Quantcast

മുന്നേറ്റത്തിൽ ദിമിയെത്തും; മൂർച്ച കൂട്ടി ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിന്

കഴിഞ്ഞ സീസണിൽ 12 ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് ഡയമന്റകോസ്

MediaOne Logo

Web Desk

  • Updated:

    2023-09-30 11:14:32.0

Published:

30 Sep 2023 10:59 AM GMT

dimitrios diamantakos
X

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്ത. ആദ്യ മത്സരത്തിൽ പരിക്കുമൂലം കളത്തിലിറങ്ങാതിരുന്ന സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് രണ്ടാം മത്സരത്തിനിറങ്ങും. ഗ്രീക്ക് സ്‌ട്രൈക്കറുടെ സാന്നിധ്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി വീഡിയോയിലൂടെ അറിയിച്ചു.

പ്രീസീസൺ മുന്നൊരുക്കങ്ങൾക്കിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരം ഗ്രീസിലേക്ക് തിരിച്ചു പോയിരുന്നു. യുഎഇ പ്രീസീസണിനിടെയാണ് ടീമിൽ തിരിച്ചെത്തിയത്. ആദ്യ മത്സരത്തിൽ താരം സജ്ജനായിരുന്നുവെങ്കിലും കരുതൽ വേണ്ടതു കൊണ്ട് മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നാണ് വിവരം.

കഴിഞ്ഞ സീസണിൽ 12 ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് ഡയമന്റകോസ്. തകർപ്പൻ പ്രകടനത്തിന് പിന്നാലെ താരവുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് 2024 വരെ നീട്ടിയിരുന്നു.



ദിമി പരിക്കു മാറിയെത്തുന്നതോടെ ജംഷഡ്പൂരിനെതിരെയുള്ള ആദ്യ ഇലവനിൽ മാറ്റമുണ്ടാകും. മുന്നേറ്റ നിരയിൽ രണ്ടു വിദേശതാരങ്ങളെ കളിപ്പിക്കുകയാണ് എങ്കിൽ ദിമിയും ക്വാമി പെപ്രയുമായിരിക്കും കോച്ചിന്റെ ആദ്യ ചോയ്‌സ്. അങ്ങനെയാണ് എങ്കിൽ ദൈസുകി സകായ് പകരക്കാരുടെ ബഞ്ചിലാകും. അഡ്രിയാൻ ലൂണയ്ക്കാകും മിഡ്ഫീൽഡിന്റെ ചുമതല. ദിമിയുടെ അഭാവത്തിൽ സ്‌ട്രൈക്കറുടെ റോളായിരുന്നു കഴിഞ്ഞ കളിയിൽ ലൂണയുടേത്. മിഡ്ഫീൽഡിൽ രണ്ടു വിദേശികളെ കളിപ്പിക്കുകയാണ് എങ്കിൽ പെപ്ര പകരക്കാരുടെ നിരയിലേക്ക് മാറും.

പരിക്കേറ്റ പ്രതിരോധ താരം മാർക്കോ ലസ്‌കോവിച്ച് രണ്ടാമത്തെ കളിയിൽ ഇറങ്ങുമോ എന്നതിൽ വ്യക്തതയില്ല. അങ്ങനെയെങ്കിൽ മിലോസ് ഡ്രിൻകിച്ചിന് തന്നെയാകും പ്രതിരോധത്തിന്റെ ചുമതല. കൂടെ പ്രീതം കോട്ടാലും. വിങ് ബാക്കുകളിൽ പ്രബീർ ദാസും ഐബൻ ഡോഹ്‌ലിങ്ങുമുണ്ടാകും. മധ്യനിരയിൽ ജീക്‌സൺ സിങ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അയ്മൻ, വിബിൻ മോഹൻ എന്നിവര്‍ തന്നെയാകും അടുത്ത മത്സരത്തിലും ആദ്യ ഇലവനിലുണ്ടാകുക. അന്താരാഷ്ട്ര മത്സരം കഴിഞ്ഞ് രാഹുല്‍ കെപിയും ബ്രൈസ് മിറാണ്ടയും തിരിച്ചെത്തിയെങ്കിലും നാളെ ടീമിലുണ്ടാകില്ല. ഗോള്‍ കീപ്പറായി സച്ചിന്‍ സുരേഷ് തന്നെയിറങ്ങും.

കൊച്ചിയിലെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ തോല്‍പ്പിച്ചിരുന്നത്.




TAGS :

Next Story