Quantcast

'മറഡോണ സൂപ്പർ ഹാപ്പിയായിരിക്കും'; പുതിയ റെക്കോർഡിൽ പ്രതികരണവുമായി മെസി

രാജ്യത്തിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചയാളെന്ന അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസി മറികടന്നത്

MediaOne Logo

Web Desk

  • Published:

    1 Dec 2022 9:59 AM GMT

മറഡോണ സൂപ്പർ ഹാപ്പിയായിരിക്കും; പുതിയ റെക്കോർഡിൽ പ്രതികരണവുമായി മെസി
X

ദോഹ: പോളണ്ടിനെതിരെയുള്ള ഇന്നലത്തെ മത്സരത്തോടെ ഒരു പുതിയ റെക്കോഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് ലയണൽ മെസി. രാജ്യത്തിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചയാളെന്ന അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസി മറികടന്നത്. താരത്തിന്റെ 22ാം മത്സരമായിരുന്നു ഇന്നലെ.

ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മെസി. ഡീഗോ മറഡോണ ഇതിൽ സൂപ്പർ ഹാപ്പി ആയിരിക്കും. 'ഈ റെക്കോഡ് നേടാനായതിൽ സന്തോഷമുണ്ട്. ഡീഗോ ഏറെ സന്തോഷവാനായിരിക്കുമെന്ന് ഞാൻ കരുതുന്നു, കാരണം അദ്ദേഹം എപ്പോഴും എന്നോട് വളരെയധികം വാത്സല്യം കാണിച്ചു. എനിക്ക് നല്ല കാര്യങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു', എന്നായിരുന്നു മെസി പറഞ്ഞു.

മെസിയുടെ അഞ്ചാം ലോകകപ്പാണ് ഖത്തറിലേത്. ഒരുപക്ഷെ അവസാനത്തേതും. അതേസമയം പോളണ്ടിനെതരായ മത്സരത്തിൽ ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞുകളിക്കാൻ മെസിക്കായി. അർജന്റീന മത്സരത്തിലുടനീളം ഇരുപത്തിമൂന്ന് ഷോട്ടുകളാണ് തൊടുത്തത്. പതിമൂന്നെണ്ണം പോസ്റ്റിലേക്കെത്തി. ഇതിൽ പതിനൊന്നും മെസിയുടെ കാലിൽനിന്ന്. മെസിയെ വളഞ്ഞിട്ട് പ്രതിരോധിച്ചെങ്കിലും അതെല്ലാം ഭേദിച്ച് മെസി പലവട്ടം ഗോൾമുഖത്ത് എത്തി.

പോളണ്ട് ഗോൾകീപ്പറുടെ പ്രകടനം പോളണ്ടിന്റെ രക്ഷക്കെത്തി. അതിലൊന്നായിരുന്നു മെസി എടുത്ത പെനൽറ്റി കിക്ക് തടുത്തത്. മെസിയെ തന്നെ വീഴ്ത്തിയതിനായിരുന്നു റഫറി പെനൽറ്റി വിധിച്ചത്. അതേസമയം എതിരിലാത്ത രണ്ട് ഗോളിനായിരന്നു അർജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അർജന്റീനക്ക് പ്രീക്വാർട്ടറിലെ എതിരാളി ശക്തരായ ആസ്‌ട്രേലിയയാണ്.

പോരായ്മകളുണ്ടെങ്കിലും പോളണ്ടിനെതിരായ കളിമികവ് അർജന്റീനക്ക് പ്രതീക്ഷ നൽകുന്നതാണ്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദ്യ പകുതിയിലാണ് മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയത്. 46ാം മിനുറ്റിൽ അലക്സിസ് മാക് അലിസ്റ്ററും 67ാം മിനുറ്റിൽ ജൂലിയൻ അൽവാരസുമാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയുള്ള രണ്ട് മത്സരങ്ങളും ആധികാരികമായി അർജന്റീന വിജയിക്കുകയും ചെയ്തു.

TAGS :

Next Story