ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം: പോയിന്റ് പട്ടികയില്‍ സിറ്റി തന്നെ മുന്നില്‍
സിറ്റി എതിരില്ലാത്ത നാല് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തോൽപിച്ചപ്പോൾ ന്യൂകാസിലിനെതിരെയാണ് ലിവർപൂളിന്റെ ജയം
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവര്‍പൂളിനും ജയം. സിറ്റി എതിരില്ലാത്ത നാല് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തോല്പിച്ചപ്പോൾ ന്യൂകാസിലിനെതിരെയാണ് ലിവർപൂളിന്റെ ജയം.
പ്രീമിയർ ലീഗിൽ കിരീടത്തിനായുള്ള പോരാട്ടം കടുപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും വിജയം തുടർന്നത്. ലീഡ്സ് യുണൈറ്റഡിനെതിരെ ഗോൾ മഴ പെയ്യിച്ചാണ് ഗാർഡിയോളയും സംഘവും കരുത്തു കാട്ടിയത്. 13 ാം മിനുട്ടിൽ റോഡ്രി തുടങ്ങി വെച്ചപ്പോൾ അകെ, ജീസസ്, ഫെർണാണ്ടീഞ്ഞോ തുടങ്ങിയവർ ചേർന്ന് പട്ടിക തികച്ചു.
ജയത്തോടെ 84 പോയിന്റുമായി സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലീഡ്‌സ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയതോടെ റിലഗേഷൻ ഭീഷണിയിലാണ്. നിലവിൽ 17 ാം സ്ഥാനം ആണെങ്കിലും രണ്ട് മത്സരങ്ങൾ കുറവ് കളിച്ച ഏവർട്ടൻ ആണ് പിറകിൽ. അതേസമയം മറ്റൊരു മത്സരത്തിൽ കരുത്തരായ ന്യൂകാസിൽ യൂണൈറ്റഡിനെതിരെ ഒരു ഗോളിനാണ് ലിവർപൂൾ ജയിച്ചു കയറിയത്. 19 ാം മിനുറ്റില്‍ നബി കെയ്‌റ്റയാണ് ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് പിറകിൽ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.
ഇനി കേവലം 4 മത്സരങ്ങൾ മാത്രം ശേഷിക്കെ കിരീട പോരാട്ടം അവസാന ആഴ്ചയിലേക്ക് നീളുമെന്നുറപ്പായി.
Adjust Story Font
16