Quantcast

'അരനൂറ്റാണ്ടിന് ശേഷം ചെൽസി കാത്തിരുന്ന രക്ഷകൻ'; ഇംഗ്ലണ്ടിൽ മൗറീന്യോ തീർത്ത അത്ഭുതം

എഫ്.സി പോർട്ടോയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച് ദിവസങ്ങൾക്കകമാണ് ചെൽസി മാനേജർ സ്ഥാനം മൗറീന്യോ ഏറ്റെടുത്തത്‌

MediaOne Logo

ടി.കെ ഷറഫുദ്ദീന്‍

  • Updated:

    2024-09-20 11:16:27.0

Published:

20 Sep 2024 11:10 AM GMT

The savior Chelsea have been waiting for after half a century; Mourinhos miracle in England
X

2004 മെയ് 31. പരിശീലക സ്ഥാനത്തുനിന്ന് ക്ലൗഡിയോ റനിയേരിയെ ഇംഗ്ലീഷ് ക്ലബ് ചെൽസി പുറത്താക്കുന്നു. അതിന് അഞ്ചുദിവസം മുൻപ്, കൃത്യമായി പറഞ്ഞാൽ മെയ് 26ന് മൊറോക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി എഫ്.സി പോർട്ടോ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത് ആർസനലിന്റെ കാലമായിരുന്നു. ഒരുമത്സരം പോലും തോൽക്കാതെ കിരീടത്തിലേക്കുള്ള ഗണ്ണേഴ്സിന്റെ സ്വപ്ന കുതിപ്പും 2004 അടയാളപ്പെടുത്തി. ആർസനലിന്റെ കിരീടധാരണം ഏറ്റവും കൂടുതൽ ബാധിച്ചത് അയൽക്കാരായ ചെൽസി ക്ലബിലായിരുന്നു. ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ താരങ്ങളെ വാരികൂട്ടിയിട്ടും രണ്ടാംസ്ഥാനം. അന്നത്തെ ചെൽസി ഉടമ റോമൻ അബ്രഹാമോവിച് ഈ റിസൾട്ടിൽ ഒട്ടും തൃപ്തനായിരുന്നില്ല. ഇതോടെ റനിയേരിയുടെ സ്ഥാനം തെറിച്ചു. ബ്രിഡ്ജിനെ രക്ഷിക്കാൻ ആരാകും എത്തുക. ആരാധകരും ഫുട്ബോൾ പണ്ഡിറ്റുകളും ഒരേസ്വരത്തിൽ ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് അയാൾ ലണ്ടനിലെ ചെൽസി തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിന്റെ പടികൾ കയറുന്നു. ജോസ് മരിയോ ഡോസ് സാന്റോസ് മൗറീന്യോ ഫെലിക്‌സ് എന്ന ജോസെ മൗറീന്യോ.. ദി സ്‌പെഷ്യൽ വൺ.



'എന്തുകൊണ്ട് ചെൽസി ഫുട്ബോൾ ക്ലബ്'... എഫ്.സി പോർട്ടോയെ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിച്ച് ദിവസങ്ങൾക്കിപ്പുറം പോർച്ചുഗലിൽ നിന്ന് ലണ്ടനിലേക്കെത്തിയ മൗറീന്യോയിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് ആദ്യം അറിയേണ്ടത് ഇതായിരുന്നു. ചെറു പുഞ്ചിരിയോടെ മറുപടിയെത്തി. ''ചെൽസിയിൽ മികച്ച താരങ്ങളുണ്ട്. പറയുന്നത് അഹങ്കാരമാണെങ്കിൽ നിങ്ങൾ ക്ഷമിക്കണം. ചെൽസിക്ക് ഇപ്പോൾ മികച്ചൊരു മാനേജറുണ്ട്. ഞാൻ യൂറോപ്യൻ ചാമ്പ്യനാണ്. ഐ ആം എ സ്പെഷ്യൽ വൺ. പ്രതാപികൾ ഒരുപാട്പേർ വന്നുപോയ പ്രീമിയർലീഗ് പരിശീലക കളരിയേക്ക് കാലെടുത്ത് വെച്ച ഉടനെ, മിന്നിമറിയുന്ന ക്യാമറകണ്ണുകൾക്ക് മുന്നിൽ കോൺഫിഡൻസിൽ ഇങ്ങനെയൊരു പ്രതികരണം നടത്തണമെങ്കിൽ ആളൊരു ചില്ലറക്കാരനായിരിക്കില്ല... ഒരൊറ്റ വർഷംകൊണ്ട് അയാൾ അത് തെളിയിച്ചു. ചെൽസിയിൽ പോർച്ചുഗീസ് പരിശീലകൻ തീർത്ത അവിസ്മരണീയകാലം. മൗറീന്യോയുടെ ചെൽസി. 2004 മുതൽ 2007 വരെയുള്ള ചെൽസിയിലെ കാലഘട്ടം ഇങ്ങനെ അടയാളപ്പെടുത്താനാണ് ആരാധകർക്കിഷ്ടം.



