Quantcast

എല്ലാമുണ്ടായിട്ടും ഒന്നും നേടാത്തവർ...

MediaOne Logo

Sports Desk

  • Published:

    23 Oct 2024 11:18 AM GMT

england football
X

ർമകളുടെ ആൽബങ്ങൾ ചികഞ്ഞുനോക്കുമ്പോൾ പോയകാലത്തെ ഇംഗ്ലീഷ് ടീമിനെ നോക്കി ഓരോ ഫുട്ബോൾ പ്രേമിയും നെടുവീർപ്പോടെ ഓർക്കും- ‘ഇതെന്താരു ടീമായിരുന്നു’. ഫുട്ബാളിൽ അത്യപൂർവമായി സംഭവിക്കുന്ന പ്രതിഭകളുടെ സംഗമമായിരുന്നു ആ ഇംഗ്ലണ്ട് ടീം. 1990കളിൽതന്നെ താരത്തിളക്കമുണ്ടായിരുന്നുവെങ്കിലും 2000ങ്ങളിലാണ് ആ ടീം അതിന്റെ മൂർധന്യത്തിലെത്തിയത്. ഓരോ ​പൊസിഷനിലും അണിനിരന്നത് ഇതിഹാസ തുല്യരായ താരങ്ങൾ. അതിനൊത്തവർ സൈഡ് ബെഞ്ചുകളിലും അവസരം കാത്തുനിന്നു.

2004 യൂറോക്കായി ബൂട്ടുകെട്ടിയ ഇംഗ്ലീഷ് ഫുട്ബോൾ ടീമിനെ നോക്കൂ. മുൻ നിരയിൽ ബൂട്ടുകെട്ടുന്നത് അലക്സ് ഫെർഗൂസന്റെ ഓമനപുത്രനായ വെയ്ൻ റൂണി. കൂട്ടിനുള്ളത് ബാലൻഡി ഓറിൽ പേരുപതിപ്പിച്ച അവസാനത്തെ ഇംഗ്ലീഷു​കാരൻ മൈക്കൽ ഓവൻ, മധ്യനിരയിൽ കളി മെനയുന്നത് ആൻഫീൽഡിന്റെ സ്വന്തം സ്റ്റീവൻ ജെറാർഡ്. കൂടെ സ്റ്റാംഫർഡ് ബ്രിഡ്ജിന്റെ നെടുന്തൂണായ ഫ്രാങ്ക് ലാംപാർഡ്.


വലതുവശത്തുള്ളത് ആമുഖം വേണ്ടാത്ത ഗ്ലോബൽ സൂപ്പർ സ്റ്റാർ ഡെവിഡ് ബെക്കാം. ഇടതുവശത്ത് ഓർഡ് ട്രാഫോഡിന്റെ വിശ്വസ്തനായ പോൾ സ്കോൾസ്. പിൻനിരയിൽ കോട്ടകാക്കുന്നത് ജോർ ടെറി. കൂട്ടിനുള്ളത് ഇൻവിൻസിബിൾ ആഴ്സണലിന്റെ സോൾ ക്യാമ്പൽ. കൂടാതെ ഇടതുവശത്ത് ആഷ്ലി കോളും വലത് വശത്ത് ഗാരി നെവില്ലയും. ഗോൾവല കാക്കുന്നത് ഡേവിഡ് ജെയിംസ്. ഇവരെ വെല്ലാൻ പോന്ന പകരക്കാർ ബെഞ്ചിലും. ഓരോ പൊസിഷനിലും ഒരു ടീമിന് ലഭിക്കാവുന്നവരിൽ വെച്ചേറ്റവും ഏറ്റവും മികച്ചവർ. അക്ഷരാർത്ഥത്തിൽ ഒരു നക്ഷത്ര സംഗമം. എന്നിട്ടുമിവർ എന്ത് നേടി?. എന്താണവർക്ക് കളിക്കളങ്ങളിൽ സംഭവിച്ചത്. വിടർന്ന കണ്ണുകളോടെ ഇംഗ്ലണ്ടിലെ കൊച്ചുകുട്ടികളും കാൽപന്ത് ലോകവും ഈ ചോദ്യങ്ങൾ ഉത്തരം തേടിപോയിട്ടുണ്ട്.

