ആഴ്‌സനലിന് അഞ്ചിൽ അഞ്ച്, ഹാളണ്ടിന് രണ്ടാം ഹാട്രിക്, ഇഞ്ച്വറി ടൈമിൽ രക്ഷപ്പെട്ട് ലിവർപൂൾ
പാറ പോലെ ഉറച്ചുനിന്ന അർജന്റീനാ ഗോൾകീപ്പറും രണ്ട് ബ്രസീലിയൻ സ്ട്രൈക്കർമാരും തമ്മിലുള്ള മത്സരമായിരുന്നു ആർസനൽ - ആസ്റ്റൻവില്ല
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ കുതിപ്പ് തുടരുന്നു. സീസണിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയിച്ച മൈക്കൽ അർടേറ്റയുടെ സംഘം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തി. സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ ഹാട്രിക് മികവിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നാലാം ജയം സ്വന്തമാക്കിയപ്പോൾ ഇഞ്ച്വറി ടൈം ഗോളിൽ ന്യൂകാസിലിനെ വീഴ്ത്തി ലിവർപൂൾ രണ്ടാം ജയം കണ്ടെത്തി. കരുത്തരായ ചെൽസി സീസണിലെ രണ്ടാം തോൽവി വഴങ്ങി.
അജയ്യരായി ഗണ്ണേഴ്‌സ്
ആസ്റ്റൻവില്ലയുടെ അർജന്റീനക്കാരൻ ഗോൾകീപ്പർ എമി മാർട്ടിനസിന്റെ കഠിനാധ്വാനം വിഫലമാക്കി ബ്രസീലിയൻ താരങ്ങളായ ഗബ്രിയേൽ ജേസുസും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ആഴ്‌സണലിന് തുടർച്ചയായ അഞ്ചാം ജയം നൽകിയത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ ഗണ്ണേഴ്‌സ് നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്ക് മികച്ച സേവുകൾ കൊണ്ട് ചിറകെട്ടിയ എമി മാർട്ടിനസിനെ ആതിഥേയർക്ക് കീഴടക്കാനായത് 31-ാം മിനുട്ടിൽ. ഗബ്രിയേൽ ജേസുസ് ക്ലോസ് റേഞ്ചിൽ നിന്ന് തൊടുത്ത ഷോട്ട് എമി തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ ബ്രസീലിയൻ സ്‌ട്രൈക്കർക്കു പിഴച്ചില്ല.
ഫീൽഡ് ഗെയിമിലൂടെ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ആസ്റ്റൻ വില്ല നിസ്സഹായരായപ്പോൾ 74-ാം മിനുട്ടിൽ തീർത്തും അപ്രതീക്ഷിതമായാണ് സമനില ഗോൾ വന്നത്. ആസ്റ്റൻ വില്ലയുടെ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് കോർണർ കിക്കിൽ നിന്ന് നേരിട്ട് ഗോൾ കണ്ടെത്തിയപ്പോൾ അതുവരെ ശബ്ദായമാനമായിരുന്ന ആഴ്‌സണലിന്റെ ഹോം സ്‌റ്റേഡിയം നിശ്ശബ്ദമായി. വായുവിലൂടെ വളഞ്ഞ പന്ത് പ്രതിരോധക്കാർക്കു മുകളിലൂടെ ഗോൾകീപ്പർക്ക് പിടികൊടുക്കാതെ വലയിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു.
സന്ദർശകരുടെ ആശ്വാസത്തിനു പക്ഷേ അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. 77-ാം മിനുട്ടിൽ ബുകായോ സാക നൽകിയ മനോഹരമായ ക്രോസ് ക്ലോസ് റേഞ്ചിൽനിന്ന് വലയിലാക്കി മാർട്ടിനല്ലി ആഴ്‌സണലിന് നിർണായക ജയവും മൂന്ന് പോയിന്റും നൽകി. തൊട്ടുമുന്നിൽ നിന്നുള്ള മാർട്ടിനല്ലിയുടെ ഫിനിഷിങ് തടയാൻ മർട്ടിനസ് നടത്തിയ സേവ് വിഫലമാക്കിയാണ് പന്ത് വായുവിലൂടെ ഗോൾവര കടന്നത്.
ഹാളണ്ടിന് വീണ്ടും ഹാട്രിക്
ഈ ട്രാൻസ്ഫർ കാലയളവിൽ ടീമിലെത്തിയ നോർവേക്കാരൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ ഹാട്രിക് മികവിൽ എതിരില്ലാത്ത ആറു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി നോട്ടിങ്ങാം ഫോറസ്റ്റിനെ കീഴടക്കിയത്. സിറ്റിക്കായി അരങ്ങേറ്റം കുറിച്ച അർജന്റീനാ താരം യുലിയൻ അൽവാരസും മത്സരം അവിസ്മരണീയമാക്കി.
