Quantcast

'എന്റെ സമ്മതമുണ്ടായിരുന്നില്ല'; സ്പാനിഷ് ഫുട്‌ബോളിനെ പിടിച്ചുലച്ച് ചുംബന വിവാദം

ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ടിന്‍റേത് ഒരു സമ്മതവുമില്ലാതെ നടന്ന ലൈംഗിക പ്രവൃത്തിയെന്ന് ലോകകപ്പ് താരം ജെനി ഹെമോസോ

MediaOne Logo

Web Desk

  • Published:

    26 Aug 2023 10:28 AM GMT

എന്റെ സമ്മതമുണ്ടായിരുന്നില്ല; സ്പാനിഷ് ഫുട്‌ബോളിനെ പിടിച്ചുലച്ച് ചുംബന വിവാദം
X

മാഡ്രിഡ്: ഫുട്‌ബോൾ ഫെഡറേഷൻ സ്ഥാനത്തു നിന്ന് പ്രസിഡണ്ട് ലൂയി റുബിയാലെസ് രാജി വച്ചില്ലെങ്കിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കില്ലെന്ന് സ്പാനിഷ് വനിതാ ഫുട്‌ബോളർമാർ. ലോകകപ്പ് സമ്മാനദാനച്ചടങ്ങിൽ സ്‌പെയിൻ താരം ജെനി ഹെമോസോയെ റുബിയാലെസ് ബലമായി ചുംബിച്ച സംഭവത്തിലാണ് ഫുട്‌ബോളർമാരുടെ പ്രതിഷേധം. രാജിക്കായുള്ള സമ്മർദം തുടരുകയാണ് എങ്കിലും റുബിയാലെസിന്‍റെ ഇതുവരെ അതിനു വഴങ്ങിയിട്ടില്ല.

സിഡ്‌നിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന വനിതാ ലോകകപ്പ് ഫൈനലിന് ശേഷമായിരുന്നു വിവാദ ചുംബനം. മെഡൽ സ്വീകരിക്കാനായി വന്ന ഓരോ താരത്തെയും ആലിംഗനം ചെയ്തും കവിളിൽ ചുംബിച്ചുമാണ് റുബിയാലെസ് സ്വീകരിച്ചത്. വേദിയിൽ ജെനി ഹെമോസോ എത്തിയ വേളയിൽ ഇദ്ദേഹം ഇവരുടെ ചുണ്ടിലും ചുംബിക്കുകയായിരുന്നു. സ്‌പെയിനിലെ ലെറ്റിസിയ രാജ്ഞി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

ചുംബനം വിവാദമായതോടെ പരസ്പര സമ്മതത്തോടെയാണ് തന്‍റെ ചെയ്തിയെന്ന വിശദീകരണവുമായി റുബിയാലെസ് രംഗത്തെത്തി. 'അത് സ്വാഭാവികമായി വന്ന ചുംബനമായിരുന്നു. പരസ്പര ധാരണയോടെയും സമ്മതത്തോടെയും ആഹ്ളാദത്തോടെയും ഉള്ളത്. ഉഭയസമ്മതത്തോടെയുള്ള ധൃതചുംബനം എന്നെ ഇവിടെ നിന്ന് പുറത്താക്കാൻ മാത്രമുള്ളതാണോ?' - അദ്ദേഹം ചോദിച്ചു.

എന്നാൽ റുബിയാലെസിന്റെ വാദം സമൂഹമാധ്യമത്തിൽ എഴുതിയ ദീർഘമായ കുറിപ്പിൽ ഹെമോസോ തള്ളി. 'ചുംബനം പരസ്പര സമ്മതത്തോടെ ആയിരുന്നു എന്ന ഫെഡറേഷൻ പ്രസിഡണ്ടിന്റെ വാദം ശരിയല്ല. അതുമായി ബന്ധപ്പെട്ട് ഞങ്ങൾ തമ്മിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ല. ഒരു കായിക ഇനത്തിലോ ഒരു സാമൂഹിക വ്യവസ്ഥയിലോ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾക്ക് ഒരാൾ ഇരയാകാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ ഇക്കാര്യത്തിൽ മുമ്പോട്ടുവരുന്നത്. ഒരു സമ്മതവുമില്ലാതെ നടന്ന ലൈംഗിക പ്രവൃത്തിയാണിത്. ലളിതമായി പറഞ്ഞാൽ എനിക്ക് ബഹുമാനം കിട്ടിയില്ല.' - അവർ പറഞ്ഞു. റുബിയാലെസിനെ തള്ളിപ്പറയാതിരിക്കാൻ ഫെഡറേഷന്റെ ഭാഗത്തു നിന്ന് സമ്മർദമുണ്ടായെന്നും അവർ തുറന്നടിച്ചു.



സംഭവം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇംഗ്ലണ്ട് വനിതാ താരങ്ങളും പ്രസ്താവനയിൽ വ്യക്തമാക്കി. 'ജെനി ഹെമോസോ, ഞങ്ങൾ നിനക്കൊപ്പമുണ്ട്' എന്നു പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്. സ്‌പെയിനിലെ വനിതാ ലീഗായ ലി എഫ് റുബിയാലെസിനെ പുറത്താക്കാൻ ആവശ്യപ്പെട്ട് നാഷണൽ സ്‌പോട്‌സ് കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്.

വിഷയത്തിൽ ഫിഫയും അച്ചടക്ക നടപടികൾ ആരംഭിച്ചു. പ്രവൃത്തി പെരുമാറ്റച്ചട്ടത്തിലെ വകുപ്പ് 13 ന്റെ ലംഘനമാണോ എന്നാണ് അച്ചടക്ക സമിതി പരിശോധിക്കുന്നത്.

ഫൈനലിൽ ഇംഗ്ലണ്ടിനെ ഏക ഗോളിന് കീഴടക്കിയാണ് സ്‌പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടത്. 29-ാം മിനിറ്റിൽ ഓൾഗ കമോണയാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്. ചരിത്രത്തിൽ ആദ്യമായാണ് സ്‌പെയിൻ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.




TAGS :

Next Story