ഒരു പോസ്റ്റിന് 11.95 കോടി, ഇൻസ്റ്റയിൽ ഒന്നാമനായി ക്രിസ്റ്റ്യാനോ, മെസ്സി ഏഴാമത്
30.8 കോടി പേരാണ് ക്രിസ്റ്റ്യാനോയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്.
ഇൻസ്റ്റഗ്രാമിലെ സ്‌പോൺസേഡ് പോസ്റ്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന താരമായി പോർച്ചുഗീസ് സൂപ്പർ ഫുട്‌ബോളർ ക്രിസ്റ്റിയാനോ റൊണാൾഡോ. 1.6 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 11.95 കോടി രൂപ) താരത്തിന് വരുമാനമായി ലഭിക്കുന്നത്. 30.8 കോടി പേരാണ് ക്രിസ്റ്റ്യാനോയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്. ആദ്യമായാണ് ഒരു കായികതാരം ഈ നേട്ടം സ്വന്തമാക്കുന്നത്.
ഹോളിവുഡ് അഭിനേതാവും ഡബ്ല്യു.ഡബ്ല്യു.ഇ. മുൻ താരവുമായ ഡ്വെയ്ൻ ജോണ്‌സനെയാണ് ക്രിസ്റ്റ്യാനോ പിന്തള്ളിയത്. ജോൺസൺ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 11.35 കോടിയാണ് ഒരു പോസ്റ്റിന് ലഭിക്കുന്നത്. 25 കോടി ആളുകളാണ് ജോൺസണെ ഫോളോ ചെയ്യുന്നത്. പോപ്പ് താരം അരിയാന ഗ്രാൻഡെ 11.29 കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഏഴാം സ്ഥാനത്തും (8.66 കോടി രൂപ) ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി (അഞ്ചു കോടി) 19-ാം സ്ഥാനത്തുമുണ്ട്. മെസ്സിയെ 22 കോടി പേരാണ് പിന്തുടരുന്നത്. ബ്രസീൽ താരം നെയ്മർ 16-ാം സ്ഥാനത്താണ്.
കോവിഡ് മഹാമാരിയിൽ ഇൻസ്റ്റഗ്രാം വരുമാനത്തിൽ വർധനയുണ്ടായതായി പട്ടിക തയ്യാറാക്കിയ ഹോപ്പർ എച്ച്ക്യു സഹസ്ഥാപകൻ മൈക്ക് ബാൻഡർ പറയുന്നു. വീടുകളില്‍ കഴിഞ്ഞ ആളുകളുടെ ഫോൺ ഉപയോഗം വർധിച്ചത് ഇൻസ്റ്റയ്ക്ക് സഹായകരമായി. ഈ വർഷം ക്രിസ്റ്റിയാനോ ഒന്നാമതെത്തിയത് കാണുമ്പോൾ സന്തോഷം തോന്നുന്നു. യൂറോയുമായി ബന്ധപ്പെട്ട മാർക്കറ്റിങ് വിവാദവും ക്രിസ്റ്റ്യാനോയുടെ വരുമാനം കുത്തനെ ഉയരാൻ കാരണമായി- അദ്ദേഹം വ്യക്തമാക്കി.
പട്ടികയിലെ ആദ്യ പത്തു പേർ
1. ക്രിസ്റ്റ്യാനോ റൊണാൾഡോ - 1.6 മില്യൺ ഡോളർ
2. ഡൈ്വൻ ജോൺസൺ - 1.52 മില്യൺ ഡോളർ
3. അരിയാന ഗ്രാൻഡെ - 1.51 മില്യൺ ഡോളർ
4. കെയ്‌ലി ജെന്നർ - 1.49 മില്യൺ ഡോളർ
5. സലീന ഗോമസ് - 1.46 മില്യൺ ഡോളർ
6. കിം കർദാഷിൻ - 1.41 മില്യൺ ഡോളർ
7. ലയണൽ മെസ്സി - 1.16 മില്യൺ ഡോളർ
8. ബെയോൻസ് നോവൽസ് - 1.14 മില്യൺ ഡോളർ
9. ജസ്റ്റിൻ ബീബർ - 1.11 മില്യൺ ഡോളർ
10. കെൻഡൽ ജെന്നർ - 1.056 മില്യൺ ഡോളർ
Adjust Story Font
16