വെസ്റ്റ്ഹാമിനെ ഗോളിൽമുക്കി ലിവർപൂൾ ലീഗ് കപ്പ് സെമിയിൽ
ലിവർപൂളിനായി ഇംഗ്ലീഷ് താരം ജോൺസ് ഇരട്ടഗോൾനേടി. ഡൊമിനിക് സ്ലൊബസ്ലായ്, കോഡി ഗാക്പോ, മുഹമ്മദ് സല എന്നിവരും ഗോൾനേടി.
ലണ്ടൻ: വമ്പൻജയവുമായി ലീഗ് കപ്പ് സെമിപ്രവേശനം ആധികാരികമാക്കി ലിവർപൂൾ. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് മുൻചാമ്പ്യൻമാർ അവസാനനാലിൽ ഇടംപിടിച്ചത്. ജനുവരി ഒൻപതിന് നടക്കുന്ന സെമിയിൽ ഫുൾഹാമാണ് എതിരാളികൾ. ലിവർപൂളിനായി ഇംഗ്ലീഷ് താരം ജോൺസ് ഇരട്ടഗോൾനേടി. 56,84 മിനിറ്റുകളിലാണ് ലക്ഷ്യംകണ്ടത്. ഡൊമിനിക് സ്ലൊബസ്ലായ്(28), കോഡി ഗാക്പോ(71), മുഹമ്മദ് സല(82) എന്നിവരും ഗോൾനേടി.
വെസ്റ്റ് ഹാമിനായി ജൊറേഡ് ബോവെൻ 77ാം മിനിറ്റിൽ ആശ്വാസഗോൾ കണ്ടെത്തി. കളിയുടെ തുടക്കംമുതൽ വ്യക്തമായ മേധാവിത്വം പുലർത്തിയ ചെമ്പട 29 തവണയാണ് വെസ്റ്റ് ഹാം പോസ്റ്റിലേക്ക് നിറയുതിർത്തത്. മുഹമ്മദ് സല, അലക്സാണ്ടർ അർണോൾഡ് അടക്കമുള്ള പ്രധാന താരങ്ങളെ ആദ്യഇലവനിൽ ഉൾപ്പെടുത്താതെയാണ് ലിവർപൂൾ ഇറങ്ങിയത്.
ന്യൂകാസിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് നേരത്തെ ചെൽസി സെമി പ്രവേശനമുറപ്പിച്ചിരുന്നു. മിഡിൽസ് ബ്രോട്ടാണ് നീലപടയുടെ എതിരാളികൾ.
പ്രീമിയർലീഗിൽതുടരുന്ന മികച്ചപ്രകടനം കരബാവോ കപ്പിലും ആവർത്തിച്ച ലിവർപൂൾ മറ്റൊരുലീഗ് കപ്പാണ് ലക്ഷ്യമിടുന്നത്. നിലവിൽ 17 കളിയിൽ 38 പോയന്റുമായി രണ്ടാംസ്ഥാനത്താണ്. ഒരുപോയന്റ് വ്യത്യാസത്തിൽ ആർസനലാണ് ഒന്നാമത്.
Adjust Story Font
16