Quantcast

'ക്രിസ്റ്റ്യാനോ ചാമ്പ്യനാണ്, ചിലപ്പോള്‍ സഹിക്കാനാകില്ല'; വെടിയുതിർത്ത് ഹങ്കറി കോച്ച്

"ഫൈനലിൽ ഗോളടിച്ച പോലെയാണ് ഞങ്ങൾക്കെതിരെയുള്ള പെനാൽറ്റി ഗോൾ അദ്ദേഹം ആഘോഷിച്ചത്"

MediaOne Logo

Sports Desk

  • Published:

    25 Jun 2021 3:03 PM GMT

ക്രിസ്റ്റ്യാനോ ചാമ്പ്യനാണ്, ചിലപ്പോള്‍ സഹിക്കാനാകില്ല; വെടിയുതിർത്ത് ഹങ്കറി കോച്ച്
X

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണോൾഡോക്ക് എതിരെ ഹങ്കറി കോച്ച് മാർക്കോ റോസി. എതിർ ടീമുകൾക്ക് ക്രിസ്റ്റ്യാനോ പലപ്പോഴും സഹിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് റോസി കുറ്റപ്പെടുത്തിയത്. ഇറ്റാലിയൻ മാധ്യമമായ ഗസെറ്റ ഡെല്ലോ സ്‌പോർടിന് നൽകിയ അഭിമുഖത്തിലാണ് ഹങ്കറി കോച്ചിന്റെ വിമർശനങ്ങൾ.

'റൊണാൾഡോ മഹത്തായ ചാമ്പ്യനാണ്. എന്നാൽ ചില സമയത്ത് അദ്ദേഹം ശല്യക്കാരനാണ്. ഫൈനലിൽ ഗോളടിച്ച പോലെയാണ് ഞങ്ങൾക്കെതിരെയുള്ള പെനാൽറ്റി ഗോൾ അദ്ദേഹം ആഘോഷിച്ചത്. ജനം ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്' - റോസി പറഞ്ഞു. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് പോർച്ചുഗൽ ഹങ്കറിയെ തോൽപ്പിച്ചിരുന്നത്.

യൂറോയിലെ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ ലോകഫുട്‌ബോളിലെ വമ്പന്മാരായ പോർച്ചുഗൽ, ഫ്രാൻസ്, ജർമനി എന്നിവരെ വിറപ്പിച്ച ശേഷമാണ് ഹങ്കറി നാട്ടിലേക്ക് മടങ്ങിപ്പോയത്.

അതിനിടെ, ഒറ്റപ്പെട്ട വിമർശനങ്ങൾക്കിടയിലും റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റൊണാൾഡോ. യൂറോകപ്പിൽ ഫ്രാൻസിനെതിരായ രണ്ട് പെനാൽറ്റി ഗോളോടെ രാജ്യാന്തര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് താരം. ഇറാന്റെ ഇതിഹാസ താരം അലി ദായിയുടെ 109 ഗോൾ റെക്കോർഡ് മറികടക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് ഇനിയൊരു ഗോൾ മാത്രം മതി.

ലോക ഫുട്ബോളിലെ റെക്കോർഡുകളുടെ തോഴനായി മാറിയ ക്രിസ്റ്റ്യാനോ 176 മത്സരങ്ങളിൽനിന്നാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 1993 മുതൽ 2006 വരെ ഇറാനു വേണ്ടി ബൂട്ടുകെട്ടിയ അലി ദായി 146 മത്സരങ്ങളിലാണ് ഇത്രയും ഗോളുകൾ നേടിയത്. രണ്ടു പതിറ്റാണ്ടോളം കാലം ആ റെക്കോർഡ് ആർക്കും ഭേദിക്കാനായിരുന്നില്ല. അതേസമയം ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള മലേഷ്യൻ ഹീറോ മുഖ്താർ ദഹരിക്ക് 89 ഗോളുമായി ബഹുദൂരം പിന്നിലാണുള്ളത്. 1985ൽ വിരമിച്ച മുഖ്താറിനു പിറകെ 1956ൽ കളിക്കളം വിട്ട ഹങ്കറിയുടെ ഐക്കൺ താരം ഫെറെൻസ് പുസ്‌കാസ് 84 ഗോളുമായി നാലാം സ്ഥാനത്തുമുണ്ട്.

ഇത്തവണത്തെ യൂറോ പോരാട്ടത്തിൽ വേറെയും റെക്കോർഡുകൾ ക്രിസ്റ്റ്യാനോ മറികടന്നിട്ടുണ്ട്. ജർമനിക്കെതിരായ ഗോളോടെ യൂറോ ചരിത്രത്തിലെ തന്നെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി താരം. പ്ലാറ്റിനിയുടെ ഒൻപത് ഗോളെന്ന റെക്കോർഡാണ് പഴങ്കഥയായത്. അതോടൊപ്പം യൂറോയിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച താരവുമായി കിസ്റ്റിയാനോ. ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് പോർച്ചുഗൽ പ്രീക്വാർട്ടറിൽ കടന്നുകയറിയിരിക്കുന്നത്. ഗ്രൂപ്പ് എഫിലെ ജീവന്മരണപോരാട്ടത്തിൽ പോർച്ചുഗൾ ഫ്രാൻസിനെ രണ്ടു ഗോളിന് സമനിലയിൽ കുരുക്കി.

TAGS :

Next Story