ലോകകപ്പുകളിലെ തലതാഴ്ത്തിയുള്ള മടക്കം

2000ങ്ങളുടെ തുടക്കത്തിൽ സ്വീഡനിൽ നിന്നെത്തിയ സ്വെൻ ഗ്വരാൻ എറിക്സണായിരുന്നു ഈ ടീമിനെ ഒരുക്കിയെടുത്തത്. ഇംഗ്ലണ്ടുകാരനല്ലാത്ത ആദ്യ മാനേജറായ എറിക്സൺ അതിന് പോന്നവൻ തന്നെയായിരുന്നു. എറിക്സൺ ചുമതലയേറ്റ് അധികം വൈകാതെ ജർമനിയെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തകർത്തുവിട്ടതോടെ ഇംഗ്ലീഷ് സംഘത്തിന്റെ ഖ്യാതി ലോകമെങ്ങും പരന്നുതുടങ്ങി. എന്നാൽ ഈ നക്ഷത്രക്കൂട്ടത്തിന് പിന്നീടുള്ള പാതകൾ ദുർഘടമായിരുന്നു. ​യോഗ്യതറൗണ്ടിൽ അത്ര ആധികാരികമായിരുന്നില്ല ആ പ്രകടനങ്ങൾ. ഒടുവിൽ നിർണായക മത്സരത്തിൽ ഗ്രീസിനെതിരെ 25 യാർഡകലെനിന്നും ഡേവിഡ് ബെക്കാം തൊടുത്ത ഒരു ഫ്രീകിക്കിൽ തൂങ്ങിയാണ് ഇംഗ്ലണ്ട് 2002 ലോകകപ്പിനെത്തിയത്. സൂപ്പർതാരപരിവേഷവുമായി ​ലോകവേദികളിൽ ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബദ്ധവൈരികളായ അർജൻീനയോട് വിജയിച്ച് കണക്കുകൾ തീർത്തത് മാത്രമായിരുന്നു ആശ്വസിക്കാനുള്ളത്. ക്വാർട്ടറിൽ മുന്നിലെത്തിയത് സാക്ഷാൽ ബ്രസീൽ. മൈക്കൽ ഓവന്റെ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയതാണ്. പക്ഷേ ​ബ്രസീൽ തിരിച്ചടിച്ചു. റൊണാൾ​ഡീന്യോയുടെ ബൂട്ടിൽ നിന്നും മാരിവില്ല് കണക്കെ പെയ്തിറങ്ങിയഷോട്ട് ഇംഗ്ലീഷുകാരുടെ ഹൃദയം തുളച്ചാണ് പോയത്.


2004 യൂറോകപ്പായിരുന്നു ഈ സംഘത്തിന്റെ അടുത്ത വേദി. മുൻനിരയിൽ വെയ്ൻ റൂണിയെന്ന കൗമാരക്കാരൻ കൂടി അണിചേർന്നതോടെ ഇംഗ്ലണ്ട് കൂടുതൽ മൂർച്ചയുള്ളവരായി മാറിയിരുന്നു. ടൂർണമെന്റ് ഫേവറിറ്റുകളായി വന്നിറങ്ങിയ ഇംഗ്ലീഷ് സംഘം ആദ്യ മത്സരത്തിൽ ഫ്രാൻസിന് മുന്നിൽ വീണു. ക്വാർട്ടർ വരെ മുന്നേ​റിയ സംഘത്തിന് മുന്നിലെത്തിയത് പോർച്ചുഗൽ. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കാർ​വാലോയെന്ന പോർച്ചുഗീസ് ഗോൾകീപ്പർ ഇംഗ്ലീഷുകാർക്ക് മുന്നിൽ വട്ടമിട്ടുനിന്നു. സാരമില്ല, രണ്ടുവർഷങ്ങൾക്കിപ്പുറമുള്ള ലോകകപ്പുണ്ടല്ലോ എന്ന് ആരാധകർ ആശ്വസിച്ചു.