വലിയ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമായിരുന്നു ഹോസെ മൗറീന്യോയുടെ ചെൽസിയിലേക്കുള്ള വരവ്. ക്ലബ് ഉടമ റോമൻ അബ്രമോവിച്ചിന് പോർച്ചുഗീസ് കോച്ചിനെയെത്തിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. മൗറീന്യോയുടെ ചൂടൻ പെരുമാറ്റം തന്നെയായിരുന്നു അതിന് കാരണം. എന്നാൽ നിരാശയുടെ പടുകുഴിയിൽ നിന്ന് ക്ലബിന്റെ രക്ഷകനാകാൻ ഇങ്ങനെയൊരാൾക്കേ കഴിയൂ. ഈയൊരു തിരിച്ചറിവ് പരിശീലകനലിലേക്കുള്ള വഴി തുറന്നു. ചെൽസിയിലെത്തിയ ശേഷം ഡ്രസിങ് റൂമിലെ മൗറീന്യോയുടെ ആദ്യ പ്രതികരണം ഇക്കാര്യം അടിവരയിടുന്നതായിരുന്നു. 'ഞാനൊരു ചാമ്പ്യനാണ്. നിങ്ങൾ എനിക്കൊപ്പം ചേർന്നാൽ നമുക്ക് കിരീടം സ്വന്തമാക്കാം' . താരങ്ങളിലെ ഫൈറ്റിങ് സ്പിരിറ്റ് നിലനിർത്തികൊണ്ടുള്ള പ്രതികരണം. ജോൺ ടെറിയും ഫ്രാങ്ക് ലംപാർഡും അടങ്ങിയ ലോകോത്തര താരങ്ങളുടെ സിരകളിൽ അയാൾ കുത്തിവെച്ച ആ വാക്കുകൾ കത്തിപ്പടർന്നത് ഇംഗ്ലണ്ടിലെ മൈതാനങ്ങളിലായിരുന്നു.



ഒൻപത് താരങ്ങളെ ഒഴിവാക്കിയും പുതുതായി പ്ലെയേഴ്സിനെ സൈൻ ചെയ്തും മൗറീന്യോ ട്രാൻസ്ഫർമാർക്കറ്റിൽ തന്റെ ടീമിനെ കെട്ടിപ്പടുത്തു. ചെക്ക് റിപ്പബ്ലിക്കിന്റെ 22 കാരൻ ഗോൾകീപ്പർ പീറ്റർ ചെക്ക്, മാർസെലയിൽ നിന്ന് ഐവറികോസ്റ്റുകാരൻ സ്ട്രൈക്കർ ദിദിയർ ദ്രോഗ്ബെ, ഒപ്പം ഏതാനും മറ്റു സൈനിംഗുകളും. പിൽകാലത്ത് ഇരുവരും ചെൽസിയുടെ ഇതിഹാസ താരങ്ങളായത് ചരിത്രം. പ്രീമിയർലീഗിലെ ആദ്യ മത്സരത്തിൽ തന്നെ വിഖ്യാത പരിശീലകൻ സർ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചായിരുന്നു തുടക്കം. ആദ്യ എട്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ആഴ്സനലിന് താഴെ ചെൽസി രണ്ടാമത്. എന്നാൽ ഒരു മത്സരത്തിൽ മാത്രമാണ് ടീം ഒന്നിൽ കൂടുതൽ ഗോൾനേടിയത്. ഇതോടെ മൗറീന്യോയുടെ ഡിഫൻസീവ് ടാക്റ്റിക്സുകൾക്കെതിരെ വിമർശനമുയർന്നു. ചെൽസിയുടെ ബോറിങ് ഫുട്ബോൾ എന്ന രീതിയിൽ പ്രചരണം ശക്തമായി. ഇക്കാര്യത്തിൽ മുന്നിൽ ആഴ്സനൽ പരിശീലകൻ ആഴ്സൻ വെംഗറായിരുന്നു. ചെൽസിക്ക് കോൺഫിഡൻസ് നഷ്ടമായെന്നായിരുന്നു വെംഗറിന്റെ പ്രതികരണം. എന്നാൽ അടുത്ത ഒൻപത് മത്സരങ്ങൾ നീലപട വിശ്വരൂപം പുറത്തെടുത്തു. എതിരാളികളുടെ പോസ്റ്റിൽ ഗോളടിച്ച്കൂട്ടി മിന്നും പ്രകടനം. കൃത്യമായ ടാക്റ്റിക്കൽ ചെയ്ഞ്ച്. ആഴ്സനലിലെ ഓവർടേക്ക് ചെയ്ത് ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്തേക്കും കയറി. ''സ്വന്തം വീട്ടിലിരുന്ന് മറ്റുള്ളവരുടെ കുറ്റങ്ങൾ ടെലസ്‌കോപ്പിലൂടെ കണ്ടുപിടിക്കുകയാണ് വെംഗറിന്റെ പണി.

