Quantcast

പവാർഡ് ഗോളിൽ അയർലാൻഡിനെ കീഴ്‌പ്പെടുത്തി ഫ്രാൻസ്, ജിബ്രാൾട്ടർ കടന്ന് ഡച്ച്

തുടർച്ചയായ രണ്ടാം വിജയത്തോടെ ഫ്രാൻസ് യൂറോ കപ്പ് യോഗ്യതയ്ക്ക് അടുത്തെത്തി

MediaOne Logo

Web Desk

  • Updated:

    2023-03-28 08:17:42.0

Published:

28 March 2023 8:16 AM GMT

benchamin paward
X

ഡബ്ലിന്‍: 2024 യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അയർലാൻഡിനെ കീഴടക്കി ഫ്രാൻസ്. രണ്ടാം പകുതിയിൽ ഡിഫൻഡർ ബെഞ്ചമിൻ പവാർഡാണ് ഫ്രഞ്ച് ടീമിനായി ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഫ്രാൻസ് യൂറോ കപ്പ് യോഗ്യതയ്ക്ക് അടുത്തെത്തി.

നെതർലാൻഡ്‌സിനെതിരെ കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളാണ് കോച്ച് ദിദിയർ ദെഷാംപ്‌സ് വരുത്തിയത്. മിഡ്ഫീൽഡിൽ ഷോമെനിക്ക് പകരം എഡ്വാർഡോ കമവിംഗ, ഡിഫൻസിൽ പവാർഡ്, മുന്നേറ്റത്തിൽ ജിറൂഡ് എന്നിവർ പ്ലേയിങ് ഇലവനിലെത്തി. എന്നാൽ ആദ്യ പകുതിയിൽ മുൻ യൂറോ ചാമ്പ്യന്മാർക്ക് ഗോൾ കണ്ടെത്താനായില്ല.

രണ്ടാം പകുതിക്ക് അഞ്ചു മിനിറ്റ് പ്രായമാകവെ എതിർ ബോക്‌സിന് തൊട്ടുമുമ്പിൽ നിന്ന് റാഞ്ചിയെടുത്ത പന്താണ് പവാർഡ് ഗോളിലേക്ക് തൊടുത്തത്. ഗോൾ കീപ്പർക്ക് ഒരവസരവും കൊടുക്കാതെ പന്ത് വലയില്‍. മത്സരത്തിന്‍റെ അവസാന നിമിഷത്തില്‍ അയര്‍ലാന്‍ഡിന്‍റെ കോളിൻസ് തൊടുത്ത ഗോളെന്നുറച്ച ഹെഡർ പണിപ്പെട്ടാണ് ഫ്രഞ്ച് ഗോൾകീപ്പർ മൈക് മൈഗ്നാൻ തട്ടിയകറ്റിയത്.

ഗ്രൂപ്പിൽ ഒരു കളിയിൽനിന്ന് മൂന്നു പോയിന്റ് നേടിയ ഗ്രീസാണ് രണ്ടാം സ്ഥാനത്തുള്ളത്. നെതർലാൻഡ്‌സ് മൂന്നാം സ്ഥാനത്തും അയലാൻഡ് നാലാം സ്ഥാനത്തുമാണ്. രണ്ടു കളികളിലും തോറ്റ ജിബ്രാൾട്ടർ അഞ്ചാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് ടൂർണമെന്റിലേക്ക് യോഗ്യത നേടുക.

ഇതേ ഗ്രൂപ്പിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഡച്ച് സംഘം ജിബ്രാൾട്ടറിനെ വീഴ്ത്തിയത്. നഥാൻ ആകെ ഇരട്ട ഗോൾ നേടി. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നേറ്റ തോൽവിക്ക് ശേഷമാണ് കോമാന്റെ സംഘം കളത്തിലിറങ്ങിയത്. ആഗോള റാങ്കിങ്ങിൽ 200 -ാം സ്ഥാനത്തുള്ള ടീമാണിത് ജിബ്രാൾട്ടർ.




TAGS :

Next Story