'നിങ്ങൾ ഉറങ്ങുകയാണോ'; ഗോൾ വഴങ്ങിയതിന് പിന്നാലെ സഹതാരങ്ങളെ പരിഹസിച്ച് റൊണാൾഡോ
17 മിനിറ്റിനിടെ നാല് ഗോളുകൾ തിരിച്ചടിച്ച് അൽ-ഹിലാൽ മത്സരം വരുതിയിലാക്കുകയായിരുന്നു
റിയാദ്: കളിക്കളത്തിൽ ചൂടൻ പെരുമാറ്റത്തിലൂടെ സമീപകാലത്തായി വിവാദ നായകനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒടുവിൽ സൗദി സൂപ്പർ കപ്പ് ഫൈനലിലെ താരത്തിന്റെ പെരുമാറ്റമാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. അൽഹിലാലിനെതിരായ മത്സരത്തിനിടെയാണ് പോർച്ചുഗീസ് താരം സഹതാരങ്ങളെ കളിയാക്കിയത്. സ്വന്തം ടീമംഗങ്ങൾ ഉറക്കമാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. ഈ സമയം വളരെ ദേഷ്യത്തോടെയാണ് റൊണാൾഡോയെ കണ്ടത്.
"Cristiano Ronaldo":
— ¿Por qué es tendencia? (@porquetendencia) August 17, 2024
Por los gestos que hizo a sus compañeros de Al Nassr en la #SaudiSuperCup https://t.co/oHMl7KxzI3 pic.twitter.com/RJbemcDVue
ഫൈനലിൽ ക്രിസ്റ്റിയാനോക്ക് കീഴിൽ ഇറങ്ങിയ അൽ നസറിനെ തകർത്ത് അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് കിരീടം നിലനിർത്തിയിരുന്നു. ഒന്നിനെതിരെ നാല് ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു അൽ നസറിന്റെ തോൽവി. 44ാം മിനിറ്റിൽ അബ്ദുൾറഹ്‌മാൻ ഗരീബിന്റെ അസിസ്റ്റിലായിരുന്നു റോണോയുടെ ഗോൾ. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൽ ഹിലാൽ ഗോൾ മടക്കി. 55-ാം മിനിറ്റിൽ സാവിച്ചിലൂടെയാണ് സമനില പിടിച്ചത്. 63,69 മിനിറ്റുകളിൽ ഗോൾ നേടി മിട്രോവിച് ഹിലാലിനെ മുന്നിലെത്തിച്ചു. 72ാം മിനിറ്റിൽ മാൽകോമിലൂടെ നാലാം ഗോളും നേടി നിലവിലെ ചാമ്പ്യൻമാരായ അൽഹിലാൽ വിജയം സ്വന്തമാക്കി.
നാലാം ഗോളും വഴങ്ങിയതോടെയാണ് ക്രിസ്റ്റ്യാനോ നിലവിട്ട് പെരുമാറിയത്. സഹതാരങ്ങൾ ഉറങ്ങുകയാണോ എന്നായിരുന്നു താരത്തിന്റെ ആംഗ്യം. ഇതിനിടെ കാണികൾക്ക് നേരെയും അശ്ലീല ആംഗ്യവും താരത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലും മത്സരത്തിനിടെ താരത്തിന്റെ ഭാഗത്തുനിന്ന് അശ്ലീല ആംഗ്യമുണ്ടായിരുന്നു. അന്ന് റോണോക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായണ് വീണ്ടും വിവാദത്തിൽപ്പെട്ടത്.
Adjust Story Font
16