12-ാം മിനുട്ടിൽ ഫിൽ ഫോഡൻ ബോക്‌സിലേക്കു നൽകിയ പാസിൽ കാൽവെച്ചാണ് ഹാളണ്ട് ആദ്യഗോളടിച്ചത്. 23-ാം മിനുട്ടിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് അനായാസം വലയിലാക്കി രണ്ടാം ഗോൾ കണ്ടെത്തിയ താരം 38-ാം മിനുട്ടിൽ ഹെഡ്ഡറിലൂടെ ഹാട്രിക് കണ്ടെത്തി. കഴിഞ്ഞ വാരാന്തത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ ഹാട്രിക്കുമായി സിറ്റിക്ക് വിജയമൊരുക്കിയ ഹാളണ്ട് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് നേട്ടം സ്വന്തമാക്കുന്നത്.
50-ാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്നുള്ള കരുത്തുറ്റ ഷോട്ടിലൂടെ ജോ കാൻസലോ ആണ് സിറ്റിയുടെ ലീഡ് നാലാക്കി ഉയർത്തിയത്. 44-ാം മിനുട്ടിൽ ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ നിരാശനായ അൽവാസരിന്റേതായിരുന്നു പിന്നീടുള്ള ഊഴം. 65-ാം മിനുട്ടിൽ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ ഷോട്ട് പായിച്ച് 22-കാരൻ സിറ്റി കുപ്പായത്തിലെ ആദ്യ ഗോൾ നേടി. 87-ാം മിനുട്ടിലെ പ്രത്യാക്രമണത്തിൽ അൽവാരസ് തന്നെ നോട്ടിങ്ങാമിന്റെ വലയിൽ അവസാന ആണിയുമടിച്ചു.
ഇഞ്ച്വറി ടൈമിൽ ലിവർപൂളിന് ജയം
ആൻഫീൽഡിൽ ന്യൂകാസിലിനെതിരെ ഒരു ഗോളിന് പിറകിലായ ശേഷം ശക്തമായി തിരിച്ചുവന്നാണ് ലിവർപൂൾ സീസണിലെ രണ്ടാം ജയം നേടിയത്. 38-ാം മിനുട്ടിൽ സ്വീഡിഷ് താരം അലക്‌സാണ്ടർ ഇസാക്കാണ് ചെമ്പടയെ ഞെട്ടിച്ച് ന്യൂകാസിലിന്റെ ആദ്യ ഗോൾ നേടിയത്. 61-ാം മിനുട്ടിൽ മുഹമ്മദ് സലാഹിന്റെ അസിസ്റ്റിൽ കൃത്യതയാർന്ന ഫിനിഷിലൂടെ റോബർട്ടോ ഫിർമിനോ ആതിഥേയരെ ഒപ്പമെത്തിച്ചു. 98-ാം മിനുട്ടിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് വലയിലെത്തിച്ച് ഫാബിയോ കാർവാലോ ലിവർപൂളിന് നിർണായകമായ ജയം സമ്മാനിച്ചു.
ചെൽസിയുടെ കഷ്ടകാലം
മുൻ ചാമ്പ്യന്മാരായ ചെൽസി സതാംപ്ടണിനോട് തോൽവി വഴങ്ങിയതാണ് ഈ കളിവാരത്തിലെ മറ്റൊരു വലിയ വിശേഷം. 23-ാം മിനുട്ടിൽ റഹീം സ്റ്റർലിങ്ങിലൂടെ ചെൽസി ലീഡെടുത്തെങ്കിലും 28-ാം മിനുട്ടിൽ 18-കാരൻ റോമിയോ ലവിയ സതാംപ്ടണിനെ ഒപ്പമെത്തിക്കുന്നതാണ് കണ്ടത്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ ചെൽസിയുടെ പ്രതിരോധപ്പിഴവ് തുറന്നുകാട്ടി ആദം ആംസ്‌ട്രോങ് സതാംപ്ടണിന്റെ വിജയഗോളും നേടി.
മറ്റൊരു മത്സരത്തിൽ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ വെസ്റ്റ്ഹാം 1-1 സമനിലയിൽ തളച്ചപ്പോൾ ലീഡ്‌സ് യുനൈറ്റഡ് ഇതേ സ്‌കോറിന് എവർട്ടനെയും പൂട്ടി.
അഞ്ച് റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 15 പോയിന്റോടെ ആഴ്‌സണലും 13 പോയിന്റുമായി സിറ്റിയും 11 പോയിന്റുള്ള ടോട്ടനം ഹോട്‌സ്പറുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ബ്രെയ്റ്റൻ (10), ലിവർപൂൾ (8), ലീഡ്‌സ് (8), ഫുൾഹാം (8) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 9 ഗോളുമായി ഹാളണ്ട് ആണ് ലീഗിലെ ടോപ് സ്കോറർ.
ബോൺമത്തും വോൾവറാംപ്ടൺ വാണ്ടറേഴ്‌സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും ലെസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 ന് ഏറ്റുമുട്ടുന്നുണ്ട്.
Adjust Story Font
16