Quantcast

ഇവർ യൂറോയുടെ നഷ്ടങ്ങൾ; ഹാളണ്ട് മുതൽ ഗവി വരെ, ഇടം നേടാതെപോയ പ്രധാന താരങ്ങൾ

പ്രീമിയർ ലീഗിലടക്കം മിന്നും ഫോമിലുള്ള ഒരുപിടി താരങ്ങളാണ് ഇംഗ്ലണ്ട് സ്‌ക്വാഡിൽ നിന്ന് പുറത്തായത്.

MediaOne Logo

ടി.കെ ഷറഫുദ്ദീന്‍

  • Updated:

    2024-06-10 14:42:08.0

Published:

9 Jun 2024 1:17 PM GMT

ഇവർ യൂറോയുടെ നഷ്ടങ്ങൾ; ഹാളണ്ട് മുതൽ ഗവി വരെ, ഇടം നേടാതെപോയ പ്രധാന താരങ്ങൾ
X

യൂറോകപ്പിന് ഇനി ദിവസങ്ങൾ മാത്രം. അവസാന യൂറോ കളിക്കുന്ന 39 കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ 16 കാരൻ വണ്ടർകിഡ് ലാമിൻ യമാൽ വരെ ജർമനി ആതിഥേയത്വം വഹിക്കുന്ന വൻകരാ പോരിൽ പന്തുതട്ടും. ആറു ഗ്രൂപ്പുകളിലായി പങ്കെടുക്കുന്നത് 24 ടീമുകൾ. ജൂൺ 15ന് ജർമനി-സ്‌കോട്ട്‌ലാൻഡ് മത്സരത്തോടെ യൂറോപ്പിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് തുടക്കമാകും.

പ്രധാന ശക്തികളെല്ലാം യൂറോ 2024ന് യോഗ്യത നേടിയിട്ടുണ്ടെങ്കിലും ക്ലബ് ഫുട്‌ബോളിൽ തകർപ്പൻ പ്രകടനം നടത്തിയ പ്രമുഖർ യൂറോക്ക് പുറത്താണ്. പരിക്കാണ് ചില താരങ്ങൾക്ക് തിരിച്ചടിയായതെങ്കിൽ രാജ്യത്തിന് യോഗ്യത ലഭിക്കാത്തതെ പോയത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർതാരത്തെ യൂറോയിൽ നിന്ന് മാറ്റിനിർത്തി. ഈ യൂറോയുടെ നഷ്ടമായ താരങ്ങൾ ഇവരാണ്..

എർലിങ് ഹാളണ്ട്

മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളടിച്ച്കൂട്ടുന്ന യങ് സെൻസേഷനാണ് എർലിങ് ഹാളണ്ട്. വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാൾ. കോമ്പറ്റീഷൻ ഏറെയുള്ള പ്രീമയിർ ലീഗിൽ 27 ഗോളുമായി കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററാണ് 23കാരൻ. എന്നാൽ വൻകരാ പോരിന് പന്തുരുളുമ്പോൾ ഹാളണ്ടിനത് ടിവിയിലിരുന്ന് കാണേണ്ടിവരും. സ്വന്തം രാജ്യമായ നോർവെക്ക് യൂറോ യോഗ്യത ഉറപ്പിക്കാനാവാത്തതാണ് തിരിച്ചടിയായത്. ഗ്രൂപ്പ് എയിൽ യൂറോ യോഗ്യതാ മത്സരം കളിച്ച നോർവെ സ്‌പെയിനും സ്‌കോട്ട്‌ലൻഡിനും താഴെ മൂന്നാംസ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. 2000ലാണ് നോർവെ അവസാനമായി യൂറോ യോഗ്യതനേടിയത്.

