റഷ്യക്ക് ഫിഫയുടെ വിലക്ക്; ഖത്തർ ലോകകപ്പ് കളിക്കാൻ സാധിച്ചേക്കില്ല
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പ്ലേ ഓഫിൽ എത്തിയിട്ടുള്ള ടീമാണ് റഷ്യ. പോളണ്ടുമായാണ് പ്ലേ ഓഫിൽ റഷ്യക്ക് മത്സരിക്കാനുള്ളത്. എന്നാൽ റഷ്യയുമായി കളിക്കാൻ തയ്യാറല്ലെന്ന് പോളണ്ട് വ്യക്തമാക്കിയിരുന്നു.
യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തി. നേരത്തെ റഷ്യയോട് അൽപം മയമുള്ള നിലപാടാണ് ഫിഫ സ്വീകരിച്ചിരുന്നത്. ലോകകപ്പ് പ്ലേ ഓഫ് അടക്കമുള്ള മത്സരങ്ങൾ കളിക്കാം. പക്ഷെ റഷ്യയുടെ ജേഴ്‌സിയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയാണ് വെച്ചിരുന്നത്.
എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെയാണ് ഫിഫ റഷ്യക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ഖത്തർ ലോകകപ്പിൽ റഷ്യ കളിക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പ്ലേ ഓഫിൽ എത്തിയിട്ടുള്ള ടീമാണ് റഷ്യ. പോളണ്ടുമായാണ് പ്ലേ ഓഫിൽ റഷ്യക്ക് മത്സരിക്കാനുള്ളത്. എന്നാൽ റഷ്യയുമായി കളിക്കാൻ തയ്യാറല്ലെന്ന് പോളണ്ട് വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും റഷ്യൻ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിലക്കാൻ നീക്കം നടത്തുന്നുണ്ട്. റഷ്യയുടെ സഖ്യരാജ്യമായ ബെലാറൂസ് താരങ്ങൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. റഷ്യൻ, ബെലാറൂസ് താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് വിവിധ കായിക ഫെഡറേഷനുകളോട് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) നിർദേശിച്ചിട്ടുണ്ട്.
നേരത്തെ, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാംപ്യൻസ് ലീഗ് ഫൈനൽ മാറ്റിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടമാണ് റഷ്യയിൽനിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് മാറ്റിയിരിക്കുന്നത്. യൂനിയൻ ഓഫ് യുറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻസ്(യുവേഫ) ആണ് അടിയന്തര യോഗം വിളിച്ചുചേർത്ത് തീരുമാനം പ്രഖ്യാപിച്ചത്. മെയ് 28ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അറീനയിലാണ് ചാംപ്യൻസ് ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, റഷ്യയുടെ യുക്രൈൻ സൈനികനീക്കത്തിനു പിന്നാലെ യുവേഫ അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു. നിശ്ചയിച്ച തിയതിയിൽ തന്നെ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിലായിരിക്കും ഫൈനൽ നടക്കുകയെന്ന് യുവേഫ ട്വീറ്റ് ചെയ്തു.
Adjust Story Font
16