണ്ടാവുക. സീസണിൽ 27.5 ദശലക്ഷം യൂറോ (230 കോടി രൂപ) എന്ന ഭീമമായ തുകയാണ് താരം പ്രതിഫലം പറ്റുന്നത്. ടീമിൽ വലിയ അഴിച്ചുപണിക്കൊരുങ്ങുന്ന ഇംഗ്ലീഷ് ഭീമന്മാർ കരാറിന്റെ പാതിവഴിയിൽ ക്രിസ്റ്റ്യാനോയെ ക്ലബ്ബ് വിടാൻ അനുവദിക്കാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത കൂടുതൽ.

ഫുട്‌ബോൾ ട്രാൻസ്‌ഫേഴ്‌സിന്റെ ഈ 'പ്രവചനം' ഫലിക്കുകയാണെങ്കിൽ ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകരുടെ സ്വപ്‌നസാഫല്യം ആയിരിക്കും അത്. മൈതാനത്തും പുരസ്‌കാരങ്ങളിലും ഇത്രയും കാലം പരസ്പരം മത്സരിച്ചിരുന്ന ഇതിഹാസങ്ങൾ ഒന്നിച്ചു ബൂട്ടുകെട്ടുമ്പോൾ ഫ്രഞ്ച് ലീഗിനു തന്നെയും പുതിയ മുഖമാവും കൈവരിക.

In short: Cristiano is upset with current form of Manchester United; He will leave club in case United fails to qualify for Uefa Champions League next season, and join PSG - according to FootballTransfer

TAGS :

Next Story