ഹാളണ്ടിന് ഡബിൾ; എവർട്ടനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി വീണ്ടും തലപ്പത്ത്
രണ്ടാം പകുതിയിൽ ഡിബ്രുയിനെയേയും ഗ്രീലിഷിനയും ബെർണാഡോ സിൽവയേയും കളത്തിലിറക്കി പെപ് ഗ്വാർഡിയോള മധ്യ നിരയിലെ ആധിപത്യം തിരിച്ചുപിടിച്ചു.
ലണ്ടൻ: സൂപ്പർതാരം എർലിങ് ഹാളണ്ടിന്റെ ഇരട്ടഗോൾ മികവിൽ എവർട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി പ്രീമിയർ ലീഗിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മാഞ്ചസ്റ്റർ സിറ്റി. 71,85 മിനിറ്റുകളിലാണ് യുവതാരം വലകുലുക്കിയത്. ഇതോടെ ലിവർപൂളിനെ മറികടന്ന് 52 പോയന്റുമായി നിലവിലെ ചാമ്പ്യൻ ടീം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഈ സീസണിൽ തുടക്കത്തിൽ മുന്നേറിയെങ്കിലും പിന്നീട് മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയതോടെ പോയന്റ് ടേബിളിൽ നിന്ന് താഴേക്കിറങ്ങിയിരുന്നു. എന്നാൽ അവസാന ആറു മത്സരവും വിജയിച്ചാണ് ശക്തമായി മടങ്ങിയെത്തിയത്.
ആദ്യ പകുതിയിൽ സിറ്റി നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ച് നിർത്താൻ എവർട്ടനായി. എന്നാൽ രണ്ടാം പകുതിയിൽ കെവിൻ ഡിബ്രുയിനെയേയും ജാക് ഗ്രീലിഷിനയും ബെർണാഡോ സിൽവയേയും കളത്തിലിറക്കി പെപ് ഗ്വാർഡിയോള മധ്യ നിരയിലെ ആധിപത്യം തിരിച്ചു പിടിച്ചു. ലക്ഷ്യത്തിലേക്കുള്ള ആദ്യ ഷോട്ടുതന്നെ ഗോളിലേക്കെത്തിച്ചാണ് സന്ദർശകർക്ക് മേൽ നീലപട ആദ്യ പ്രഹരമേൽപ്പിച്ചത്. 71ാം മിനിറ്റിൽ നഥാൻ ആകെയുടെ അസിസ്റ്റിൽ നിന്നാണ് ലക്ഷ്യം കണ്ടത്.
പരിക്ക് മാറി തിരിച്ചെത്തിയ ശേഷമുള്ള ഹാളണ്ടിന്റെ ആദ്യഗോൾ. പ്രീമിയർലീഗിൽ ഗോൾവേട്ടക്കാരിൽ(16) ഒന്നാംസ്ഥാനം നിലനിർത്താനും നോർവെ താരത്തിനായി. 85ാം മിനിറ്റിൽ കെവിൻ ഡിബ്രുയിനെയുടെ അസിസ്റ്റിൽ നിന്നാണ് രണ്ടാം ഗോൾ നേടിയത്. ഹാളണ്ടിനായി ബെൽജിയം താരത്തിന്റെ 12ാം അസിസ്റ്റായി.
Adjust Story Font
16