റൊണാൾഡോ ഇഫക്റ്റ്; കുതിച്ചുയർന്ന് അൽ നസ്ർ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്, വെബ്‌സൈറ്റ് ഡൗണായി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്
ക്രിസ്റ്റിയാനോ റൊണാൾഡോ ഇഫക്റ്റ് എന്താണെന്ന് മനസ്സിലാകാൻ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റിന്റെ സമൂഹമാധ്യമ വളർച്ച നോക്കിയാൽ മതി. 28.12.2022ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അൽ നസ്‌റിന് ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നത്. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ ടീമിലെത്തിയ വിവരം പുറത്തു വന്നു തുടങ്ങിയ 30ാം തിയ്യതി 2.4 മില്യണായി മാറി പിന്തുണക്കാരുടെ എണ്ണം. 31.12.2022ന് 5.3 മില്യണും 2023 ജനുവരി ഒന്നിന് 5.3 മില്യണുമായി. രണ്ടാം തിയ്യതി 7.0 മില്യണും മൂന്നാം തിയ്യതി 8.5 മില്യണിലെത്തി. നാലാം തിയ്യതിയോടെ ഒമ്പത് മില്യണാണ് ഫോളോവേഴ്‌സ്. എഫ്‌സിഅൽനസ്ർ.കോമെന്ന ക്ലബ് വെബ്‌സൈറ്റ് ബാൻഡ്‌വിഡ്ത്ത് ലിമിറ്റ് പരിധി കവിഞ്ഞത് മൂലം ഡൗണായിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്റ്റ്യാനോ റൊണോൾഡോയെ സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ നസ്ർ കാണികൾക്കു മുമ്പാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മർസൂൽ പാർക്കിൽ കാൽ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേൽക്കാനായി എത്തിയിരുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തനിക്ക് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നതായി താരം വെളിപ്പെടുത്തി. 'യൂറോപ്പ്, ബ്രസീൽ, ആസ്ട്രേലിയ, യുഎസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നെല്ലാം എനിക്ക് ഓഫറുകളുണ്ടായിരുന്നു. ആളുകൾ എന്തു പറയുന്നത് എന്നത് എനിക്ക് വിഷയമല്ല. ഞാനെന്റെ തീരുമാനമെടുത്തു. ഞാൻ വാക്കു കൊടുത്തത് അൽ നസ്‌റിനാണ്. സൗദിയിലെ ലീഗ് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതു വാശിയേറിയതാണെന്ന് എനിക്കറിയാം. യൂറോപ്പിൽ എന്റെ ജോലി കഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം.' - അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കുറേപ്പേർ നിങ്ങളോട് പല അഭിപ്രായങ്ങളും പറയും. എന്നാൽ അവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല. 10-15 വർഷമായി ഫുട്ബോൾ മാറിക്കൊണ്ടിരിക്കുന്നു. ഒരു കളിയും ജയിക്കുക ഇന്ന് എളുപ്പമല്ല. കാരണം ടീമുകളെല്ലാം സജ്ജമാണ്. ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിച്ച ഏക ടീം സൗദി അറേബ്യയാണ്. ദക്ഷിണകൊറിയയും ആഫ്രിക്കൻ ടീമുകളും മികച്ച പ്രകടനം നടത്തി.' - ക്രിസ്റ്റ്യാനോ ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്. പ്രതിവർഷം 200 മില്യൺ (ഏകദേശം 1950 കോടി) യുഎസ് ഡോളറാണ് താരത്തിന്റെ പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ.
Cristiano Ronaldo Effect; Al Nassr Instagram Followers Up, Website Down
Adjust Story Font
16