ഡബിൾ ബാരൽ ക്രമാരിച്ച്; കാനഡയെ തകർത്ത് ക്രൊയേഷ്യ
ക്രൊയേഷ്യയുടെ ജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്
ദോഹ: ഗ്രൂപ്പ് എഫ്ഫിലെ നിര്‍ണ്ണായക മത്സരത്തില്‍ കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യക്കായി ആന്ദ്രേ ക്രമാരിച്ച് ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കോ ലിവാജയും ലോവ്രോ മെജറും ഓരോതവണ വലകുലുക്കി.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് കാനഡ ഗോള്‍ നേടിയെങ്കിലും ഒന്നാം പകുതിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി കാനഡയുടെ വലയിലെത്തിച്ച് ക്രൊയേഷ്യ ജയം ആധികാരികമാക്കി. അൽഫോൻസോ ഡെവിസാണ് കാനഡയുടെ ഏകഗോള്‍ നേടിയത്.
ബുച്ചനന്റെ അസിസ്റ്റിലാണ് അൽഫോൻസോ ഡെവിസ് വല കുലുക്കിയത്. ലോകകപ്പിൽ കാനഡയുടെ ആദ്യ ഗോളായിരുന്നു അത്. ബുച്ചനൻ നൽകിയ മനോഹരമായ ക്രോസ് പെനാൽറ്റി ഏരിയയിലേക്ക്. ബോക്സിനു പുറത്ത് ലോവ്‌റനും ജുറാനോവിച്ചിനും ഇടയിലേക്ക് ഇരച്ചെത്തിയ ഡെവിസ് മനോഹരമായ ഹെഡറിലൂടെ പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ലിവാകോവിച്ചിനെയും കടന്ന് പന്ത് വലയിലെത്തി.
എന്നാല്‍ 36 ാം മിനിറ്റില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. ആന്ദ്രേ ക്രമാരിജിന്‍റെ മനോഹരമായൊരു ഗോള്‍. ആ ഗോള്‍ പിറന്ന് എട്ട് മിനിറ്റ് കഴിയും മുമ്പേ ലിവാജ ലീഡുയര്‍ത്തി. പെനാല്‍ട്ടി ബോക്സിന് വെളിയില്‍ നിന്നൊരു തകര്‍പ്പന്‍ ഷോട്ട് ഗോളിയേയും കീഴടക്കി ഗോള്‍ വലതുളച്ചു. ഒന്നാം പകുതിയില്‍ ആദ്യ മിനിറ്റുകളില്‍ കാനഡയുടെ മുന്നേറ്റങ്ങളാണ് കണ്ടതെങ്കില്‍ പതിയെ തുടങ്ങി കളം നിറയുന്ന ക്രൊയേഷ്യയെയാണ് പിന്നീട് കണ്ടത്. ഒന്നാം ഗോള്‍ തിരിച്ചടിച്ചതിന് ശേഷം തുടരെയുള്ള ക്രൊയേഷ്യ മുന്നേറ്റങ്ങളില്‍ കാനഡ ഗോള്‍മുഖം വിറച്ചു കൊണ്ടേയിരുന്നു. ഈ മുന്നേറ്റങ്ങളാണ് 44 ാം മിനിറ്റില്‍ ഫലം കണ്ടത്.
രണ്ടാം പകുതിയിലും കളം നിറഞ്ഞ ക്രൊയേഷ്യ 70 ാം മിനിറ്റില്‍ ക്രമാരിച്ചിലൂടെ ഒരിക്കല്‍ കൂടി മുന്നിലെത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു മെജറിന്‍റെ ഗോള്‍. മത്സരത്തില്‍കൂടുതല്‍ നേരം പന്ത് കൈവശം വച്ചത് കാനഡയായിരുന്നു. എന്നാല്‍ മുന്നേറ്റങ്ങളില്‍ ക്രൊയേഷ്യയായിരുന്നു ഒരുപടി മുന്നില്‍. കാനഡയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി 13 ഷോട്ടുകളാണ് ക്രൊയേഷ്യന്‍ താരങ്ങള്‍ പായിച്ചത്.
നോക്കൗട്ട് സാധ്യതകളുറപ്പിക്കാൻ അനിവാര്യമായ ജയം തേടിയാണ് ക്രൊയേഷ്യ ഇന്ന് ഇറങ്ങിയത്. മൊറോക്കോ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ ബെൽജിയത്തിനും ക്രൊയേഷ്യയ്ക്കും ഒരുപോലെ പ്രധാനമായിരുന്നു ഈ മത്സരം. ഇന്നു ജയിച്ചതോടെ ക്രൊയേഷ്യക്ക് അടുത്ത കളിയിൽ ആത്മവിശ്വാസത്തോടെ ബെൽജിയത്തെ നേരിടാം. ഇല്ലെങ്കിൽ അടുത്ത മത്സരത്തിലെ ജയവും കണക്കിലെ കണികളെയുമെല്ലാം ആശ്രയിക്കേണ്ടിവരുമായിരുന്നു. ക്രൊയേഷ്യയുടെ ഈ വിജയത്തോടെ ബെല്‍ജിയത്തിന്‍റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മങ്ങി.
ആദ്യ മത്സരത്തിൽ മൊറോക്കയോട് ക്രൊയേഷ്യ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു. എന്നാല്‍ ഈ വിജയത്തോടെ ക്രൊയേഷ്യ നാല് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. മൊറോക്കോക്കും നാല് പോയിന്‍റുണ്ട്. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളില്‍ ക്രൊയേഷ്യ ബെല്‍ജിയത്തെയും കാനഡ മൊറൊക്കോയേയും നേരിടും.
ക്രൊയേഷ്യ ലൈനപ്പ്: ലിവാകോവിച്ച്, ജുറാനോവിച്ച്, ലോവ്‌റെൻ, ഗ്വാർഡിയോൾ, സോസ, മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, ലിവാജ, ക്രമാരിച്ച്, പെരിസിച്ച്.
കാനഡ ലൈനപ്പ്: ബോർജാൻ, ജോൺസ്റ്റൺ, വിറ്റോറിയ, മില്ലർ, ലാർയീ, ഹച്ചിസ്റ്റൺ, യൂസ്റ്റാക്വിയോ, ഡേവീസ്, ബുച്ചനൻ, ലാറിൻ, ഡേവിഡ്.
Summary: FIFA World Cup 2022 Croatia vs Canada Live Updates
Adjust Story Font
16