തിബോ കോർട്വ

യൂറോ കപ്പിനുള്ള ബെൽജിയം താൽകാലിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കിടയിൽ അത്ഭുതമായിരുന്നു. റയൽമാഡ്രിഡ് ഒന്നാം നമ്പർ ഗോൾകീപ്പറായ തിബോ കോർട്വ പട്ടികയിലില്ല. ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും സമീപകാലത്തായി പരിക്കമാറി താരം മൈതാനത്തേക്ക് മടങ്ങിയെത്തിയിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ കാർലോ അൻസലോട്ടി കോർട്വയെ കളത്തിലിറക്കിയിരുന്നു. എന്നാൽ ബെൽജിയം സ്‌ക്വാർഡ് പ്രഖ്യാപിച്ചപ്പോൾ ലോകത്തെ ഒന്നാംനമ്പർ ഗോൾകീപ്പർ പുറത്ത്.

മാർക്കസ് റാഷ്ഫോഡ്

പ്രതിഭകൾ ഒരുപാടുള്ള ടീമാണ് ഇംഗ്ലണ്ട്. ഓരോ പൊസിഷനിലും നിരവധി ഓപ്ഷനുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ്് മുന്നേറ്റതാരം മാർക്കസ് റാഷ്‌ഫോഡിനെ മാറ്റിനിർത്താൻ കാരണമായതും താരങ്ങളുടെ ആധിക്യം തന്നെയായിരുന്നു. ജൂഡ് ബെല്ലിങ്ഹാമും ബുകായോ സാകെയും ഫിൽഫോഡനും ഉൾപ്പെടെയുള്ള വൻതോക്കുകൾ ഇടംപിടിച്ചപ്പോൾ റാഷ്‌ഫോഡിന്റെ വഴിയടഞ്ഞു. യുണൈറ്റഡിലെ മോശം ഫോമും താരത്തിന് തിരിച്ചടിയായി.

ജാക് ഗ്രീലിഷ്

മാഞ്ചസ്റ്റർ സിറ്റി നിരയിലെ പ്രധാന താരമാണ് ഗ്രീലിഷ്. വിങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളത്തിൽ നിറയുന്ന ഈ 28 കാരനും ഗാരത്ത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിൽ ഇടംലഭിച്ചില്ല. ഈ പൊസിഷനിൽ നിരവധി താരങ്ങളുണ്ടെന്നതാണ് ഗ്രീലിഷിന് തിരിച്ചടിയായത്. പെപ് ഗ്വാർഡിയോളയുടെ സിറ്റി സംഘത്തിൽ പലപ്പോഴും പകരക്കാരന്റെ റോളിലായിരുന്നു ഗ്രീലിഷ്. ഇതും സൗത്ത്‌ഗേറ്റിന്റെ ഗുഡ്ബുക്കിൽ നിന്ന് വെട്ടാൻഇടയാക്കി.

മാറ്റ് ഹമ്മൽസ്

ചാംപ്യൻസ് ലീഗിൽ ഫൈനൽവരെയെത്തി അത്ഭുതംതീർത്ത ബൊറൂസിയ ഡോർട്ട്മുണ്ടിൽ ശ്രദ്ധേയമായത് മാറ്റ് ഹമ്മൽസിന്റെ പ്രകടമായിരുന്നു. ഗോളടിച്ചും പ്രതിരോധത്തിൽ പിഴക്കാത്ത ചുവടുകളുമായും തിളങ്ങിയ ഈ ജർമൻ താരം കൈയടി നേടി. എന്നാൽ ജർമൻ സ്‌ക്വാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തെ ഉൾപ്പെടുത്താൻ പരിശീലകൻ ജൂലിയൻ നഗ്‌ളസ്മാൻ തയാറായില്ല. ആന്റോണിയോ റൂഡിഗർ-ജൊനാഥൻ ഥാ കൂട്ടുകെട്ടിലാണ് കോച്ച് വിശ്വാസമർപ്പിച്ചത്.

മാർട്ടിൻ ഒഡേഗാർഡ്

ആർസനൽ നായകനായ മധ്യനിര താരം മാർട്ടിൻ ഒഡീഗാഡും ഈ യൂറോയുടെ നഷ്ടങ്ങളിലൊന്നാണ്. ആഴ്‌സനലിലായി മികച്ച ഫോമിൽ കളിക്കുമ്പോഴും രാജ്യമായ നോർവെക്ക് യോഗ്യത ലഭിക്കാതെ പോയതോടെയാണ് അവസരം നഷ്ടമായത്.