2006 ലോകകപ്പ് എല്ലാംകൊണ്ടും ഇംഗ്ലണ്ടിന് അനുകൂലമാകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പ്രീമിയർ ലീഗും ക്ലബുകളും അന്ന് ഉയർന്ന നിലവാരത്തിലാണ്. ആഴ്സൺ വെങർ, അലക്സ് ഫെർഗൂസൺ, റാഫേൽ ബെനിറ്റസ്, ഹോസെ മൗറീന്യേ എന്നീ നാല് ടാക്റ്റിക്കൽ മാനേജർമാർ അന്ന് ഇംഗ്ലണ്ടിലുണ്ട്. ഇവർക്കൊപ്പം കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾ കൂടുതൽ ബുദ്ധിപരമായി പന്തുതട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ മൈതാനത്തെ പ്രകടനങ്ങൾ അത്ര ആശാവഹമായിരുന്നില്ല. വിറച്ചും ജയിച്ചും ക്വാർട്ടർ വരെ മുന്നേറിയ ഇംഗ്ലീഷ് താരാജാക്കൻമാർക്ക് മുന്നിൽ ക്വാർട്ടറിൽ വീണ്ടും പോർച്ചുഗൽ എത്തി. യൂറോകപ്പിന്റെ ആവർത്തനമായ മത്സരത്തിൽ നിർഭാഗ്യ ചരിത്രം ചുവപ്പുകാർഡായും ഷൂട്ടൗട്ടായും വീണ്ടും വന്നു. ഷൂട്ടൗട്ടിൽ പുറത്താകുകയെന്ന സ്വന്തം വിധിയെ മാറ്റിക്കുറിക്കാനാകാതെ ആ സംഘം നടന്നകന്നു.


അതോടെ സദാസമയവും ഗൺപോയന്റിലായിരുന്ന സ്വെൻ ഗ്വൊരൻ എറിക്സണ് നേരെ ഇംഗ്ലീഷ് ഫുട്ബോൾ അധികൃതർ ട്രിഗർ വലിച്ചു. സ്റ്റീവ് മക്ലാരനായിരുന്നു പകരക്കാരൻ. വീരവാദങ്ങളുമായി പരിശീലകനായ മക്ലാരനെ വലിയ ദുരന്തങ്ങളായിരുന്നു കാത്തിരുന്നത്. 2008 യൂറോക്ക് യോഗ്യത നേടാൻപോലും ആ സംഘത്തിനായില്ല. ഇംഗ്ലണ്ടി​ല്ലാതെ യൂറോക്ക് അരങ്ങുണരുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കാൽപന്ത് ലോകം സ്വീകരിച്ചത്. ഡേവിഡ് ബെക്കാമും മൈക്കൽ ഓവനും അടക്കമുള്ള കളിനിർത്തിയെങ്കിലും 2010 ലോകകപ്പിലും താരങ്ങളേറെ ഉണ്ടായിരുന്നു. പക്ഷേ ഇറ്റാലിയൻ പരിശീലകൻ ഫാബയോ കാപ്പെല്ലോക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെ ഒരു കിരീടമോ ഒരു ഫൈനലോ എന്തിന് ഒരു സെമിപോലും ഇല്ലാതെ ഫുട്ബോളിലെ ഐക്കോണിക്ക് ലൈനപ്പുകളിലൊന്ന് ഓർമകളിലേക്ക് മാഞ്ഞു.

എന്താണ് ഇംഗ്ലണ്ടിന് സംഭവിച്ചത്?.

