സിറ്റിയും കടന്ന് ലിവർപൂൾ കുതിപ്പ്; ജിറോണയെ തോൽപിച്ച് റയൽ, ന്യൂകാസിലിനും ജയം
റയൽ മാഡ്രിഡിനായി ലൂക്കാ മോഡ്രിച് അത്യുഗ്രൻ ലോങ്‌റേഞ്ചർ ഗോൾ നേടി

ലണ്ടൻ: പ്രീമിയർ ലീഗ് സൂപ്പർ സൺഡേ ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെമ്പട സിറ്റിയെ തകർത്തുവിട്ടത്. മുഹമ്മദ് സലാഹും(14),ഡൊമിനിക് സൊബോസ്ലായിയുമാണ് (37)ഗോൾ സ്‌കോറർമാർ. ജയത്തോടെ 64 പോയന്റുമായി ലിവർപൂൾ ഒന്നാംസ്ഥാനത്ത് തുടരുന്നു.
മറ്റൊരു മാച്ചിൽ ന്യൂകാസിൽ യുണൈറ്റഡ് 4-3ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു. അടിയും തിരിച്ചടിയുമായി മുന്നേറിയ മത്സരത്തിൽ അലക്‌സാണ്ടർ ഇസാക്(33,34) ന്യൂകാസിലിനായി ഇരട്ടഗോൾ നേടി. ലെവിസ് മിലെയും(23), ജേകബ് മർഫിയുമാണ്(25) മറ്റു സ്‌കോറർമാർ. നോട്ടിങ്ഹാമിനായി ഹട്‌സൻ ഒഡോയ്(6), നിക്കോള മിലെൻകോവെച്(63),റയാൻ യാറ്റ്‌സ്(90) എന്നിവർ വലകുലുക്കി. ജയത്തോടെ ന്യൂകാസിൽ അഞ്ചാംസ്ഥാനത്തേക്കുയർന്നു.
ലാലീഗയിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ജിറോണ എഫ്.സിയെ തോൽപിച്ചു. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ലൂക്കാ മോഡ്രിചും(41) വിനീഷ്യസ് ജൂനിയറുമാണ്(83) ഗോൾ സ്‌കോറർമാർ. 25 വാര അകലെ നിന്ന് തകർപ്പൻ ലോങ് റേഞ്ചറിലൂടെയാണ് മോഡ്രിച് ലോസ് ബ്ലാങ്കോസിനായി ആദ്യഗോൾ നേടിയത്. 41ാം മിനിറ്റിൽ റോഡ്രിഗോയെടുത്ത കോർണർ ജിറോണ പ്രതിരോധ താരം ഹെഡ് ചെയ്ത് ക്ലിയർ ചെയ്യുകയായിരുന്നു. എന്നാൽ പന്ത് നേരെയെത്തിയത് മോഡ്രിചിന്റെ കാലുകളിലേക്ക്. ക്രൊയേഷ്യൻ താരമെടുത്ത അത്യുഗ്രൻ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് അവസരമൊന്നും നൽകാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിൽ വിശ്രമിച്ചു. 83ാം മിനിറ്റിൽ കിലിയൻ എബാപെയുടെ പാസിൽ നിന്നാണ് വിനീഷ്യസ് മത്സരത്തിലെ രണ്ടാം ഗോൾനേടിയത്. ജയത്തോടെ 54 പോയന്റുമായി ബാഴ്‌സലോണക്ക് ഒപ്പമെത്തിയെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്‌സ ഒന്നാംസ്ഥാനം നിലനിർത്തി.
Adjust Story Font
16