Quantcast

സെനഗലിനോടും തോറ്റു; ഖത്തർ പുറത്തേക്ക്

മുഹമ്മദ് മുൻതാരിയാണ് ഖത്തറിന്‍റെ ആശ്വാസഗോള്‍ നേടിയത്

MediaOne Logo

Web Desk

  • Updated:

    2022-11-25 15:15:02.0

Published:

25 Nov 2022 1:23 PM GMT

സെനഗലിനോടും തോറ്റു; ഖത്തർ പുറത്തേക്ക്
X

ദോഹ: സെനഗലിനോടും തോറ്റ് ആതിഥേയർ ലോകകപ്പിൽനിന്ന് പുറത്തേക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെനഗൽ ഖത്തറിനെ തകർത്തത്. അനിവാര്യ ജയത്തിനായി ഇറങ്ങിയ സെനഗൽ കളിയിലുടനീളം ആധിപത്യം പുലർത്തിയപ്പോൾ ഉദ്ഘാടന മത്സരത്തിൽനിന്ന് ഏറെ ഭേദപ്പെട്ട പ്രകടനമാണ് ഖത്തർ പുറത്തെടുത്തത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഖത്തർ പ്രതിരോധം തുറന്നുനൽകിയ അവസരം മുതലെടുത്തായിരുന്നു സെനഗലിന്റെ ആദ്യ ഗോൾ. 41-ാം മിനിറ്റിൽ ഖത്തർ പ്രതിരോധത്തിൽ വന്ന പാളിച്ചയിൽനിന്നാണ് ആ ഗോൾ പിറന്നത്. ബോക്‌സിലേക്ക് വന്ന പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ഖത്തർ പ്രതിരോധതാരം ഖൗഖി വഴുതിവീണ സമയം നോക്കി ബോക്‌സിന്റെ മധ്യത്തിൽനിന്ന് ബൗലെ ദിയയുടെ കിടിലൻ ഷോട്ട്. അതിനു മുന്നിൽ ഖത്തർ ഗോൾകീപ്പർ മിഷാൽ ബെർഷാമിന് ഒന്നും ചെയ്യാനായില്ല.

ഹാഫ് ടൈം കഴിഞ്ഞ് കളി പുനരാരംഭിച്ച് മിനിറ്റുകൾക്കകം സെനഗലിന്റെ രണ്ടാം ഗോളും വീണു. ഫമാറാ ദീദിയുവിലൂടെയാണ് സെനഗൽ ലീഡുയർത്തിയത്. ജാകോബ്‌സ് നൽകിയ പാസ് സ്വീകരിച്ച് മനോഹരമായ ഹെഡറിലൂടെ ദീദിയു ഖത്തർ വലയിലാക്കി. ലോകകപ്പ് യോഗ്യതാഘട്ടത്തിൽ സെനഗലിന്റെ ടോപ്‌സ്‌കോറർ കൂടിയാണ് ഫമാറ.

ലീഡുയർത്തിയതോടെ മത്സരത്തിൽ പൂർണ നിയന്ത്രണം സെനഗൽ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഇതിനിടെ 63-ാം മിനിറ്റിൽ അൽമുഇസ് അലിയുടെ മികച്ചൊരു നീക്കം പക്ഷെ സെനഗലിന്റെ സൂപ്പർ കീപ്പർ എഡ്വാർഡ് മെൻഡി മനോഹരമായ സേവിലൂടെ തട്ടിയകറ്റി. ഇതിനുശേഷവും നിരവധി അവസരങ്ങൾ ഖത്തറിനു മുന്നിൽ തുറന്നുവന്നെങ്കിലും മെൻഡി സെനഗലിന്റെ രക്ഷകനായി.

എന്നാൽ, ഖത്തറിന്റെ നിരന്തര ശ്രമങ്ങൾക്ക് 78-ാം മിനിറ്റിൽ ഫലം കണ്ടു. ഇസ്മായീൽ മുഹമ്മദ് നൽകിയ ക്രോസ് ഏറ്റുവാങ്ങിയ മുഹമ്മദ് മുൻതാരി ബോക്‌സിന്റെ മധ്യത്തിൽനിന്ന് മനോഹരമായൊരു ഹെഡറിലൂടെ ഗോൾവലയിലെത്തിച്ചു. ഇത്തവണ മെൻഡിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

എന്നാൽ, അധികം വൈകിയില്ല. 84-ാം മിനിറ്റിൽ സെനഗൽ വീണ്ടും ലീഡുയർത്തി. ബാംബ ദിയങ്ങാണ് ടീമിന് മൂന്നാം ഗോൾ സമ്മാനിച്ചത്. ഇലിമാൻ ദിയാ നൽകിയ അസിസ്റ്റിൽനിന്ന് ദിയങ് ബോക്‌സിന്റെ മധ്യത്തിൽനിന്ന് ഗോൾപോസ്റ്റിന്റെ മധ്യത്തിലേക്കു തൊടുത്ത ഷോട്ട്. ഖത്തറിന്റെ ഗോൾവല നിറച്ചു.

*****

ആദ്യ മത്സരത്തിൽനിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനമാണ് മത്സരത്തിൽ ഖത്തർ പുറത്തെടുത്തത്. എന്നാൽ, സെനഗലിന്റെ കരുത്തിനു മുന്നിൽ അവസാന നിമിഷം വരെ പോരടിച്ചുനിൽക്കാൻ ടീമിനായി.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ സെനഗൽ താരം യൂസുഫ് സബലിയുടെ അസിസ്റ്റിൽ ഇസ്മായീൽ സറിന്റെ ഗോൾനീക്കം വിജയം കണ്ടില്ല. ഒൻപതാം മിനിറ്റിൽ സെനഗലിന്റെ തന്നെ നാംപലീസ് മെൻഡി ബോക്‌സിനു പുറത്തുനിന്ന് ഖത്തർ ഗോൾവല ലക്ഷ്യമാക്കി തൊടുത്ത ഷൂട്ടിനും ലക്ഷ്യം പിഴച്ചു.

14-ാം മിനിറ്റിൽ സെനഗലിന്റെ കാലിദോ കൗലിബാലിയുടെ ഫൗളിൽ ഖത്തറിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഇതിനിടെ ഖത്തറിന്റെ ഇസ്മായീൽ മുഹമ്മദിന് ഫൗൾ ചെയ്തതിന് മഞ്ഞക്കാർഡ് ലഭിച്ചു. 30-ാം മിനിറ്റിൽ സെനഗലിന്റെ ബുലായെ ദിയയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു. ഇഞ്ചുറി ടൈമിലേക്ക് കടക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു സെനഗൽ കാത്തിരുന്ന ഗോൾ ഖത്തർ പ്രതിരോധത്തിലെ വീഴ്ചയിലൂടെ പിറന്നത്.

47-ാം മിനിറ്റിൽ ഖത്തറിന്റെ ഹുമാം അഹ്മദിനും മഞ്ഞക്കാർഡ് ലഭിച്ചു.

Summary: FIFA World Cup 2022: Qatar vs Senegal Updates

TAGS :

Next Story