ശാസ്ത്രീയ വിശദീകരണങ്ങൾ മുതൽ ഗോസിപ്പുകളുടെ കൂമ്പാരങ്ങൾ വരെ ഈ ചോദ്യത്തിന് ഉത്തരങ്ങളായുണ്ട്. ഓൾഡ് ട്രാഫോഡിലെയും സ്റ്റാംഫഡ് ബ്രിഡ്ജിലെയും ആൻഫീൽഡിലെയുമെല്ലാം നക്ഷത്രങ്ങൾ ഒരിക്കലും ഒരു ടീമായി കളിച്ചില്ല എന്നതുതന്നെയായിരുന്നു ഈ പതനത്തിന്റെ പ്രധാന കാരണം. ക്ലബ് വൈരവും ഇഞ്ചോടിഞ്ച് പോരാട്ടങ്ങളും ഒരു സീസണാകെ നിറഞ്ഞുനിൽക്കുന്ന പ്രീമിയർ ലീഗിൽ പന്തുതട്ടുന്നവർ ഇംഗ്ലണ്ട് ടീമിലെത്തുമ്പോഴും അവരവരുടെ തുരുത്തുകളിൽ തന്നെ തുടർന്നു. ഫുട്ബോൾ പോലെ ഒരു ടീം ഗെയിമിൽ ഒത്തിണക്കവും കോർഡിനേഷനും പ്രധാനമാണ്. ഒരു നക്ഷത്രക്കൂട്ടം എന്നതിനപ്പുറത്ത് ഒത്തിണക്കമുള്ള 11 പേരായി ഒരിക്കലും അവർ മാറിയില്ല. ഇതിനെക്കുറിച്ച് പിൽകാലത്ത് താരങ്ങൾ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

‘‘പ്രീമിയർ ലീഗിൽ ഒരു വർഷം പോരടിക്കുന്നത് ലിവർപൂളുമായിട്ടാകും. അടുത്ത വർഷം ചെൽസിയാകും എതിരാളികൾ. അതുകൊണ്ടുതന്നെ ഡ്രെസിങ് റൂമിൽ ഫ്രാങ്ക് ലാംപാർഡുമായോ ആഷ്ലി കോളുമായോ സ്റ്റീവൻ ജെറാഡുമോയോ ഒന്നും തുറന്നു സംസാരിക്കാറില്ലായിരുന്നു. കാരണം ഇവർ എന്റെ വാക്കുകളിൽ നിന്നും വല്ലതും എടുത്ത് ക്ലബിനെതിരെ പ്രയോഗിക്കുമോ എന്ന ഭയമുണ്ടായിരുന്നു. ഈ മനോഭാവം ഇംഗ്ലണ്ട് ടീമിന് എത്രത്തോളം വിനയാകുന്നുണ്ടെന്ന് അന്നറിയില്ലായിരുന്നു’’ -ഗോൾഡൻ ടീമിൽ പ്രതിരോധ ഭടനായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റിയോ ഫെർഡിനാൻസ് പോയകാലത്തെ കുറ്റബോധത്തോടെ ഓർത്തെടുത്തത് ഇങ്ങനെയായിരുന്നു.


പ്രതിഭകളുടെ ധാരാളത്തിവും ടീമി​ന് ഒരു പ്രശ്നമായിരുന്നു. ഒരേ പൊസിഷനിനിലും ഒന്നിലേറെ മികച്ചവരുള്ളത് മാനേജർമാരുടെ തലപെരുപ്പിച്ചിരുന്നു. പലസമയങ്ങളിലും ഒരു ടാക്റ്റിക്കൽ ഇലവനേക്കാളുപരി ഒരു സൂപ്പർ സ്റ്റാർ ഇലവനെ മാനേജർമാർക്ക് അണിനിരത്തേണ്ടി വന്നു. ഒരാളെ പുറത്തിരുത്തിയാൽ അത് പോലും വലിയ വാർത്തയാകുമെന്നതിനാൽ തന്നെ മാനേജർമാർ സമ്മർദ്ദത്തിലായിരുന്നു. എല്ലാവരെയും ഉൾ​കൊള്ളിക്കാനായി 4-4-2 എന്ന ഫോർമേഷനായിരുന്നു ഇംഗ്ലണ്ട് അക്കാലത്ത് സ്വീകരിച്ചിരുന്നത്