എപ്പോഴും ചെൽസിയെ കുറിച്ചാണ് സാസാരിക്കുന്നത്. ചിലപ്പോൾ സ്വന്തം ടീമുകളുടെ പ്രകടനം മോശമായതുകൊണ്ടായിരുക്കും'' എല്ലാത്തിനുമുള്ള മറുപടി മൗറീന്യോ നൽകി. വെറും നാല് മാസം കൊണ്ട് ഇംഗ്ലണ്ടിലെ ഫേവറേറ്റ് മാനേജറായി അയാൾ മാറികഴിഞ്ഞു. ഒടുവിൽ അര നൂറ്റാണ്ടായി ചെൽസി ക്ലബ് സ്വപ്നംകണ്ടിരുന്ന പ്രീമിയർലീഗ് കിരീടവും യാഥാർത്ഥ്യമാക്കി. കേവലമൊരു ചാമ്പ്യനാകുകയായിരുന്നില്ല ചെൽസി ആ സീസണിൽ. 38 മാച്ചിൽ 29 ജയവും എട്ട് സമനിലയുമായി 95 പോയന്റ് എന്ന മാന്ത്രിക സംഖ്യയുമായാണ് ചരിത്രമെഴുതിയത്. തോൽവി നേരിട്ടത് ഒരേയൊരു മത്സരത്തിൽ മാത്രം. കഴിഞ്ഞ സീസണിൽ കിരീടമോഹം തല്ലികെടുത്തിയ ആഴ്‌സനലിനോടുള്ള മധുരപ്രതികാരംകൂടിയായി മാറിയിത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സൻ വെങ്ങറിന്റെ ഗണ്ണേഴ്‌സിന് 83 പോയന്റാണ് നേടാനായത്. ആ ഒരൊറ്റ സീസൺ കൊണ്ട് മൗറീന്യോക്ക് ഹീറോ പരിവേഷം. ആരവങ്ങൾ മുഴക്കിയ ആരാധകൂട്ടത്തിന് ഇടയിലേക്ക് അയാൾ പ്രീമിയർലീഗ് മെഡൽ വലിച്ചെറിഞ്ഞു. എലേറ്റ് പരീശീലക പട്ടികയിലേക്കുള്ള യാത്രയും ഇവിടെ ആരംഭിച്ചു. പിന്നാലെ ഫുട്‌ബോൾ ലോകം ജോസെ മൗറീഞ്ഞോക്കൊരു പേരും ചാർത്തിനൽകി.. ദി സ്‌പെഷ്യൽ വൺ.

