പറയുന്നത് എടുത്തുവെച്ചോളൂ; അടുത്ത ലോകകപ്പ് ഫൈനലിൽ ഞങ്ങളുണ്ടാകും -ബ്രസീൽ കോച്ച്

റിയോ ഡി ജനീറോ: 2022 ഫുട്ബോൾ ലോകകപ്പിന് ശേഷം ബ്രസീൽ ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകുകയും ചെയ്തു.
എന്നാൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ചതിന് പിന്നാലെ കടുത്ത ആത്മവിശ്വാസത്തോടെ രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ കോച്ച് ഡോരിവൽ ജൂനിയർ. നാളെ പരഗ്വായ്ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേ ഡോരിവൽ പറഞ്ഞതിങ്ങനെ- ‘‘2026 ലോകകപ്പ് ഫൈനലിൽ ഞങ്ങളുണ്ടാകും. ഞങ്ങൾ തന്നെയാകും ഫൈനലിസ്റ്റുകൾ. ഞാൻ പറയുന്നത് നിങ്ങൾ എടുത്തുവെച്ചോളൂ. എനിക്ക് സംശയമൊന്നുമില്ല. ഞങ്ങൾ അവിടെയുണ്ടാകും’’.
എന്നാൽ ഡോരിവലിന്റെ അവകാശ വാദത്തെ ലിവർപൂൾ മുൻ കോച്ചായ യുർഗാൻ ക്ലോപ്പിനോട് ഉപമിച്ച് ട്രോളുകളും പറക്കുന്നുണ്ട്. 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ ക്ലോപ്പ് പറഞ്ഞതിങ്ങനെ: ‘‘അടുത്ത വർഷം എവിടെയാണ് ഫൈനൽ. ഇസ്താംബൂളിലാണോ?. എങ്കിൽ ഹോട്ടൽ ബുക്ക് ചെയ്തതോളൂ’’
പക്ഷേ അടുത്ത വർഷം നടന്ന ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ റയലിനോട് ഇരുപാദങ്ങളിലുമായി 6-2ന് പരാജയപ്പെട്ടിരുന്നു.
Adjust Story Font
16