'എന്റെ കാലുകൾ നിർത്താൻ പറയുന്നതുവരെ ഞാൻ കളിക്കും'- ക്രിസ്റ്റ്യാനോ
തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ്ബ് അല്‍ നാസറായിരിക്കുമെന്ന് റൊണാൾഡോ അറിയിച്ചതായാണ് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ യുഗം അവസാനിച്ചെന്നും വിരമിക്കാന്‍ സമയമായെന്ന് പറയുന്നവർക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ ദിവസം അൽനസറിന് വേണ്ടിയുള്ള താരത്തിന്‍റെ പ്രകടനം. ഇരട്ട ഗോളുകളാണ് ക്രിസ്റ്റ്യനോയുടെ ബൂട്ടിൽ നിന്ന് പിറന്നത്. അൽ അഹ്ലിക്കെതിരെ 4-3 ന്റെ ത്രസിപ്പിക്കുന്ന ജയവും അൽ നസർ സ്വന്തമാക്കി. മത്സര ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇനി കഴിയില്ലെന്ന് എപ്പോൾ എന്റെ കാലുകൾ പറയുന്നുവോ അത് വരെ കളി തുടരുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി.
താൻ ഇനി മറ്റൊരു ക്ലബ്ബിൽ കളിക്കില്ലെന്നും അൽ നസറാണ് തന്റെ അവസാനത്തെ ക്ലബ്ബെന്നും ക്രിസ്റ്റ്യാനോ പറഞ്ഞതായും ക്ലബ്ബ് വൃത്തങ്ങൾ പറയുന്നു. അൽനസറിനായി 33 മത്സരങ്ങളിൽനിന്നായി 29 ഗോളുകളാണ് നായകൻ അടിച്ചുകൂട്ടിയത്. ക്ലബ് തലത്തില്‍ 984 മത്സരങ്ങളില്‍ നിന്ന് 730 ഉം രാജ്യാന്തര ഫുട്‌ബോളില്‍ 201 മത്സരങ്ങളില്‍ 123 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2023 - 2024 സൗദി പ്രൊ ലീഗ് സീസണില്‍ ഒമ്പത് ഗോളുമായി ക്രിസ്റ്റ്യാനോ തന്നെയാണ് ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റ്യാനോ റെക്കോഡ് തുകയ്ക്കാണ് അൽ നസ്റിലെത്തിയത്. പ്രതിവർഷം 200 മില്യൺ (ഏകദേശം 1950 കോടി) യുഎസ് ഡോളറാണ് താരത്തിന്റെ പ്രതിഫലം. 2025 ജൂണ്‍ 30 വരെയുള്ള കരാറിലാണ് താരം അല്‍ നസര്‍ എഫ്സിയില്‍ ചേക്കേറിയത്. അതേസമയം സൗദി പ്രൊ ലീഗ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുമ്പോള്‍ താരം വിരമിക്കലിനായി തന്റെ ആദ്യകാല ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലേക്ക് തിരിച്ചെത്തിയേക്കും എന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇനിയൊരു ക്ലബ്ബ് മാറ്റമില്ലെന്ന് താരം അറിയിച്ചിരിക്കുന്നത്.
Adjust Story Font
16