ടിക്കി ടാക്കക്ക് ബെര്‍ലിന്‍ മതില്‍
ജര്‍മനി സ്പെയിന്‍ പോരാട്ടം സമനിലയില്‍
ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ കരുത്തരുടെ പോരാട്ടം സമനിലയില്‍. ജര്‍മനിയും സ്പെയിനും ഓരോ ഗോള്‍ വീതം നേടി. പകരക്കാരായിറങ്ങിയവര്‍ ഗോള്‍ കണ്ടെത്തിയ മത്സരം അത്യന്തം ആവേശകരമായിരുന്നു. സ്പെയിനായി മൊറാട്ടയും ജര്‍മനിക്കായി ഫുള്‍ക്രഗുമാണ് ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്‍റെ ഒന്നാം പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 62 ാം മിനിറ്റിലായിരുന്നു മൊറാട്ടയുടെ ഗോള്‍ പിറന്നത്..
ഇടതുവിങ്ങില്‍ നിന്ന് ജോഡി ആല്‍ബ നീട്ടി നല്‍കിയ പന്തിനെ മൊറാട്ട അനായാസം ഗോള്‍വലയിലെത്തിക്കുകയായിരുന്നു. ഗോള്‍വീണയുടന്‍ ജര്‍മനി ഉണര്‍ന്ന് കളിച്ചു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഫുള്‍ക്രഗിന്‍റ ഗോള്‍ പിറന്നത്. 83 ാം മിനിറ്റില്‍ മുസിയാലയുടെ കയ്യില്‍ നിന്ന് പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ഫുള്‍ക്രഗ് ഗോളിയെ കാഴ്ചച്ചക്കാരനാക്കി നിര്‍ത്തി ഗോള്‍വല തുളച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ സ്‌പെയിനാണ് കളം നിറഞ്ഞ് കളിച്ചത്. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് നിര്‍ഭാഗ്യത്തിന്‍റെ അകമ്പടിയില്‍ പുറത്തേക്ക് പോയത്.ആറാം മിനിറ്റിൽ ഒൽമോയുടെ വെടിച്ചില്ലു കണക്കിനൊരു ഷോട്ട് മാന്വൽ ന്യൂയർ അവിശ്വസനീയമാം വിധം തട്ടിയകറ്റി. 22ാം മിനിറ്റിൽ ജോഡി ആൽബയുടെ ഒരു ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മിപ്പോയി. പിന്നീട് തുടരെ തുടരെ മുന്നേറ്റങ്ങൾ. ഒന്നാം പകുതിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി അന്‍റോണിയോ റൂഡിഗര്‍ ജര്‍മനിക്കായി വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
ഒന്നാം പകുതിയില്‍ സ്പെയിനിന്‍റെ മുന്നേറ്റങ്ങളായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്ന കാഴ്ചയാണ് കണ്ടത്. തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവേണ്ടി വരുമെന്ന് ഉറപ്പായതിനാല്‍ ഗോള്‍ വീണയുടന്‍ ജര്‍മനി ഉണര്‍ന്നു കളിച്ചു. ആ മുന്നേറ്റങ്ങളാണ് ഒടുവില്‍ ഗോളില്‍ കലാശിച്ചത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജര്‍മനിക്കൊരു സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നേരം പന്ത് കൈവശം വച്ചത് സ്പെയിനായിരുന്നെങ്കിലും കൂടുതല്‍ ഷോട്ട് പായിച്ചത് ജര്‍മനിയായിരുന്നു. 65 ശതമാനവും സ്പെയിനിന്‍റെ കയ്യിലായിരുന്നു പന്ത്. സ്പെയിന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ജര്‍മനി 11 ഷോട്ടുകള്‍ പായിച്ചപ്പോള്‍ സ്പെയിന്‍ ഏഴ് ഷോട്ടുകളാണ് ഉതിര്‍ത്തത്.
സ്പെയിൻ ജർമനി പോര് സമനിലയിലായതോടെ ഗ്രൂപ്പ് ഇയിൽ നിന്നും ഇനി ആർക്കും പ്രീക്വാർട്ടിലെത്താം. സ്പെയിനാണ് നിലവിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ. ജർമനിക്ക് അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.
രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള സ്പെയിനാണ് കാര്യങ്ങൾ ഏറ്റവും എളുപ്പം. അടുത്ത മത്സരം ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്താം. സമനിലയാണ് ഫലമെങ്കിലും പ്രീക്വാർട്ടർ ഉറപ്പ്. കോസ്റ്റാറിക്ക ജർമനിയോട് ജയിച്ചില്ലെങ്കിൽ ഗ്രൂപ്പ് ചാമ്പ്യൻ പട്ടവും ലഭിക്കും. തോറ്റാൽ ജർമനിയുടെ ജയത്തിനായി പ്രാർഥിക്കണം. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ജർമനിക്ക് ജയത്തിൽ കുറഞ്ഞൊന്നും പ്രീക്വാർട്ടർ ടിക്കറ്റ് സമ്മാനിക്കില്ല.
സ്പെയിൻ ജപ്പാൻ മത്സരത്തിൽ ജപ്പാൻ ജയിച്ചാലും ജർമനിയുടെ വഴിമുടങ്ങും. ഫലം സമനിലയെങ്കിൽ ഗോൾ ശരാശരി ഉയർത്തണം. സ്പെയിനെ തോൽപ്പിച്ചാൽ ജപ്പാന് പ്രീക്വാർട്ടറിലെത്താം. സമനിലയെങ്കിൽ കോസ്റ്റാറിക്കയുടെ തോൽവിക്കും ജർമനിയുടെ ഒരു ഗോൾ ജയത്തിനുമായി കാത്തിരിക്കണം. അവസാന മത്സരത്തിൽ ജർമനിയോട് ഏറ്റുമുട്ടുന്ന കോസ്റ്റാറിക്ക ജയിച്ചാൽ പ്രീക്വാർട്ടറിലെത്തും. സമനില ആണെങ്കിൽ കോസ്റ്റാറിക്കയ്ക്ക് അവസാന പതിനാറിലെത്താൻ ജപ്പാൻ സ്പെയിനോട് തോൽക്കേണ്ടിവരും..
ലൈനപ്പ് ഇങ്ങനെ
സ്പെയിന്‍- സിമോണ്‍, കാര്‍വജാല്‍, റോഡ്രി, ലപ്പോര്‍ട്ടേ, ജോര്‍ഡി ആല്‍ബ, ഗാവി,ബുസ്ക്വെറ്റ്സ്,പെഡ്രി,ടോറസ്,അസെന്‍സിയോ,ഒല്‍മോ
ജര്‍മനി- ന്യൂയര്‍, സൂലെ,കെഹ്റര്‍,റുഡിഗര്‍,റൌം, ഗുന്ദോഗന്‍,കിമ്മിച്ച്, ഗൊറഡ്സ്ക, മുസിയാല,മുള്ളര്‍,ഗ്നാബ്റി
Adjust Story Font
16