Quantcast

യൂറോ കപ്പിലേക്ക് ജർമ്മനിയുടെ സൂപ്പർ സ്‌ട്രോക്ക്; മധ്യനിരയിലേക്ക് ടോണി ക്രൂസ് മടങ്ങിയെത്തുമ്പോൾ

അവസാനം കളിച്ച മൂന്ന് സൗഹൃദ മത്സരങ്ങളിലും മുൻ ചാമ്പ്യൻമാർക്ക് വിജയിക്കാനായില്ല

MediaOne Logo

Sports Desk

  • Published:

    23 Feb 2024 6:58 AM GMT

യൂറോ കപ്പിലേക്ക് ജർമ്മനിയുടെ സൂപ്പർ സ്‌ട്രോക്ക്; മധ്യനിരയിലേക്ക് ടോണി ക്രൂസ് മടങ്ങിയെത്തുമ്പോൾ
X

ബെർലിൻ: സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ജർമ്മനിക്ക് അതീവ പ്രാധാന്യമുള്ളതാണ്. സമീപകാലത്തെ മോശം ഫോമും കിരീട വരൾച്ചയും മറികടക്കാൻ ടീമിന് മുന്നിലുള്ള സുവർണാവസരമാണ് ജൂണിൽ നടക്കുന്ന വൻ കരാ പോരാട്ടം. ഇതിലേക്കായി മികച്ച ടീം പടുത്തുയർത്തുകയാണ് ജർമ്മൻ മാനേജ്‌മെന്റ്. ഇതിന്റെ ആദ്യ പടിയായാണ് മൂന്ന് വർഷം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച ടോണി ക്രൂസിനെ മടക്കി കൊണ്ടുവരൽ. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്റെ അഭ്യർത്ഥനയെ തുടർന്നാണ് താരം വീണ്ടും ജർമ്മൻ കുപ്പായമണിയുന്നത്. പ്രധാന ടൂർണമെന്റിന് മുൻപ് വിരമിച്ച താരങ്ങളെ മടക്കികൊണ്ടുവരുന്നത് ഫുട്‌ബോളിൽ സാധാരണമാണെങ്കിലും താര സമ്പന്നമായ ജർമ്മൻ സ്‌ക്വാഡിലേക്ക് 34 കാരനെ തിരിച്ചു വിളിക്കുന്നത് അപ്രതീക്ഷിതമായി. നിലവിൽ റയൽമാഡ്രിഡിനായി ഗോളടിച്ചും അവസരമൊരുക്കിയും മികച്ച പ്രകടനമാണ് ക്രൂസ് നടത്തുന്നത്.

'മാർച്ച് മുതൽ ഞാൻ വീണ്ടും ജർമ്മനിക്ക് വേണ്ടി കളത്തിലിറങ്ങും. ദേശീയ ടീം കോച്ച് എന്നോട് ആവശ്യപ്പെട്ടു. ഞാൻ അതിനുള്ള മാനസികാവസ്ഥയിലാണ്, എനിക്ക് ഉറപ്പുണ്ട്, യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു'- ടോണി ക്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2021ലാണ് ജർമ്മൻ മധ്യനിരയുടെ എഞ്ചിനായിരുന്ന ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിട പറഞ്ഞത്. 2021 യൂറോ കപ്പിൽ ജർമ്മനിയുടെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയായിരുന്നു കടുത്ത തീരുമാനം. എന്നാൽ സ്പാനിഷ് ക്ലബിൽ കളി തുടരുകയും ചെയ്തു. കഴിഞ്ഞ ഖത്തർ ലോകകപ്പിലും യുവേഫ നാഷൻസ് ലീഗിലും മോശം പ്രകടനം നടത്തിയ മുൻ ലോക ചാമ്പ്യൻമാർ യൂറോ കപ്പിലൂടെ മികച്ചൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

അവസാനം ഓസ്ട്രിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജർമ്മനി തോൽവി വഴങ്ങിയിരുന്നു. മികച്ച താര നിരയുണ്ടായിട്ടും തുടരെ പരാജയപ്പെടുന്നത് യൂറോകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ടീം മാനേജ്‌മെന്റിനേയും ആശങ്കപ്പെടുത്തുന്നു. ഇതോടെയാണ് ജോഷ്യോ കിമ്മിച്ച്- ഇൽകായ് ഗുണ്ടോഗൻ എന്നിവർക്കൊപ്പം മധ്യ നിരയിലേക്ക് പരിചയസമ്പന്നനായ ക്രൂസിനെ കൂടി എത്തിക്കുന്നത്. ജർമനിയുടെ വൻവിജയങ്ങളുടെ പട്ടികയിലെല്ലാം മിഡ്ഫീൽഡിലെ മികവുണ്ട്. എതിരാളികൾക്ക് മേൽ ആധിപത്യം പുലർത്തി ഗോളടിച്ച് കൂട്ടുന്ന സ്ഥിരം ശൈലിയിലേക്ക് മടങ്ങിവരാനാണ് ജൂലിയൻ നഗ്ലസ്മാന് നൽകിയ നിർദേശം. യൂറോകപ്പിന് മുൻപായി മാർച്ച് 14ന് ഫ്രാൻസിനെ ജർമ്മനി നേരിടും. ഇതാകും ക്രൂസിന്റെ തിരിച്ചുവരവ് മത്സരം.

നിർണായക ഘട്ടങ്ങളിൽ സെറ്റ്പീസിലൂടെ ഗോൾനേടാനുള്ള മിടുക്കും എതിരാളികളെ കീറിമുറിച്ച് പാസ് നൽകാനുള്ള കഴിവും റയൽ താരത്തെ വ്യത്യസ്തനാക്കുന്നു. കരുത്തരായ ടീമിനെതിരെ യൂറോപ്പിന്റെ ആധിപത്യത്തിനായി മത്സരിക്കുമ്പോൾ മിഡ്ഫീൽഡിൽ കളിമെനയാൻ ഈ താരത്തോളം മികച്ചൊരു യുവതാരമില്ലെന്നതും ദേശീയടീമിലേക്കുള്ള കംബാകിന് കാരണമായി. ജർമ്മനിക്കായി 106 മത്സരങ്ങളിലാണ് താരം ബൂട്ടണിഞ്ഞത്. 17 ഗോളുകളും 18 അസിസ്റ്റുകളുമാണ് സമ്പാദ്യം.

TAGS :

Next Story