ഒരുപക്ഷെ ചെൽസി ക്ലബുമായി ഇത്രയധികം ഇഴകിചേർന്ന മറ്റൊരു മാനേജറുണ്ടായോയെന്ന് സംശയമാണ്. 2004-2005 ലെ ആദ്യ സീസണിൽ തന്നെ പ്രീമിയർലീഗ് ടൈറ്റിലടിച്ച ചെൽസി തൊട്ടടുത്ത സീസണിലും കിരീടം സ്വന്തമാക്കി. 2006-07 സീസൺ എഫ്.എ കപ്പിലും നീലപടയുടെ സർവ്വസംഹാര താണ്ഡവമായിരുന്നു. ഫൈനലിലെ ചെൽസി തേരോട്ടത്തിൽ പൊലിഞ്ഞതാകട്ടെ സർ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടമോഹവും. 2004-05, 2006-07 ലീഗ് കപ്പിലും 2005 ലെ കമ്യൂണിറ്റി ഷീൽഡിലും ഇംഗ്ലീഷ് ക്ലബ് മുത്തമിട്ടു. അവിടെയെല്ലാം കിങ് മേക്കറായി ആ പോർച്ചുഗീസ് പരിശീലകനുണ്ടായിരുന്നു. 185 മത്സരങ്ങളിൽ നിന്നായി 124 വിജയം. 40 സമനില. 21 തോൽവി. 1176 ദിവസം നീണ്ട പരിശീലന കരിയറിന്റെ ആകെതുക ഇതായിരുന്നു.



ചെൽസിയുടെ മാനേജർ സ്ഥാനമേറ്റെടുക്കുമ്പോൾ പോർച്ചുഗീസ് പരിശീലകന് അന്ന് പ്രായം 41 വയസായിരുന്നു. ലോകത്തിലെ മികച്ച ഡിഫൻസീസ് സ്റ്റാറ്റർജിസ്റ്റായാണ് അയാളെ ഫുട്‌ബോൾ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഗോൾ അടിക്കുന്നതിനേക്കാൾ ഗോൾ വഴങ്ങാതിരിക്കാനാണ് ശ്രദ്ധിച്ചത്. എന്നാൽ തരംപോലെ കളിശൈലി മാറ്റി പരീക്ഷിക്കുന്നതിൽ അഗ്രഗണ്യനാണ് താനെന്ന് ഈ പോർച്ചുഗീസ് പരിശീലകനെന്ന് ഒരുപാട് തവണ തെളിയിച്ചു. 4-4-3 ഫോർമേഷനാണ് പൊതുവെ ചെൽസിയിൽ മൗറീഞ്ഞോ അവലംബിച്ചത്. ഗോളടിച്ച് കൂട്ടാൻ ഐവറികോസ്റ്റ് താരം ദിദിയർ ദ്രോഗ്‌ബെ. അർദ്ധാവസരങ്ങൾ പോലും ഗോളാക്കിമാറ്റാൻ കെൽപുള്ള ചെൽസിയുടെ മുന്നേറ്റത്തിലെ പോരാളി. വിങുകളിലായി നിറഞ്ഞുകളിക്കാൻ ആര്യൻ റോബനും ഡാമിയൻ ഡഫും. മധ്യനിരയിൽ കളി മെനയാൻ ഫ്രാങ്ക് ലംപാർഡും ഘാന താരം മൈക്കിൾ എസിയാനും. ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ ഫ്രാൻസിന്റെ ക്ലൗഡ് മക്കലേല. പ്രതിരോധത്തിലേക്ക് വന്നാൽ വൻമതിലായി ക്യാപ്റ്റൻ ജോൺ ടെറി. കൂട്ടിന് പോർച്ചുഗീസ് ഡിഫൻഡർ റിക്കാർഡോ കാർവാലോയും. ലെഫ്റ്റ് വിങിൽ ആഷ്‌ലി കോളും മറുഭാഗത്ത് പോളോ ഫെറേറയും. ഗോൾവലക്ക് താഴെ ചോരാത്ത കൈകളുമായി പീറ്റർ ചെക്കും. ഏതൊരു ടീമിനേയും ഭയപ്പെടുത്തുന്ന ദി സ്‌പെഷ്യൽ കോച്ചിന്റെ ഡ്രീം സംഘം. ചെൽസി ഇതിഹാസ നിരയിലെ പ്രധാനികൾ.



