പെനാൽറ്റി തുലച്ച് ഹാളണ്ട്; ബോക്‌സിങ് ഡേയിലും രക്ഷയില്ലാതെ സിറ്റി, എവർട്ടനോട് സമനില
അവസാന ഒൻപത് പ്രീമിയർലീഗ് മാച്ചിൽ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിലെ ബോക്‌സിങ് ഡേ പോരാട്ടത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല. എവർട്ടനാണ് ചാമ്പ്യൻമാരെ (1-1) സമനിലയിൽ കുരുക്കിയത്. സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ 14ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിൽ സിറ്റി മുന്നിലെത്തിയെങ്കിലും 36ാം മിനിറ്റിൽ ഇലിമാൻ ഇൻഡിയായെയിലൂടെ എവർട്ടൻ സമനില പിടിച്ചു. 53ാം മിനിറ്റിൽ വിജയമുറപ്പിക്കാനുള്ള പെനാൽറ്റി അവസരം സ്‌ട്രൈക്കർ എർലിങ് ഹാളണ്ട് നഷ്ടപ്പെടുത്തി. നിലവിൽ അവസാന ഒൻപത് പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ജയം മാത്രമാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് സ്വന്തമാക്കാനായത്.
ആദ്യ പകുതിയിലടക്കം മികച്ച അവസരങ്ങളാണ് സിറ്റിയ്ക്ക് ലഭിച്ചതെങ്കിലും ഫിനിഷിങിലെ പ്രശ്‌നങ്ങൾ തിരിച്ചടിയായി. മറുഭാഗത്ത് എവർട്ടൻ ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡ് മികച്ച സേവുകളുമായി കളംനിറഞ്ഞു. വലതു വിങിലൂടെ മികച്ച നീക്കങ്ങളുമായി സാവീഞ്ഞ്യോ മുന്നേറികളിച്ചെങ്കിലും ഫൈനൽ തേർഡിൽ ലക്ഷ്യംകാണാതെ പല നീക്കങ്ങളും അവസാനിച്ചു. ഒടുവിൽ 14ാം മിനിറ്റിൽ സിറ്റി ലീഡെടുത്തു. ബെൽജിയം താരം ജെർമി ഡോകു ബോക്‌സിലേക്ക് നൽകിയ പന്തിലേക്ക് ഓടിയെത്തിയ പോർച്ചുഗീസ് താരം ബെർണാഡോ സിൽവ, മുന്നോട്ട് ഓടിയെത്തിയ പിക്‌ഫോർഡിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു(1-0). ഗോൾനേടിയ ശേഷവും തുടരെ അക്രമണവുമായി ആതിഥേയർ കളംനിറഞ്ഞെങ്കിലും എവർട്ടൻ കൃത്യമായി പ്രതിരോധിച്ച് നിർത്തി. ഒടുവിൽ 36ാം മിനിറ്റിൽ സിറ്റി മതിൽ ഭേദിച്ച് സന്ദർശകർ സമനില പിടിച്ചു. പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ പന്ത് എവർട്ടൻ താരം ഹാഫ് വോളിയിലൂടെ പോസ്റ്റിന്റെ വലത് മൂലയിലേക്ക് അടിച്ചുകയറ്റി.
രണ്ടാം പകുതിയിൽ വിജയ ഗോളിനായി നീലപട ആക്രമണമൂർച്ച കൂട്ടിയെങ്കിലും എവർട്ടൻ കൃത്യമായി തടയിട്ടു. ഒടുവിൽ സവീഞ്ഞ്യോയെ ബോക്‌സിൽ എവർട്ടൻ താരം മക്കെലെങ്കോ വീഴ്ത്തിയതിന് 53ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായ പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റിയിൽ മികച്ച റെക്കോർഡുള്ള ഹാളണ്ട് എടുത്ത കിക്ക് വലതുവശത്തേക്ക് ചാടി പിക്‌ഫോർഡ് തട്ടിയകറ്റി. റീബൗണ്ടിൽ ഹാളണ്ട് തന്നെ പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. സമനിലയോടെ മാഞ്ചസ്റ്റർ സിറ്റി ആറാംസ്ഥാനത്ത് തുടരുന്നു.
Adjust Story Font
16