ആകർഷകമായ ശമ്പളമുണ്ടായിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പാചകക്കാരനെ കിട്ടാനില്ല
മാസത്തിൽ 4500 പൗണ്ട്(ഏകേദശം 4,54,159 ഇന്ത്യൻ രൂപ)യാണ് വാഗ്ദാനം ചെയ്തിരുന്നത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബണ്‍: സൗദി അറേബ്യൻ ക്ലബ്ബായ അൽനസറിലേക്ക് രണ്ട് വർഷത്തെ കരാറിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയത്. കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയതിനാൽ പോർച്ചുഗലിൽ സ്ഥിരതാമസമാക്കാനാണ് ക്രിസ്റ്റ്യാനോയും കുടുംബവും പദ്ധതിയിടുന്നത്. താരത്തിന്റെ പോർച്ചുഗലിലെ വീട്ടിലേക്ക് പാചകക്കാരനെ തെരയുന്നതായുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സജീവമായിരുന്നു.
എന്നാൽ പാചകക്കാരനെ കണ്ടെത്താനായിട്ടില്ലെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ക്രിസ്റ്റ്യാനോയും ജീവിത പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസും മുന്നോട്ടുവെച്ച ആവശ്യങ്ങളാണ് പാചകക്കാരെ കിട്ടാത്തതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോർച്ചുഗീസ്, അന്താരാഷ്ട്ര വിഭവങ്ങൾ പാചകം ചെയ്യാനറിയുന്ന പാചകക്കാരനെയണ് ഇരുവരും തേടിയിരുന്നത്.
ക്രിസ്റ്റ്യാനോയുടെ ഇഷ്ടവിഭവങ്ങളായ കടൽ മത്സ്യങ്ങളും സുഷിയും(ജപ്പാനീസ് വിഭവം) പാചകം ചെയ്യുന്നതിൽ വിദഗ്ധനായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. മാസത്തിൽ 4500 പൗണ്ട്(ഏകേദശം 4,54,159 ഇന്ത്യൻ രൂപ)യാണ് വാഗ്ദാനം ചെയ്തിരുന്നത്. ആരെയും ആകർഷിക്കുന്ന ശമ്പളം നൽകുമെന്നറിഞ്ഞിട്ടും റോണോക്ക് ഇതുവരെയും ഒരു ഷെഫിനെ ലഭിച്ചിട്ടില്ല. പോർച്ചുഗലിലാണ് ക്രിസ്റ്റ്യാനോ ആഡംബര വീട് നിർമിക്കുന്നത്.
ഈ വീട്ടിലേക്കാണ് പുതിയ പാചകക്കാരനെ തേടുന്നത്. അതേസമയം സൗദി ക്ലബ്ബുമായി കരാർ കഴിഞ്ഞാൽ താരം നാട്ടിലേക്ക് മടങ്ങുമെന്നും പുതിയ മാളികയിൽ താമസമാക്കുമെന്നാണ് വരുന്ന വാര്‍ത്തകള്‍. ഈ വർഷം ജൂണോടെ പുതിയ വീടിന്റെ പണി പൂർത്തിയാകും. ആരോഗ്യം ഗൗരവപൂർവം ശ്രദ്ധിക്കുന്ന കായിതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിനാൽ തന്നെ വീടിനുള്ളിലെ സൗകര്യങ്ങളും നിർമിതികളും കായിക സൗഹൃദമായിട്ടുള്ളതാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Adjust Story Font
16