Quantcast

ലിവർപൂളിനെ വാങ്ങാൻ ഇലോൺ മസ്കിന് മോഹം; പക്ഷേ അതത്ര എളുപ്പമല്ല

MediaOne Logo

Sports Desk

  • Updated:

    2025-01-10 11:59:36.0

Published:

10 Jan 2025 11:58 AM GMT

elon musk
X

പോയ ഏതാനും ദിവസങ്ങളായി ലിവർപൂൾ ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞത് അർനെ സ്ളോട്ടിന്റെയോ മുഹമ്മദ് സലാഹിന്റെയോ പേരിനൊപ്പമായിരുന്നില്ല. ലോകത്തെ ആദ്യത്തെ ട്രില്യണയറാകാൻ കുതിക്കുന്ന ഇലോൺ മസ്കിന്റെ പേരിലാണ് ലിവർപൂൾ തലക്കെട്ടുകൾ തീർത്തത്.

സംഭവങ്ങളുടെ തുടക്കമിങ്ങനെ. ടൈംസ് റേഡിയോ അഭിമുഖത്തിന് വന്ന ഇലോൺ മസ്കിന്റെ പിതാവ് എറോൽ മസ്കിനോട് അവതാരക ചോദിച്ചു. നിങ്ങളുടെ മകൻ ലിവർപൂളിനെ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഉടൻ തന്നെ ഇതിനെക്കുറിച്ച് പിതാവിന്റെ മറുപടിയും വന്നു.

‘‘ഇതിനെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവർ ക്ലബിന്റെ വിലകൂട്ടും. തീർച്ചയായും മകന് അത്തരമൊരു ആ​ഗ്രഹമുണ്ട്.കൂടാതെ എന്തുകൊണ്ടാണ് മകന് അത്തരമൊരു ആഗ്രഹം എന്നുകൂടി അദ്ദേഹം തുറന്നുപറഞ്ഞു. അവന്റെ മുത്തശ്ശി ലിവർപൂളിലാണ് ജനിച്ചത്. ഞങ്ങൾക്ക് അവിടെ ബന്ധുക്കളുണ്ട്’’ - കൂടാതെ ലിവർപൂളിലെ പ്രമുഖ റോക്ക് ബാൻഡായ ബീറ്റിൽസുമായുള്ള ബന്ധവും അദ്ദേഹം തുറന്നുപറഞ്ഞു.

നിലവിൽ മസ്കിന്റെ ആസ്തി 343 ബില്യൺ പൗണ്ടോളം വരും. ലിവർപൂളിന്റെ കണക്കാക്കപ്പെടുന്ന മൂല്യം വെറും 4.3 ബില്യൺ പൗണ്ടാണ്. അഥവാ മസ്കിന്റെ ആസ്തിയുടെ ഒരു ശതമാനം മാത്രമാണ് ലിവർപൂളിന്റെ മൂല്യം. പണമാണ് മാനദണ്ഡമെങ്കിൽ മസ്കിന് ലിവർപൂൾ പൂപറിക്കുന്ന പോലെ ഈസിയായ ഒരു കാര്യമാണ്. പക്ഷേ പക്ഷേ പണം കൊണ്ട് മസ്കിന് നേടിയെടുക്കാനാകാത്ത ഒന്നുണ്ട്. അത് ലിവർപൂളിന്റെ ലെഗസിയും ആരാധകരുമാണ്.


വർക്കിങ് ക്ലാസ് തിങ്ങിപ്പാർക്കുന്ന ലിവർപൂൾ നഗരത്തിൽ നിന്നും പിറ​വിയെടുത്ത ക്ലബാണത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ-സോഷ്യലിസ്റ്റ് മുഖം ആ ക്ലബിനുണ്ട്. കാലാന്തരത്തിൽ ഫുട്ബോളിന്റെ കോർപ്പറേറ്റ് വൽക്കരണത്തിൽ പല മൂല്യങ്ങളും നഷ്ടമായെങ്കിലും ക്ലബിന്റെ ഈ ഫിലോസഫിയിൽ വിശ്വസിക്കുന്ന വലിയ ആരാധകക്കൂട്ടമുണ്ട്. ആൻഫീൽഡിന്റെ സ്വന്തം ആശാനായിരുന്ന യുർഗൻ ​ക്ലോപ്പ് ക്ലബിന്റെ രാഷ്ട്രീയ സ്വത്വത്തെ പലകുറി ഉണർത്തിയിരുന്നു. ത​ന്റെ ഇടതുപക്ഷ രാഷ്ട്രീയം പലകുറി തുറന്നുപറഞ്ഞയാളാണ് ക്ലോപ്പ്. ലിവർപൂളിന്റെ ഇതിഹാസ മാനേജർമാരുടെ കൂട്ടത്തിൽ എണ്ണുന്ന ബിൽ ഷാങ്ലിയും സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ പ്രചാരകനായിരുന്നു.

എന്നാൽ ഇലോൺ മസ്കിന്റെ രാഷ്ട്രീയം എന്നും ലിവർപൂൾ പുലർത്തുന്ന മൂല്യങ്ങൾക്ക് നേർവിപരീതമാണ്. ഡോൺഡ് ട്രംപ്, ജോർജിയ മെലോണി അടക്കമുള്ള ഫാർ റൈറ്റ് നേതാക്കളുടെ അടുത്ത സുഹൃത്തായ മസ്ക് വലതുപക്ഷ രാഷട്രീയത്തിന്റെ പ്രചാരകനാണ്. മസ്കിന്റെ നിയ​ന്ത്രണത്തിലുള്ള എക്സ് അമേരിക്കൻ തെരഞ്ഞെടുപ്പിലടക്കം ട്രമ്പിന് വേണ്ടി നിലകൊണ്ടു എന്ന ആരോപണമുണ്ട്. എക്സ് വെറുപ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണമുയർത്തി ജർമൻ ബുണ്ടസ് ലീഗിലെ ഇടതുപക്ഷ മൂല്യങ്ങൾ പുലർത്തുന്ന സെന്റ് പോളി​ ക്ലബ് എക്സ് അക്കൗണ്ട് ഉപക്ഷേിച്ചതും വലിയ വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ സെന്റ്പോളിയോട് സമാനമായ മൂല്യങ്ങൾ പുലർത്തുന്ന ചെമ്പട്ടുപുതച്ച ആൻഫീൽഡിലേക്ക് നടന്നടുക്കുകയെന്നത് മസ്കിന് ഒരിക്കലും എളുപ്പമാകില്ല.

മേജർ ലീഗ് ബേസ്ബോൾ അടക്കമുള്ളവിടങ്ങളിൽ പയറ്റിത്തെളിഞ്ഞ അമേരിക്കൻ സംഘമായ ഫെൻവേ സ്​പോർട്സ് ​ഗ്രൂപ്പാണ് നിലവിൽ ലിവർപൂളിന്റെ ഉടമസ്ഥത കൈയ്യാളുന്നത്. ക്ലബിന്റെ ഉടമസ്ഥത കൈമാറ​ുന്നേതോ പുറമേ നിന്നുള്ള നിക്ഷേപം കൊണ്ടുവരുന്നതോ ആയ ഒരു ചർച്ചകളും നിലവിൽ നടക്കുന്നില്ലെന്ന് ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും ലിവർപൂൾ മസ്കിന് ഒരു അടഞ്ഞ അധ്യായമാണ്.

TAGS :
Next Story