ഗർണാചോ ഗർജ്ജനത്തിൽ വെസ്റ്റ്ഹാമിനെതിരെ യുണൈറ്റഡിന്റെ മധുര പ്രതികാരം; വീണ്ടും ദയനീയം ചെൽസി
സീസൺ വണ്ടർ പ്രകടനം നടത്തി മുന്നേറുന്ന വെസ്റ്റ്ഹാം ചുവന്ന ചെകുത്താൻമാരുടെ തട്ടകത്തിൽ തീർത്തും നിഷ്പ്രഭമായി.
ലണ്ടൻ: പ്രീമിയർ ലീഗിൽ അലജാൻഡ്രോ ഗർണാചോയുടെ ഇരട്ട ഗോൾ മികവിൽ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. എവേ മാച്ചിലെ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി ഓൾഡ് ട്രാഫോഡിലെ ജയം. സീസൺ വണ്ടർ പ്രകടനം നടത്തി മുന്നേറുന്ന വെസ്റ്റ്ഹാം ചുവന്ന ചെകുത്താൻമാരുടെ തട്ടകത്തിൽ തീർത്തും നിഷ്പ്രഭമായി. 49,84 മിനിറ്റുകളിലാണ് അത്യുഗ്രൻ ഗോളുമായി അർജന്റൈൻ വല കുലുക്കിയത്. 23ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലൻഡാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാംസ്ഥാനത്തേക്കുയർന്നു. വെസ്റ്റാം ഏഴിലേക്ക് പിന്തള്ളപ്പെട്ടു.
മികച്ച പാസിംഗ് ഗെയിമിലൂടെയാണ് ആതിഥേയർ വെസ്റ്റ്ഹാമിനെതിരെ ആദ്യ ഗോൾ നേടിയത്. കാസമിറോ ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് മുന്നേറിയ സ്‌ട്രൈക്കർ ഹോയ്‌ലൻഡ് മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും യുണൈറ്റഡിന് മുതലാക്കാനായില്ല. വെസ്റ്റ്ഹാം നീക്കങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തി ലിസാൻഡ്രോ മാർട്ടിനസ്-ഹാരി മഗ്വയർ പ്രതിരോധ നിര കരുത്തുകാട്ടി.
49ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ഗർണാചോ വെസ്റ്റ്ഹാം ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. മക്ടോമിനി നൽകിയ പാസുമായി എതിർ ബോക്‌സിലേക്ക് കുതിച്ച അർജന്റൈൻ യുവതാരം മത്സരത്തിലെ രണ്ടാം ഗോൾ നേടി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ആതിഥേയർ ആക്രമണനീക്കങ്ങളുമായി കളംനിറഞ്ഞെങ്കിലും യുണൈറ്റഡ് കോട്ട ഭേദിക്കാനായില്ല.
പ്രീമിയർലീഗിൽ സ്വന്തം തട്ടകത്തിൽ വീണ്ടും ദയനീയ തോൽവിയേറ്റുവാങ്ങി ചെൽസി. വോൾവ്‌സിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തോറ്റത്. മതേയൂസ് കുൻഹയുടെ ഹാട്രിക് മികവിലാണ് വോൾവ്‌സ് മുൻ ചാമ്പ്യൻമാരെ ഞെട്ടിച്ചത്. 22, 63,82 മിനിറ്റുകളിലായിരുന്നു ലക്ഷ്യംകണ്ടത്. 43ാം മിനിറ്റിൽ ചെൽസി താരം സെൽഫ് ഗോൾ വഴങ്ങിയതോടെ വോൾവ്‌സ് മുന്നിലെത്തി. 19ാം മിനിറ്റിൽ കോൾ പാൽമറിലൂടെ നീലപടയാണ് ആദ്യം വലകുലുക്കിയത്. 86ാം മിനിറ്റിൽ തിയാഗോ സിൽവയിലൂടെ ആശ്വാസഗോൾനേടി. തോൽവിയോടെ ചെൽസി 11ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണിൽ ഇതുവരെ 10 തോൽവിയാണ് ടീം നേരിട്ടത്.
Adjust Story Font
16