ഫ്രാങ്ക് ലാംപാർഡും സ്റ്റീവൻ ജെറാർഡും രണ്ട് ഇതിഹാസങ്ങളാണ്. പക്ഷേ അറ്റാക്കിങ് ശൈലിയിൽ കളിക്കുന്ന രണ്ട് പേരെയും ഇംഗ്ലണ്ടിന് ഒരുമിച്ച് കളത്തിലിറക്കേണ്ടി വന്നു. ഇതോടെ മിഡ്ഫീൽഡിൽ ഇവർ പിന്നിൽ ഗ്യാപ്പ് രൂപപ്പെട്ടിരുന്നു. .ഇതിനെല്ലാം പുറമേ ഗോൾഡൻ ജനറേഷൻ എന്ന ടാഗ് സൃഷ്ടിക്കുന്ന സമ്മർദ്ദവും ഇവർക്ക് മേൽ തൂങ്ങിനിന്നിരുന്നു. പലകുറി ​ഷൂട്ടൗട്ടിൽ മടങ്ങേണ്ടി വന്നത് ഇതിന്റെ ഉദാഹരണമാണ്. 2006ൽ പോർച്ചുഗലിനെതിരെ താരങ്ങൾ വലിയ സമ്മർ​ത്തോടെയാണ് പെനൽറ്റി കിക്കിന് വന്ന​തെന്ന് എറിക്സൺ തന്നെ തുറന്നുപറഞ്ഞു. പ്രീമിയർ ലീഗിൽ പെനൽറ്റികൾ നിഷ്പ്രയാസം ഗോളാക്കുന്ന ലാംപാർഡും ജെറാർഡുമാണ് 2006ൽ കിക്കുകൾ പുറത്തേക്കടിച്ചതെന്ന സങ്കടവും എറിക്സൺ പങ്കുവെച്ചു.

റയലും ബാഴ്സയുമടക്കം പലകരകളിലായി നിന്നിരുന്ന സ്പാനിഷ് ടീമിനെ ലൂയിസ് അരഗോൺസും വിസെന്റ് ഡെൽബോസ്കും ഒത്തിണക്കത്തോടെ കളിപ്പിച്ച് നേട്ടങ്ങളിലേക്കെത്തിച്ചിട്ടുണ്ട്. പക്ഷേ അത്തരമൊരു ടാക്റ്റിക്കൽ മാനേജറുടെ അഭാവവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. ​പോയകാലത്ത് ചെയ്ത അബദ്ധങ്ങൾക്ക് എറിക്സൺ തന്നെ പിന്നീട് മാപ്പ് ചോദിച്ചു. മരണം വരേക്കും ഗോൾഡൻ ജനറേഷ​നെ നശിപ്പിച്ചുവെന്ന ടാഗ് അദ്ദേഹത്തിന് മുകളിലുണ്ടായിരുന്നു. ഗോൾഡൻ ജനറേഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫ്രാങ്ക് ലാംപാർഡ് പലപ്പോഴും ക്ഷുഭിതനായാണ് പ്രതികരിച്ചത്.

എന്തൊക്കെയായാലും ഇംഗ്ലണ്ടിന്റെ ഗോൾഡൻ ജനറേഷൻ ഫുട്ബോളിലെ മോസ്റ്റ് ഗ്ലാമറസ് സംഘങ്ങളിലൊന്നായിരുന്നു. ആ തിളക്കത്തിൽ നമ്മുടെ നാട്ടി​ലും ഫ്ലക്സ് ബോർഡുകളും തോരണങ്ങളും ഉയർന്നിരുന്നു. ഒന്നും നേടാത്തവരായിട്ടും ആ ലൈനപ്പും ആ താരങ്ങളും എന്നും മനസ്സിൽ മായാതെ നിൽക്കുക തന്നെ ചെയ്യും.

TAGS :

Next Story