Quantcast

തുര്‍ക്കിയെ തകര്‍ത്ത് ഇറ്റലി; ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

അജയ്യരായെത്തിയ അസൂറിപ്പടയ്ക്ക് മുന്നില്‍ യുവ തുര്‍ക്കികള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    12 Jun 2021 1:54 AM GMT

തുര്‍ക്കിയെ തകര്‍ത്ത് ഇറ്റലി; ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്
X

യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം. തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റലി കീഴടക്കിയത്. ഇറ്റലിക്കായി ഇമ്മൊബിലെയും ഇന്‍സീഗ്നയും ഗോള്‍ നേടി.

പ്രതീക്ഷിച്ചതിന് അപ്പുറമൊന്നും സംഭവിച്ചില്ല. അജയ്യരായെത്തിയ അസൂറിപ്പടയ്ക്ക് മുന്നില്‍ യുവ തുര്‍ക്കികള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് ഗോളിന്റെ തിളക്കത്തോടെ ഉദ്ഘാടന മത്സരത്തില്‍ ഇറ്റലി ജയിച്ചു കയറി.

ആദ്യ പകുതിയില്‍ ചുവപ്പ് മതില്‍ പണിഞ്ഞ് തുര്‍ക്കികള്‍ ഇറ്റലിയിലുടെ ഷോട്ടുകളെ ഭദ്രമായി തടുത്തിട്ടു. എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതോടെ കളിയുടെ ഗതി മാറി. സ്വന്തം പ്രതിരോധ ഭടന് പറ്റിയ പിഴവില്‍ നിന്നും തുര്‍ക്കിക്ക് ആദ്യ ഗോള്‍ വഴങ്ങേണ്ടി വന്നു. പന്തുമായി വലതുവശത്തിലൂടെ പാഞ്ഞ ഡൊമിനിക്കോ ബെറാര്‍ഡി തൊടുത്ത ഉശിരന്‍ ഷോട്ട് മെരിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിലേക്ക്.

അറുപത്തിയാറാം മിനിറ്റില്‍ ഇമ്മൊബിലിന്റെ ഗോള്‍ പിറന്നു. വലതുവശത്തെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് സ്പിനസാലോ ഗോളിലേക്ക് ഷൂട്ട് ചെയ്തെങ്കിലും ഗോള്‍ കീപ്പ‍ര്‍ തടുത്തു. റീബൌണ്ടെന്നോണ്ണം കാലിലെത്തിയ പന്തിനെ ഇമ്മൊബിലൊ അനായാസം വലയിലെത്തിച്ചു.

ഗോള്‍കീപ്പറുടെ മിസ് കിക്കില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍ പിറവിയെടുത്തത്. അവസരം മുതലാക്കിയ ഇമ്മൊബിലെ പന്ത് ഇന്‍സിഗ്നെയ്ക്ക് കൈമാറി. കൃത്യമായ പ്ലൈസ്മെന്റിലൂടെ ഇന്‍സിഗ്നെ മൂന്നാം ഗോളും നേടി. യൂറോ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇറ്റലി ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ നേടുന്നത്.

TAGS :

Next Story