ഇതാ ഏഴാം നമ്പർ; റൊണോൾഡോക്കു വേണ്ടി വഴിമാറി കവാനി
യുറഗ്വായ് ദേശീയ ടീമിൽ കളിക്കുന്ന 21-ാം നമ്പർ ജഴ്‌സിയിലേക്ക് കവാനി മാറുമെന്നാണ് കരുതുന്നത്
യുവന്റസിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറിയത്. അതിനു പിന്നാലെ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് താരത്തിന് തന്റെ ഇഷ്ട ജഴ്‌സിയായ ഏഴാം നമ്പർ കിട്ടുമോ എന്നതായിരുന്നു. പ്രീമിയർ ലീഗിലെ നിയമ പ്രകാരം റോണോയ്ക്ക് ഏഴാം നമ്പർ കിട്ടില്ലെന്ന വാർത്തകൾ ആരാധകരെ നിരാശരാക്കുകയും ചെയ്തു.
അനുവദിക്കുന്ന നമ്പറിൽ മാത്രമേ ഒരു സീസണിൽ താരങ്ങൾ കളത്തിലിറങ്ങാവൂ എന്നാണ് പ്രീമിയര്‍ ലീഗിലെ നിയമം. നിലവിൽ യുറഗ്വായ് താരം എഡിൻസൺ കവാനിയാണ് യുണൈറ്റഡിലെ ഏഴാം നമ്പർ. എന്നാൽ ഏഴാം നമ്പർ വിട്ടു നൽകാൻ തയ്യാറാണ് എന്ന് കവാനി ക്ലബ് അധികൃതരെ അറിയിച്ചതായി വിവിധ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോണോയ്ക്ക് ഏഴാം നമ്പർ നൽകുന്നതിനായി യുണൈറ്റഡ് പ്രീമിയർ ലീഗ് അതോറിറ്റിക്ക് മുമ്പിൽ പ്രത്യേക അപേക്ഷ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
യുറഗ്വായ് ദേശീയ ടീമിൽ കളിക്കുന്ന 21-ാം നമ്പർ ജഴ്‌സിയിലേക്ക് കവാനി മാറുമെന്നാണ് കരുതുന്നത്. യുണൈറ്റഡിൽ ഡാൻ ജയിംസിന്റെ നമ്പറാണ് 21. ഡാൻ ജയിംസ് വായ്പാ അടിസ്ഥാനത്തിൽ ലീഡ്‌സ് യുണൈറ്റഡിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഈ നമ്പർ ലഭ്യമാകുന്നത്.
അതിനിടെ, കവാനിയെ വിൽക്കില്ലെന്ന് യുണൈറ്റഡ് വ്യക്തമായിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ജാലകത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ബാഴ്‌സലോണയാണ് താരത്തിനായി രംഗത്തുള്ളത്. കവാനി ബാഴ്‌സയിൽ ചേരില്ലെന്ന് ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു. സെർജിയോ അഗ്യൂറോ പരിക്കേറ്റ് കഴിയുന്ന സാഹചര്യത്തിലാണ് ബാഴ്‌സ യുറഗ്വായ് സ്‌ട്രൈക്കറെ നോട്ടമിട്ടത്.
ഏഴാം നമ്പറുകാരൻ മാത്രമല്ല
അതേസമയം, ഏഴാം നമ്പറിൽ മാത്രമല്ല ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയിട്ടുള്ളത്. 2002-03ലെ ആദ്യ സീസണിൽ സ്പോട്ടിങ് ക്ലബിനു വേണ്ടി 28-ാം നമ്പർ ജഴ്സിയാണ് താരം ധരിച്ചിരുന്നത്. എന്നാൽ 2003-04 സീസണിൽ ഏഴാം നമ്പർ ലഭിച്ച ശേഷം യുണൈറ്റഡിൽ മറ്റൊരു ജഴ്സി ക്രിസ്റ്റ്യാനോ ധരിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ആദ്യ വർഷം ഒമ്പതാം നമ്പർ ജഴ്സിയാണ് താരം ധരിച്ചിരുന്നത്. റൗൾ ഗോൺസാലസായിരുന്നു ഏഴാം നമ്പർ താരം.
സിആർ7 എന്ന ബ്രാൻഡ്
കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി. ആൺ വസ്ത്രങ്ങളും പെർഫ്യൂമുകളുമാണ് പ്രധാന വിൽപ്പന. അന്താരാഷ്ട്ര കായിക ബ്രാൻഡായ നൈക്കി, റൊണോൾഡോയുടെ പേരിൽ സിആർ സെവൻ എന്ന പേരിൽ പ്രത്യേക ബൂട്ട് സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഈ ഭൂമുഖത്തെ ഏറ്റവും വലിയ ഇൻഫ്ളുവൻസേഴ്സിൽ ഒരാളായ റോണോയുമായി ആജീവനാന്ത കരാറാണ് നൈക്കിക്കുള്ളത്.
അലക്സ് ഫെർഗൂസൺ നൽകിയ നമ്പർ
2003-04 സീസണിൽ യുണൈറ്റഡിലെത്തിയ വേളയിൽ 28-ാം നമ്പർ ജഴ്സിയാണ് ക്രിസ്റ്റ്യാനോ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഏഴാം നമ്പർ കുപ്പായം അണിയാൻ താരത്തോട് ആവശ്യപ്പെട്ടത് കോച്ച് സർ അലക്സ് ഫെർഗൂസൺ. ഫെർഗൂസന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. ബെക്കാമിനും ബെസ്റ്റിനും കന്റോണയ്ക്കും മുകളിൽ റോണോ ഏഴാം നമ്പറിന്റെ ഏകാവതാരമായി മാറി.
Adjust Story Font
16