ക്രിസ്റ്റ്യാനോയുടെ 16 കോടി വിലയുള്ള സൂപ്പർ കാർ വീട്ടിലേക്ക് ഇടിച്ചു കയറി; അന്വേഷണം
ജൂൺ 14നാണ് പങ്കാളിക്കും മക്കൾക്കുമൊപ്പം ക്രിസ്റ്റ്യാനോ സ്‌പെയിനിലെത്തിയത്
മാഡ്രിഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാർ വീട്ടുമതിലിൽ ഇടിച്ചു തകർന്നു. സ്‌പെയിനിലെ മജോർകയിലാണ് 16 കോടി രൂപ (1.7 ദശലക്ഷം പൗണ്ട്) വില വരുന്ന ബുഗാട്ടി വെയ്‌റോൺ അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ക്രിസ്റ്റിയാനോയുടെ ബോഡി ഗാർഡാണ് കാർ ഓടിച്ചിരുന്നതെന്ന് ലാറ്റിൻ ടൈംസ് റിപ്പോർട്ടു ചെയ്തു. വാഹനത്തിൽ താരം ഇല്ലായിരുന്നു. സ്‌പെയിനിലെ പാൽമ ഡെ മജോർകയിലുള്ള റസിഡൻഷ്യൽ എസ്‌റ്റേറ്റിൽ അവധി ആഘോഷിക്കാനെത്തിയതാണ് ക്രിസ്റ്റ്യാനോ.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി വാഹനം സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. എന്നാൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. കാർ നീല ടാർപോളിൻ ഷീറ്റു കൊണ്ട് മറച്ചിട്ടുണ്ട്.
' ജോൺ മാർച്ച് ഹോസ്പിറ്റലിനടുത്തുള്ള ചെറിയ റോഡിലായിരുന്നു അപകടം കാർ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ഡ്രൈവർ ഏറ്റെടുത്തു.' - പ്രദേശവാസികളെ ഉദ്ധരിച്ച് ലാറ്റിൻ ടൈംസ് റിപ്പോർട്ടു ചെയ്തു.
ജൂൺ 14നാണ് പങ്കാളിക്കും മക്കൾക്കുമൊപ്പം ക്രിസ്റ്റ്യാനോ സ്‌പെയിനിലെത്തിയത്. ട്രമുൻഡാന മലനിരകൾക്കു കീഴിലെ ആഡംബര എസ്റ്റേറ്റിലാണ് താരം താമസിക്കുന്നത്. ജിം, പൂൾ, ബീച്ച് വോളിബോൾ കോർട്ട്, മിനി ഫുട്ബോള്‍ പിച്ച് തുടങ്ങിയ സൗകര്യങ്ങളുള്ള വിശാലമായ എസ്റ്റേറ്റാണിത്.
Adjust Story Font
16