ലാമിൻ യമാലിന്റെ പിതാവിന് കുത്തേറ്റു; ആശുപത്രിയിൽ ചികിത്സയിൽ
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ സൂപ്പർ താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൗവിക്ക് കുത്തേറ്റു. കാർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് നസ്റൗവിക്ക് കുത്തേറ്റതെന്നും നെഞ്ചിനും വാരിയെല്ലിനും പരിക്കേറ്റതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവരിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പൊലീസ് അറിയിച്ചു. ‘‘ആക്രമണത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയിക്കുന്ന സ്ഥിതിയിലല്ല ഉള്ളത്. ഇന്നലെ രാത്രി 9.10ഓടെയാണ് ആക്രമണമുണ്ടായത്. കുത്തേറ്റയാൾ ബാഴ്സലോണയിലെ ആശുപത്രിയിലാണ്. കൂടുതൽ അറസ്റ്റുകൾ വൈകാതെയുണ്ടാകും’’ -സ്പാനിഷ് പൊലീസ് പ്രതികരിച്ചു.
പരിക്കേറ്റതിനെത്തുടർന്ന് നസ്റൗവി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മർമസ്ഥലങ്ങൾക്ക് കുത്തേൽക്കാത്തതിനാൽ തന്നെ ജീവന് ഭീഷണിയില്ല. ബാഴ്സലോണ പ്രസിഡന്റ യ്വാൻ ലാപ്പോർട്ട അടക്കമുള്ള പ്രമുഖർ യമാലിന്റെ പിതാവിനെ സന്ദർശിച്ചിട്ടുണ്ട്. വൈകാതെ ഐ.സി.യുവിൽ നിന്നും വാർഡിലേക്ക് മാറ്റുമെന്നാണ് വിവരം.
മൊറോക്കോ വംശജനായ നസ്റൗവിക്ക് വെറും 35 വയസ്സ് മാത്രമാണ് പ്രായം.യൂറോകപ്പ് വേദികളിൽ സജീവമായിരുന്ന ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു.
Adjust Story Font
16