Quantcast

യൂറോ ആഘോഷത്തിൽ വിവാദ ചാന്റുകൾ; സ്പാനിഷ് താരം റോഡ്രിക്കും മൊറാട്ടക്കുമെതിരെ നടപടിക്ക് യുവേഫ

ട്രോഫി പരേഡിനിടെ ജിബ്രാൽട്ടർ എസ്പനോൾ അഥവാ ജിബ്രാൾട്ടർ സ്പാനിഷുകാരുടേതാണ് എന്ന് ചൊല്ലിയതാണ് വിവാദമായത്.

MediaOne Logo

Sports Desk

  • Published:

    20 July 2024 2:34 PM GMT

യൂറോ ആഘോഷത്തിൽ വിവാദ ചാന്റുകൾ; സ്പാനിഷ് താരം റോഡ്രിക്കും മൊറാട്ടക്കുമെതിരെ നടപടിക്ക് യുവേഫ
X

രാഷ്ട്രീയം ഫുട്‌ബോളിനൊപ്പം ഒട്ടിപ്പിടിച്ചുകിടക്കുന്നതാണ്. ഫിഫയും യുവേഫയുമെല്ലാം അതിനെ തട്ടിക്കളയാൻ ആവുംവിധം ശ്രമിക്കുന്നുണ്ട്. പക്ഷേ മൈതാനത്തും പുറത്തും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ യൂറോ ടൂർണമെന്റിൽ എത്രയോ തവണ അത് കണ്ടതാണ്. സെർബിയ ടീമിനെ പിൻവലിക്കാനൊരുങ്ങിയതും വിവാദ ആക്ഷന്റെ പേരിൽ തുർക്കിയും ജർമനിയും ഏറ്റുമുട്ടിയതുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. കോപ്പ അമേരിക്ക വിജയാഘോഷത്തിൽ അർജന്റീന താരങ്ങൾ എല്ലാം മറന്നതും വംശീയ മുദ്രാവാക്യങ്ങൾ ചൊല്ലിയതും സൃഷ്ടിച്ച കോലാഹലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.

യൂറോ വിജയാഘോഷത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളായ അൽവാര മൊറാട്ടക്കും റോഡ്രിക്കും നേരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചതാണ് പുതിയ വാർത്ത. ഇരുവർക്കും രണ്ടു മത്സര വിലക്ക് ഏർപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. യൂറോ ജേതാക്കളായി നാട്ടിലെത്തിയ സ്പാനിഷ് താരങ്ങൾക്ക് മാഡ്രിഡ് നഗരത്തിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. ആ രാത്രിയിൽ താരങ്ങളും ആരാധകരും മതിമറന്ന് ആഘോഷിക്കുകയും ചെയ്തു.ആഘോഷത്തിനിടെ ജിബ്രാൽട്ടർ എസ്പനോൾ അഥവാ ജിബ്രാൾട്ടർ സ്പാനിഷുകാരുടേതാണ് എന്ന് ചൊല്ലിയതാണ് വിവാദമുണ്ടാക്കിയത്.

സ്‌പെയിനിനോട് ചേർന്നുകിടക്കുന്ന ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഒരു കുഞ്ഞൻ പ്രദേശമാണ് ജിബ്രാൾട്ടർ. 6.8 കിലോമീറ്റർ സ്‌ക്വയർ മാത്രം ഭൂവിസ്തൃതിയിലുള്ള ഈ പ്രദേശത്ത് 34000 പേർ മാത്രമാണ് വസിക്കുന്നത്. 1713ലെ ട്രീറ്റി ഓഫ് ഉട്രേക്കിൽ സ്പാനിഷ് രാജാവുമായുള്ള ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലാണ് ജിബ്രാൾട്ടർ നിലനിൽക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നും മെഡിറ്ററേറിയൻ കടലിലേക്കുള്ള ഒരേയൊരു പാതയായ ഈ പ്രദേശത്തിന് നയതന്ത്രപരമായി വലിയ പ്രാധാന്യമുണ്ട്. ബ്രിട്ടന്റെ റോയൽ നേവിയടക്കമുള്ള വിഭാഗങ്ങൾ ഇവിടെ വലിയ രീതിയിൽ സജീകരിച്ചിട്ടുണ്ട്. ജിബ്രാൾട്ടറിനെയും ജനങ്ങളെയും ചേർത്തുനിർത്താൻ ബ്രിട്ടൺ ആവും വിധം ശ്രമിക്കുമ്പോൾ തങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശത്തെ ബ്രിട്ടൻ കോളനിയാക്കുന്നുവെന്നാണ് സ്പാനിഷുകാരുടെ വാദം. സ്‌പെയിൻ കാലങ്ങളായി ജിബ്രാൾട്ടറിന് പിന്നാലെയുണ്ടെങ്കിലും അവിടുത്തെ ജനവിഭാഗത്തിനും ബ്രിട്ടനോട് തന്നെയാണ് ആഭിമുഖ്യം.

ഈ കാരണങ്ങളാലാണ് ബ്രിട്ടന്റെ ഭാഗമായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ സ്പാനിഷുകാർ ഈ രീതിയിൽ ആഘോഷിച്ചത്. ജിബ്രാൾട്ടറിനെക്കുറിച്ച് പാടുമ്പോൾ റോഡ്രിയോട് കളിക്കുന്നത് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്കാണെന്നത് മറക്കേണ്ട എന്ന് മൊറാട്ട ഓർമിപ്പിച്ചങ്കിലും അത് വിഷയമല്ല എന്നായിരുന്നു റോഡ്രിയുടെ മറുപടി. സ്പാനിഷ് താരങ്ങളുടെ മുദ്രാവാക്യത്തിനെതിരെ ജിബ്രാൾട്ടർ ഗവർൺമെൻറ് ഉടനടി രംഗത്തെത്തി. മഹത്തായ വിജയം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇത് ജിബ്രാൾട്ടർ ജനതയോടുള്ള അധിക്ഷേപമാണെന്നും സർക്കാർ പ്രസ്താവനയിറക്കി. ജിബ്രാൾട്ടർ ഫുട്‌ബോൾ അസോസിയേഷൻ യുവേഫക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവേഫയുടെ അച്ചടക്ക സമിതി അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. സ്പാനിഷ് താരങ്ങൾക്കെതിരെ എന്തുതരം നടപടിയാകും രംഗത്തെത്തുക എന്നതും വ്യക്തമായിട്ടില്ല.

സ്വീകരണം നൽകുന്നതിനിടെ സ്പാനിഷ് പ്രസിഡന്റ് പെട്രോ സാഞ്ചസിനെ അവഗണിക്കുന്ന ഡാനി കർവഹാലിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് ഇടതുസ്വഭാവമുള്ള പ്രധാനമന്ത്രിയോടുള്ള അതൃപ്തിയാണ് കാർവഹാലിന്റെ പ്രവൃത്തിക്ക് പിറകിലെന്നാണ് പലരും വിലയിരുത്തുന്നത്. സ്‌പെയിനിലെ തീവ്രവലതുപക്ഷ പാർട്ടിയായ വോക്‌സിനോടുള്ള ആഭിമുഖ്യമാണ് കാർവഹാലിനെ ഇത് പ്രേരിപ്പിച്ചെന്ന് വരെ വിലയിരുത്തലുണ്ട്.

TAGS :

Next Story