ലിവർപൂൾ തലപ്പത്ത്; ഗണ്ണേഴ്‌സ്-സിറ്റി ആവേശപോരാട്ടം സമനിലയിൽ
തുടക്കം മുതൽ ആക്രമണ പ്രത്യാക്രമണവുമായി ഇരു ടീമുകളും കളംനിറഞ്ഞ മത്സരത്തിൽ ഗോൾമാത്രം അകന്നുനിന്നു.
ലണ്ടൻ: പ്രീമിയർലീഗ് അവസാന ലാപ്പിൽ കുതിച്ചുകയറാൻ ആഴ്‌സനലും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ പോരാടിയ മത്സരം സമനിലയിൽ. സിറ്റി തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ സ്റ്റാർട്ടിങ് വിസിൽ മുതൽ അവസാന നിമിഷം വരെ നീണ്ടുനിന്ന ബലാബലത്തിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ബ്രൈട്ടനെ കീഴടക്കിയെത്തിയ ലിവർപൂൾ 67 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരും. 65 പോയന്റുമായി ആഴ്‌സനൽ രണ്ടാമതും നിലവിലെ ചാമ്പ്യൻമാരായ സിറ്റി മൂന്നാമതുമെത്തി. ടൈറ്റിൽ റൈസിലെ അവസാന ലാപ്പിൽ ഇനിയുള്ള ഒൻപത് പോരാട്ടം കനക്കുമെന്ന് വ്യക്തമാക്കുന്നതായി ആഴ്‌സനൽ-സിറ്റി മത്സരം.
തുടക്കം മുതൽ ആക്രമണ പ്രത്യാക്രമണവുമായി ഇരു ടീമുകളും കളംനിറഞ്ഞ മത്സരത്തിൽ നിരവധി ഗോളവസരങ്ങളാണ് ഇരുടീമുകളും നഷ്ടപ്പെടുത്തിയത്. സിറ്റിയിൽ പതിവുപോലെ എർലിങ് ഹാളണ്ടിനെ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കാണ് പെപ് ഗ്വാർഡിയോള കരുക്കൾനീക്കിയയത്. കെവിൻ ഡിബ്രുയിനെ-ഹാളണ്ട് നീക്കങ്ങളെല്ലാം മൈതാനത്ത് ആവേശം തീർത്തു. ബെർണാഡോ സിൽവയും ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ കളം നിറഞ്ഞു. എന്നാൽ ഉജ്ജ്വലഫോമിലുള്ള ഫിൽഫോഡൻ കാര്യമായ ചലനമുണ്ടാക്കാനായില്ല.
ഗണ്ണേഴ്‌സ് നിരയിൽ ഗബ്രിയേൽ ജീസുസ് അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഫൈനൽ തേർഡിലെ പ്രശ്‌നങ്ങൾ തിരിച്ചടിയായി. അവസാന മിനിറ്റിൽ നിർണായക മാറ്റങ്ങൾ വരുത്തി ആർട്ടെറ്റയും പെപ് ഗ്വാർഡിയോളവും വിജയ ഗോളിനായി ആവനാഴിയിലെ ഓരോ ആയുധങ്ങൾ പരീക്ഷിച്ചെങ്കിലും പ്രതിരോധം കോട്ട ഭേദിക്കാനായില്ല. നേരത്തെ ബ്രൈട്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ലിവർപൂൾ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ആൻഫീൽഡിൽ ലിവർപൂളിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഡാനി വെൽബെക്ക് ലിവർപൂൾ വലകുലുക്കി. എന്നാൽ ആക്രമണം ശക്തമാക്കിയ ലിവർപൂൾ 27ാം മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ മുഹമ്മദ് സലയിലൂടെ ലിവർപൂൾ മുന്നിലെത്തി.
Adjust Story Font
16