ഫൈനലിൽ അർജൻറീനക്കെതിരെ ഫ്രഞ്ച്പട; മൊറോക്കോയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടുഗോളിന്
പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ ആദ്യം കീഴ്‌പ്പെടുത്തിയത്
ദോഹ: ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസ് ഫൈനലിൽ. ഇതോടെ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജൻറീന ഫ്രാൻസിനെ നേരിടും. പ്രതിരോധ താരം തിയോ ഫെർണാണ്ടസും സ്‌ട്രൈക്കർ രണ്ടൽ കോലോ മുവാനിയുമാണ് ഫ്രഞ്ച് പടക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ മൊറോക്കൻ കോട്ടയിൽ ഹെർണാണ്ടസ് വെടിപെട്ടിക്കുകയായിരുന്നു. പിന്നീട് 79ാം മിനുട്ടിലാണ് മുവാനി ഗോളടിച്ചത്. എംബാപ്പെയുടെ അസിസ്റ്റിലായിരുന്നു മുവാനിയുടെ ആദ്യ അന്താരാഷ്ട്രാ ഗോൾനേട്ടം.
ഇന്നത്തെ വിജയത്തോടെ തുടർച്ചയായ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകളിലൊന്നായി ഫ്രാൻസ് മാറി. 2002ൽ ബ്രസീലും 1990ൽ ജർമനിയും ഇത്തരത്തിൽ ഫൈനലിലെത്തിയിരുന്നു. നാലാം വട്ടമാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് 1998, 2006, 2018 ലോകകപ്പുകളിലും ടീം ഫൈനലിലെത്തിയിരുന്നു. ഇന്നത്തെ വിജയത്തോടെ ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ അപരാജിത കുതിപ്പിനാണ് ഫ്രാൻസ് കടിഞ്ഞാണിട്ടത്. ഇതുവരെയായി മൂന്നു വിജയവും മൂന്നു സമനിലയുമാണ് ലോകകപ്പിൽ മെറോക്കോ നേടിയത്.
ആദ്യ ഗോളിന് വഴിയൊരുക്കിയത് ഗ്രീസ്മാനും എംബാപ്പെയുമായിരുന്നു. അൽയാമിഖിനെ മറികടന്ന് ഗ്രീസ്മാൻ നൽകിയ പന്ത് എംബാപ്പെ ഗോൾപോസ്റ്റിലേക്ക് രണ്ടു അടിച്ചുവെങ്കിലും തടയപ്പെട്ടു. എന്നാൽ തിരിച്ചുവന്ന പന്ത് സ്വീകരിച്ച് ഹെർണാണണ്ടസ് തൊടുത്ത അക്രോബാറ്റിക് ഷോട്ട് ബൂനോയെ കീഴപ്പെടുത്തി വലയിൽ കയറുകയായിരുന്നു.15ാം മിനുട്ടിൽ മൊറോക്കോ കൗണ്ടർ അറ്റാക്കുമായി മുന്നേറിയെങ്കിലും സിയെച്ചിന്റെ ഷോട്ട് ഗോൾ കിക്കായി ഒടുങ്ങി. ഈ നീക്കം അവസാനിച്ചയുടൻ ഫ്രാൻസ് നടത്തിയ നീക്കത്തിനൊടുവിൽ ജിറൗദിന്റെ ഷോട്ട് മൊറോക്കൻ പോസ്റ്റിൽ തട്ടി പുറത്ത്പോയി.
അതിനിടെ, മത്സരത്തിന്റെ 20ാം മിനുട്ടിൽ മൊറോക്കോ റൊമൈൻ സായിസിനെ തിരിച്ചുവിളിച്ചു. സാലിം അമല്ലാഹാണ് പകരമിറങ്ങിയത്. മത്സരത്തിന് മുമ്പേ താരം കളിക്കുന്നത് സംശയത്തിലായിരുന്നു. 35ാം മിനുട്ടിൽ ആദ്യം എംബാപ്പെയും പിന്നീട് ജിറൗദും മികച്ച ഗോളവസരങ്ങൾ പാഴാക്കി. എംബാപ്പെയെ ഹകീമി തടയുകയായിരുന്നുവെങ്കിൽ ജിറൗദ് പോസ്റ്റിന് പുറത്തേക്കാണ് അടിച്ചത്.
43ാം മിനുട്ടിൽ മൊറോക്കോക്ക് ലഭിച്ച ആദ്യ കോർണറിൽ ഗോളായെന്ന് ഉറച്ച മട്ടിലൊരു ഷോട്ട് പിറന്നു. ഹകീമിയെടുത്ത കിക്കിൽ നിന്ന് യാമിഖ് കിടിലൻ അക്രോബാറ്റിക് ഷോട്ട് തൊടുത്തുവെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. പന്ത് വീണ്ടും മൊറോക്കൻ താരങ്ങളുടെ കാലിലെത്തി. പക്ഷേ ഒടുവിൽ ഷോട്ടെടുത്ത ബൗഫലിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. വീണ്ടും ഒരു കോർണർ കൂടി മൊറോക്കൻ ടീമിന് ലഭിച്ചെങ്കിലും ലോറിസിന്റെ കൈകളിലൊതുങ്ങി.
അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ഫ്രാൻസ് ലൈനപ്പ്
ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ട, ഹെർണാണ്ടസ്, ഗ്രീസ്മാൻ, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്. കോച്ച്: ദെഷാംപ്‌സ്.
മൊറോക്കോ ലൈനപ്പ്
ബോനോ, ഹകീമി, അഗ്വേർഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അൽ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാൽ. കോച്ച്: വലീദ് റെഗ്രാഗി
ഇതുവരെ ഒരു മത്സരത്തിലും മൊറോക്കോയോട് ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നുവട്ടം വിജയിച്ചു. രണ്ടുവട്ടം സമനിലയിലുമായി. ഏറ്റവും സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയത് 2007 നവംബറിലാണ്. സെയ്ൻറ് ഡെനിസിൽ നടന്ന മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.
Adjust Story Font
16