Quantcast

അത്യുഗ്രൻ ഗോളുമായി ഹ്യൂൽമൺഡ്; ഇംഗ്ലണ്ടിനെ മാർക്ക് ചെയ്ത് ഡെൻമാർക്ക്

സമനിലയോടെ ഗ്രൂപ്പ് സിയിൽ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

MediaOne Logo

Sports Desk

  • Published:

    20 Jun 2024 7:00 PM GMT

അത്യുഗ്രൻ ഗോളുമായി ഹ്യൂൽമൺഡ്; ഇംഗ്ലണ്ടിനെ മാർക്ക് ചെയ്ത് ഡെൻമാർക്ക്
X

മ്യൂണിക്: യൂറോകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഡെൻമാർക്ക്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്. ഇരു ടീമും ഓരോ ഗോൾ വീതം നേടി. 18-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ ത്രീലയൺസ് ലീഡെടുത്തു. എന്നാൽ 34-ാം മിനിറ്റിൽ മോർട്ടൻ ഹ്യൂൽമൺഡിന്റെ അത്യുഗ്രൻ ലോങ് റെയിഞ്ചറിലൂടെ ഡെൻമാർക്ക് ഗോൾ മടക്കി. കളിയിലുടനീളം ഇംഗ്ലണ്ടിന് മേൽ ആധിപത്യം പുലർത്തിയാണ് ഡെൻമാർക്ക് മൈതാനം വിട്ടത്. ഏഴ് തവണയാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ഇംഗ്ലണ്ടാകട്ടെ നാല് തവണയും. സമനിലയാണെങ്കിലും ഗ്രൂപ്പ് സിയിൽ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.രണ്ടു പോയന്റ് വീതമുള്ള ഡെൻമാർക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇതോടെ സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തുന്ന ടീമുകളെ തീരുമാനിക്കാൻ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നിർണായകമാകും.

18-ാം മിനിറ്റിൽ ഡെൻമാർക്ക് പ്രതിരോധ താരം ക്രിസ്റ്റ്യൻസന്റെ പിഴവിൽ നിന്നാണ് ആദ്യ ഗോൾ വന്നത്. ഡെക്ലാൻ റൈസ് വലതുവിങിലേക്ക് നൽകിയ പന്തുമായി ബോക്‌സിലേക്ക് മുന്നേറിയ കെയിൽ വാക്കർ നൽകിയ ക്രോസ് ഡെൻമാർക്ക് താരത്തിന്റെ കാലിൽ തട്ടി ഹാരി കെയിന് മുന്നിൽ. കൃത്യമായി പ്ലെയിസ് ചെയ്ത് കെയിൻ ത്രീലയൺസിനെ മുന്നിലെത്തിച്ചു. മറുവശത്ത് മുൻ ചാമ്പ്യൻമാരുടെ പിഴവിൽ ഡെൻമാർക്കിന്റെ ഗോളിനും വഴിതെളിഞ്ഞു. ത്രോയിൽ നിന്നുള്ള പിഴവിൽ പന്ത് പിടിച്ചെടുത്ത ക്രിസ്റ്റ്യൻസൻ മോർട്ടൻ ഹ്യുൽമൺഡിന് നൽകി. 30 വാര അകലെനിന്നുള്ള ഹ്യുൽമൺഡ് ഉതിർത്ത വലംകാലൻ ഷോട്ട് ഫുൾലെങ്ത് ഡൈവിലൂടെ കൈപിടിയിലൊതുക്കാൻ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്‌ഫോർഡ് ശ്രമിച്ചെങ്കിലും പോസ്റ്റിലിടിച്ച് വലയിൽ കയറി.(1-1). അവസാന മിനിറ്റുകളിൽ ഇംഗ്ലണ്ട് നിറംമങ്ങിയപ്പോൾ ഗോളിനായുള്ള ഡെൻമാർക്ക് ശ്രമങ്ങൾ വിഫലമായി.

TAGS :

Next Story