ഹാരി മഗ്വയർ

ഇംഗ്ലണ്ട് പ്രതിരോധ നിരയിലെ പ്രധാനിയാണ് ഹാരി മഗ്വയർ. ത്രീലയൺസിന്റെ മുൻ നായകന് തിരിച്ചടിയായത് പരിക്കായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി സമീപകാലത്ത് മികച്ച ഫോമിൽ കളിച്ച മഗ്വയറിന്റെ നഷ്ടം ഇംഗ്ലണ്ട് പ്രതിരോധനിരയ്ക്കും പ്രതിസന്ധിയാണ്.

റീസ് ജെയിംസ്

ചെൽസി നായകൻ റീസ് ജെയിംസും പരിക്ക് കാരണം ഇംഗ്ലണ്ട് നിരയിൽ നിന്ന് പുറത്തായി. വലതുവിങിൽ അതിവേഗകുതിപ്പ് നടത്തുന്ന ജെയിംസ്, മികച്ച ക്രോസുകളിലൂടെയും എതിരാളികൾക്ക് ഭീഷണി തീർക്കാൻ കെൽപുള്ള താരമാണ്.

പോൾ പോഗ്ബ

ഫ്രാൻസിന്റെ ഭാവി താരമായാണ് പോൾ പോഗ്ബയെ വിലയിരുത്തിയിരുന്നത്. 2018 ലോകകപ്പ് കിരീടം ഫ്രാൻസിന് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മധ്യനിര താരം. ഇറ്റായിലൻ ക്ലബ് യുവന്റസിനും മാഞ്ചസ്റ്റർ യുണൈറ്റഡിനുമായി ക്ലബ് തലത്തിലും ഭേദപ്പെട്ട പ്രകടനം. എന്നാൽ വിടാതെ പിന്തുടർന്ന പരിക്കാണ് 31കാരന് തിരിച്ചടിയായത്. ഒടുവിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ നാല് വർഷ വിലക്കുകൂടിയായതോടെ കരിയറിന് വൻതിരിച്ചടിയായി.

ഡേവിഡ് അലാബ

റയൽ മാഡ്രിഡിന്റെ പ്രതിരോധ താരത്തിന് പരിക്കാണ് തിരിച്ചടിയായത്. ഗ്രൂപ്പ് ഡിയിലാണ് അലാബായുടെ ആസ്്ട്രിയ ഉൾപ്പെട്ടിട്ടുള്ളത്. സമീപകലാത്ത് റയൽ നിരയിലും താരം കളിച്ചിരുന്നില്ല.

പാബ്ലോ ഗവി

സ്പാനിഷ് നിരയിലെ യങ് സെൻസേഷനാണ് 19കാരൻ പാബ്ലോ ഗവി. അർധാവസരങ്ങളിൽപോലും ഗോളടിക്കാൻ മിടുക്കുള്ള താരം. അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വലിയ മികവ്. എന്നാൽ മാസങ്ങൾക്ക് മുൻപ് കാൽമുട്ടിനേറ്റ പരിക്കാണ് ബാഴ്‌സലോണ താരത്തിന് തിരിച്ചടിയായത്.

ഇത് കൂടാതെ ഇംഗ്ലീഷ് താരങ്ങളായ ജെയിംസ് മാഡിസൻ, ജേഡൻ സാഞ്ചോ, പോർച്ചുഗൽ ബയേൺമ്യൂണിക് താരം റാഫേൽ ഗ്വരേരിയോ, ജർമൻ മുന്നേറ്റതാരം സെർജി നാബ്രി, സ്പാനിഷ് കൗമാരതാരം പൗ കുബാർസി തുടങ്ങി ഒരുപിടി താരങ്ങളാണ് ഇത്തവണ യൂറോകപ്പിൽ നിന്ന് പുറത്തായത്.

TAGS :

Next Story