അജയ്യനായി മുന്നേറിയ ആ മൗറീന്യോയുടെ കാലം വളരെ പെട്ടെന്നാണ് സ്റ്റാഫോർഡ് ബ്രിഡ്ജിൽ അസ്തമിച്ചത്. 2007 സെപ്തംബറിൽ അന്നത്തെ ക്ലബ് ഉടമ റോമൻ അബ്രമോവിചുമായുള്ള അഭിപ്രായ ഭിന്നതയാണ് പുറത്തേക്കുള്ള വഴിതെളിയിച്ചത്. ക്ലബിൽ നൂറുശതമാനം നിയന്ത്രണം മൗറീഞ്ഞോക്ക് നഷ്ടമായി തുടങ്ങിയ സമയം. കോച്ചിന്റെ ട്രാൻസ്ഫർ ഫിലോസഫിയിൽ നിന്ന് റോമൻ അബ്രമോവിചിന്റെ ഇടപെടൽ. സാലമോൻ കലു, ജോൺ ഒബി മൈക്കൽ തുടങ്ങി യുവതാരങ്ങളെ ടീമിലെടുക്കാനായിരുന്നു മൗറീഞ്ഞോയുടെ താൽപര്യം. എന്നാൽ ഇതിന് പുറമെ മിഷേൽ ബല്ലാക്ക്, അബ്രഹമോവിചിന്റെ സുഹൃത്ത്കൂടിയായ ആന്ദ്രെ ഷെവ്ചെങ്കോ, ഇംഗ്ലീഷ് താരം ആഷ്ലി കോൾ എന്നിവരെ ഓണർ താൽപര്യത്തിൽ ടീമിലെടുത്തു.

താരങ്ങളെയെത്തിക്കുന്നതിന് പുറമെ പുതുതായി നിയമിച്ച ഫുട്ബോൾ ഡയറക്ടർ എവ്റാം ഗ്രാന്റുമായുള്ള അഭിപ്രായ ഭിന്നതയും ക്ലബിലെ അന്തരീക്ഷം മോശമാക്കി. 2006-07 സീസൺ പ്രീമിയർലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈാറ്റഡിന് മുന്നിൽ അടിയറവ് വെക്കേണ്ടിവന്നു. പിന്നീട് ചെൽസിയുടെ തിരിച്ചടിയുടെ ദിനങ്ങൾ. വൻതുകമുടക്കി ടീമിലെത്തിച്ച ഉക്രൈൻ താരം ഷെവ്ചെങ്കോ വൻ പരാജയമായി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിന് മുന്നിൽ വീണു. ഒടുവിൽ പ്രസ്‌കോൺഫറൻസിൽ മൗറീന്യോ ക്ലബ് ഉടമക്കെതിരെ രൂക്ഷ പ്രതികരണം നടത്തി'' അബ്രമോവിച് എന്നെ ട്രെയിനിങിൽ സഹായിക്കുകയാണെങ്കിൽ ഞങ്ങൾ ടേബിളിൽ താഴെയായിരിക്കും ഫിനിഷ് ചെയ്യുക. ഞാൻ അദ്ദേഹത്തിന്റെ ആഗോള ബിസിനസിന്റെ ഭാഗമായാൽ ആ ബിസിനസ് വൈകാതെ നഷ്ടത്തിലാകും''. ഉടമ ഉടയുടെ പണി ചെയ്യണമെന്ന് ഇതിലും ലളിതമായൊരു മറുപടി നൽകാനില്ല. ഒടുവിൽ വിഖ്യാത പ്രസ് കോൺഫറൻസിലൂടെ വരവറിയിച്ച മൗറീന്യോക്ക് മറ്റൊരു വാർത്താസമ്മേളനത്തിലൂടെ തന്നെ പര്യവസാനവും. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് ലംപാർഡും ടെറിയുമടക്കമുള്ള ചെൽസി താരങ്ങൾ പ്രിയ കോച്ചിനെ യാത്രയാക്കിയത്. മറ്റൊരു മാനേജർക്കും ലഭിക്കാത്ത അപൂർവ്വതക്കാണ് അന്ന് ബ്രിഡ്ജ് സാക്ഷ്യംവഹിച്ചത്. മൗറീഞ്ഞോ പടിയിറങ്ങുമ്പോൾ പുറത്ത് ആരാധകർ ഉയർത്തിയ ബാനറിൽ ഇങ്ങനെയെഴുതിയിരുന്നു. ''ചെൽസി ഞങ്ങളുടെ മതവും മൗറീന്യോ ദൈവവുമാണ്''.

TAGS :

Next Story