Quantcast

'ഇനിയും മിന്നിത്തിളങ്ങും'; ഡയമൻറക്കോസ് 2023-24 സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ

2022-23 സീസണിൽ പത്ത് ഗോളുകളാണ് താരം നേടിയത്

MediaOne Logo

Sports Desk

  • Published:

    4 May 2023 3:03 PM GMT

Greece striker Dimitri Diamantrakos has signed a contract with Kerala Blasters for the 2023-24 season of the Indian Super League.
X

Dimitras Diamantakos

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലും കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉറപ്പിച്ച് ഗ്രീസ് സ്‌ട്രൈക്കർ ദിമിത്രി ഡയമൻറക്കോസ്. കേരള ബ്ലാസ്‌റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഡയമൻറക്കോസിന്റെ പ്രതികരണവും ബ്ലാസ്‌റ്റേഴ്‌സ് പങ്കുവെച്ചു. 'ഇന്ത്യയും കേരളവും എനിക്ക് വളരെ മികച്ച അനുഭവമാണ് നൽകിയത്. കഴിഞ്ഞ സീസണിൽ എനിക്ക് വല്ല വിജയവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് സഹതാരങ്ങളുടെയും പരിശീലകന്റെയും അതിലേറെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെൻറിന്റെയും വലിയ പിന്തുണയോടെയാണ് നേടാനായത്. അതിനാൽ ബ്ലാസ്‌റ്റേഴ്‌സ് കുടുംബവുമായി കരാർ നീട്ടുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷകരമാണ്. അടുത്ത സീസണിൽ തിരിച്ചുവരാനും ടീമിനും ആരാധകർക്കും വേണ്ടി മികച്ച പ്രകടനം നടത്താനുമാണ് ഞാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്' ഡയമൻറക്കോസ് പ്രസ്താവനയിൽ വ്യക്തമാക്കി.

2022-23 സീസണിൽ പത്ത് ഗോളുകളാണ് താരം നേടിയത്. മൂന്ന് അസിസ്റ്റും ഡയമണ്ടെന്ന് വിളിക്കപ്പെടുന്ന ഡയമൻറക്കോസിന്റെ പേരിലുണ്ടായിരുന്നു. 21 മത്സരങ്ങളാണ് താരം കളിച്ചത്.

ക്രൊയേഷ്യയിൽ നിന്നെത്തിയ ഗ്രീക്ക് ഡയമണ്ട്

29കാരനായ ദിമിത്രസ് ഡയമന്റക്കോസ് 2022ൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന് മുമ്പ് രണ്ടു വർഷമായി ക്രൊയേഷ്യയിലാണ് കളിച്ചിരുന്നത്. ക്രൊയേഷ്യൻ ക്ലബായ എച്ച്.എൻ.കെ ഹയ്ദുക് സ്പ്ലിറ്റിലെ രണ്ടു വർഷത്തെ കരാർ പൂർത്തിയാക്കിയാണ് ഡയമൻറക്കോസ് സീസണിൽ നാലാം വിദേശ താരമായി കൊച്ചിയിലെത്തിയത്.

ഗ്രീക്ക് ക്ലബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയോസ് കരിയർ ആരംഭിച്ചത്. 2009ൽ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനത്തിനു പിന്നാലെ ക്ലബിന്റെ സീനിയർ ടീമിലും ഇടംലഭിച്ചു. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബുകളായ പനിയോനിയോസ് ഏഥൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്.സി എന്നിവയ്ക്കായി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. ഒളിമ്പിയാകോസിൽ തിരിച്ചെത്തുന്നതിനു മുൻപ് 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിമ്പിയാകോസിൽ 17 കളിയിൽ നാല് ഗോളും നേടി.

2015ൽ ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കാൾഷ്രുഹെർ എസ്.സിയിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബുമായി സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വി.എഫ്.എൽ ബോചും എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ നൂറിൽകൂടുതൽ മത്സരങ്ങളിൽനിന്ന് 34 ഗോളിനൊപ്പം എട്ട് അസിസ്റ്റും നടത്തി.

2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് ഹയ്ദുക് സ്പ്ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. ടീമിനായി 30ലേറെ മത്സരങ്ങളിൽ കളിച്ചു. ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് ഇസ്രയേലി ക്ലബ് എഫ്.സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് കളിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളും നേടി. യൂറോപ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പവുമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.

Greece striker Dimitri Diamantrakos has signed a contract with Kerala Blasters for the 2023-24 season of the Indian Super League.

TAGS :

Next Story